കൊച്ചി: ഞായറാഴ്ച ചേര്‍ന്ന ബി.ജെ.പി കോര്‍ കമ്മറ്റി യോഗത്തിലും സംസ്ഥാന അധ്യക്ഷന്റെ കാര്യത്തില്‍ സമവായമായില്ല. ഇതോടെ കേന്ദ്ര നേതൃത്വം ഇടപെട്ട് അധ്യക്ഷനെ തീരുമാനിക്കാനുള്ള സാധ്യത ശക്തമായി.

വിഷയത്തില്‍ ആര്‍.എസ്.എസിന്റെ അഭിപ്രായം കൂടി കേന്ദ്ര നേതൃത്വം ആരായുമെന്ന് ദേശീയ സംഘടനാകാര്യ സെക്രട്ടറി ബി.എല്‍ സന്തോഷ് അറിയിച്ചു. കെ. സുരേന്ദ്രന്‍, എം.ടി. രമേശ്, ശോഭ സുരേന്ദ്രന്‍ തുടങ്ങിയവരുടെ പേരുകളാണ് ഇന്നു ചേര്‍ന്ന യോഗത്തില്‍ ഉയര്‍ന്നുവന്നത്.  

കേരളത്തിലെ ബി.ജെ.പിക്ക് കഴിഞ്ഞ ഒന്നേകാല്‍മാസമായി അധ്യക്ഷനില്ലാത്ത അവസ്ഥയാണ്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര നേതൃത്വം ഇടപെട്ടതും കോര്‍ കമ്മിറ്റി യോഗം വിളിച്ചതും. ഗ്രൂപ്പുകള്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിച്ചതാണ് അധ്യക്ഷ തിരഞ്ഞെടുപ്പ് വൈകുന്നതിന് കാരണമായത്.

സുരേന്ദ്രനെ അധ്യക്ഷനാക്കണമെന്ന നിലപാടാണ് മുരളീധരപക്ഷം സ്വീകരിച്ചിരിക്കുന്നത്. എം.ടി. രമേശിന്റെ പേരാണ് കൃഷ്ണദാസ് പക്ഷം മുന്നോട്ടുവെക്കുന്നത്. എ.എന്‍ രാധാകൃഷ്ണന്റെ പേരും ഈ പക്ഷം നിര്‍ദേശിക്കുന്നുണ്ട്. ഒ.രാജഗോപാല്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ശോഭ സുരേന്ദ്രന്റെ പേരും മുന്നോട്ടുവെക്കുന്നു.

ഡിസംബര്‍ പതിനഞ്ചോടെ സംസ്ഥാന അധ്യക്ഷനെ കണ്ടെത്തുമെന്നാണ് നേരത്തെ കേന്ദ്രനേതൃത്വം അറിയിച്ചിരുന്നത്. എന്നാല്‍ സമവായമുണ്ടാകാത്ത സാഹചര്യത്തില്‍ കേന്ദ്രനേതൃത്വം ഒരു സംഘത്തെ കൂടി സംസ്ഥാനത്തേക്ക് അയക്കും. ജി.വി.എല്‍ നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള സംഘമാകും എത്തുക.

ഈ സംഘം സംസ്ഥാന നേതാക്കളെ ഓരോരുത്തരെയും കണ്ട് അഭിപ്രായം ആരായും. ആര്‍.എസ്.എസിന്റെ അഭിപ്രായവും ആരായും. ഡിസംബര്‍ അവസാനത്തോടെയോ ജനുവരി ആദ്യമോ ആകും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ കാര്യത്തില്‍ തീരുമാനമാകുക.

content highlights: no consensus yet on bjp state president post