Pinarayi Vijayan | Photo: Mathrubhumi
കണ്ണൂര്‍: ആരെയും വഴി തടയാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കറുത്ത വസ്ത്രത്തിനും മാസ്കിനും വിലക്കില്ല. ഇഷ്ടമുള്ള വേഷം, ഇഷ്ട നിറത്തില്‍ ധരിക്കാം. വഴി തടയുന്നു എന്ന് ഒരുകൂട്ടര്‍ വ്യാജപ്രചാരണം നടത്തുന്നു. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജ പ്രചരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധം രൂക്ഷമാകുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
വഴി നടക്കാനുള്ള അവകാശം എല്ലാ അര്‍ത്ഥത്തിലും നേടിയെടുത്തതാണ് നമ്മുടെ നാട്. ഇവിടെ വഴി തടയുന്നുവെന്ന് ഒരു കൂട്ടര് കൊടുമ്പിരികൊണ്ട പ്രചരണം നടത്തുകയാണ്. ഈ നാട്ടില്‍ വഴി നടക്കാനുള്ള സാഹചര്യം ഒരു കൂട്ടര്‍ക്കും നിഷേധിക്കുന്ന സാഹചര്യം ഒരുകാരണവശാലുമുണ്ടാകില്ല. പഴയ ചിന്താഗതിയോടെ സമൂഹത്തില്‍ ഇടപെടുന്ന ചില ശക്തികള്‍ ചിലതൊക്കെ ആഗ്രഹിക്കുന്നുണ്ടാകാം. പക്ഷേ, പ്രബുദ്ധ കേരളം അതൊന്നും സമ്മതിക്കുന്നതല്ല.
ഒരു പ്രത്യേക നിറത്തിലുള്ള വസ്ത്രം ധരിക്കാന്‍ പറ്റില്ലെന്നാണ് കുറച്ചു ദിവസമായി കൊടുമ്പിരിക്കൊണ്ട മറ്റൊരു പ്രചാരണം. കറുത്ത നിറത്തിലുള്ള മാസ്ക് പറ്റില്ല, കറുത്ത വസ്ത്രം പറ്റില്ല എന്നതാണ് പ്രചാരണം. കേരളത്തില്‍ ഏതൊരാള്‍ക്കും ഇഷ്ടമുള്ള നിറത്തിലുള്ള വസ്ത്രം ധരിക്കാന്‍ അവകാശമുണ്ട്. ഇഷ്ടമുള്ള രീതിയില്‍ വസ്ത്രം ധരിക്കാന്‍ വേണ്ടി വലിയ പ്രക്ഷോഭങ്ങള്‍ നടന്ന നാടാണ് ഇത്. ഇവിടെ ഏതെങ്കിലും തരത്തില്‍ ആ അവകാശം ഹനിക്കുന്ന പ്രശ്നമേയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചില ശക്തികള്‍ എത്രമാത്രം തെറ്റിധാരണപരമായാണ് നിക്ഷിപ്ത താല്പര്യത്തോടെ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നത് നാം മനസിലാക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന്റെ ഭാഗമായാണ് കറുത്ത ഷര്‍ട്ടും വസ്ത്രവും മാസ്കും പാടില്ല എന്ന് കേരളത്തിലെ സര്‍ക്കാര്‍ നിലപാട് എടുത്തിരിക്കുന്നു എന്ന പ്രചരണം വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..