തിരുവനന്തപുരം: തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥി കൃഷ്ണകുമാര്‍ പാര്‍ട്ടിയ്‌ക്കെതിരെ രംഗത്ത്. പാര്‍ട്ടി വോട്ടുകള്‍ തനിക്ക് ലഭിച്ചില്ലെന്നും മണ്ഡലത്തിലെ വിജയ സാധ്യത ബി.ജെ.പി. നേതൃത്വം ഒട്ടും ഉപയോഗിച്ചില്ലെന്നും കൃഷ്ണ കുമാര്‍ ആരോപിച്ചു. മാതൃഭൂമി ന്യൂസിന് നല്‍കി പ്രതികരണത്തിലാണ് അദ്ദേഹം പാര്‍ട്ടിയ്‌ക്കെതിരെ തുറന്നടിച്ചത്. 

കേന്ദ്ര നേതാക്കള്‍ മണ്ഡലത്തിലേക്ക് എത്താത്തതിന്റെ കാരണം ജില്ലാ നേതൃത്വത്തിന്റെ വീഴ്ചയാണ്.  സര്‍വ്വേ ഫലങ്ങള്‍ തനിക്ക് വിജയസാധ്യത പ്രവചിച്ചപ്പോള്‍ കുറച്ചുകൂടി ഉണര്‍ന്ന് പ്രവര്‍ത്തിക്കണമായിരുന്നു. ഒരു കലാകാരന്‍ ആയതുകൊണ്ടുതന്നെ വ്യക്തിപരമായ വോട്ടുകള്‍ ധാരാളം ഉണ്ടാകും. അതിന്റെ കൂടെ പാര്‍ട്ടി വോട്ടുകള്‍ കൂടെ ഉണ്ടായിരുന്നെങ്കില്‍ വിജയ സാധ്യത ഉറപ്പായിരുന്നു. 2019-മായി താരതമ്യം ചെയ്യുമ്പോള്‍ വോട്ടുകള്‍ കുറഞ്ഞു.

സമീപമണ്ഡലങ്ങളില്‍ ദേശീയ നേതാക്കള്‍ പ്രചാരണത്തിനെത്തി. മണ്ഡലത്തിനകത്താണ് വിമാനത്താവളം.  ദേശീയ നേതാക്കന്‍മാര്‍ എല്ലാവരും ഈ വിമാനത്താവളത്തിലൂടെയാണ്‌ വരുന്നതും പോകുന്നതും. എന്നിട്ടും തന്റെ മണ്ഡലത്തില്‍ ആരും പ്രചാരണത്തിന് വന്നില്ല. ഇത് ജില്ലാ നേതൃത്വത്തിന്റെ വീഴ്ചയാണ്. 

പാര്‍ട്ടി അവസരം തന്നാല്‍ ഇനിയും ഇതേ മണ്ഡലത്തില്‍ തന്നെ മത്സരിക്കുമെന്നും കൃഷ്ണകുമാര്‍  പറഞ്ഞു.

Content Highlight: Niyamasabha Election result; Krishnakumar against BJP district leaders