എം ശിവശങ്കർ, എൻ.എൻ കൃഷ്ണദാസ്, ഫോട്ടോ: മാതൃഭൂമി
കൊച്ചി: ശിവശങ്കര്‍ അറസ്റ്റിലായതിന് പിന്നാലെ സിവില്‍സര്‍വീസ് പരിശീലന കേന്ദ്രമായ മസൂറി ഇന്‍സ്റ്റിറ്റ്യൂട്ടിനെ പഴിചാരി സിപിഎം നേതാവ് എന്‍.എന്‍ കൃഷ്ണദാസ്. ശിവശങ്കറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രതികരണം തേടിയപ്പോഴാണ് കൃഷ്ണദാസ് ആരോപണം ഉന്നയിച്ചത്. കൊള്ളരുതായ്മകള്‍ ചെയ്യാനാണോ മസൂറിയില്‍ പരിശീലനം നല്‍കുന്നതെന്നും കള്ളപ്പണം വെളുപ്പിക്കുന്നതില്‍ ഇടപെടാന്‍പാടില്ലെന്ന് പോലും അവരെ പരിശീലിപ്പിക്കുന്നില്ലെങ്കില്‍ ആ ഇന്‍സ്റ്റിട്യൂറ്റ് പിരിച്ചുവിടട്ടെയെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.
ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസിലെ ഒരു ഉദ്യോഗസ്ഥനാണ് അദ്ദേഹം. മസൂറിയില്‍ കള്ളപ്പണം വെളുപ്പിക്കാനൊക്കെയാണോ പരിശീലിപ്പിച്ച് വിടുന്നത്. അദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ കോടതിയില്‍ അദ്ദേഹം നിരപരാദിത്വം തെളിയിച്ചോട്ടെ.
മുഖ്യമന്ത്രിയുടെ ഓഫീസ് കഴിഞ്ഞ നാലര വര്‍ഷം കൈകാര്യം ചെയ്ത ഉദ്യോഗസ്ഥനാണ് അറസ്റ്റിലായതെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹം ഐഎഎസ് സീനിയര്‍ ഓഫീസര്‍ ആയതുകൊണ്ട് മാത്രമാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയോഗിക്കപ്പെട്ടതെന്ന് കൃഷ്ണദാസ് പ്രതികരിച്ചു. അദ്ദേഹത്തെ സസ്പെന്റ് ചെയ്തപ്പോള്‍ വേറെ ഐഎഎസ് ഉദ്യോഗസ്ഥരെ തന്നെയാണ് നിയമിച്ചതും. ഐഎഎസ് ഉദ്യോഗസ്ഥര്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് അവരാണ് നിശ്ചയിക്കേണ്ടതെന്നും അതിന്റെ ഉത്തരവാദിത്വം തങ്ങള്‍ ഏറ്റെടുക്കില്ലെന്നും കൃഷ്ണദാസ് പറഞ്ഞു.
ഇന്ത്യന്‍ അഡ്മിനിട്രേറ്റീവ് സര്‍വീസ് പ്രധാനമന്ത്രിയുടെ കീഴിലുള്ള പേഴ്സണല്‍ മന്ത്രാലയം നിയന്ത്രിക്കുന്നതാണ്. മസൂറിയില്‍ നിന്നാണ് ട്രെയിനിങ്ങ് കൊടുക്കുന്നത്. കള്ളപ്പണം വെളുപ്പിക്കുന്നതില്‍ ഇടപെടാന്‍പാടില്ലെന്ന് പോലും അവരെ പരിശീലിപ്പിക്കുന്നില്ലെങ്കില്‍ ആ ഇന്‍സ്റ്റിട്യൂറ്റ് പിരിച്ചുവിടട്ടെ കൃഷ്ണദാസ് പറഞ്ഞു.
Content Highlight: NN Krishnadas' response to Shivashankar's arrest
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..