2015 കേരള നിയമസഭയിൽ നിന്നുള്ള ദൃശ്യം| ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളി കേസിൽ മന്ത്രിമാർ ഉൾപ്പെടെയുള്ള പ്രതികൾ ഒക്ടോബർ 28ന് ഹാജരാകണമെന്ന് കോടതിയുടെ കർശന നിർദേശം. വ്യാഴാഴ്ച കേസ് പരിഗണിക്കവേ തിരുവനന്തപുരം സി.ജെ.എം കോടതിയാണ് പ്രതികൾക്ക് കർശന നിർദേശം നൽകിയത്.
മന്ത്രിമാരായ ഇ.പി ജയരാജൻ, കെ.ടി ജലീൽ ഉൾപ്പെടെയുള്ള ആറ് പ്രതികളാണ് കേസിലുള്ളത്. എല്ലാ പ്രതികളോടും ഇന്ന് ഹാജരാകാനായിരുന്നു കോടതി നിർദേശിച്ചത്. എന്നാൽ ആറ് പേരും ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കോടതി നിലപാട് കടുപ്പിച്ചത്.
രണ്ട് മന്ത്രിമാർ അസുഖ ബാധിതരായതിനാൽ ഒന്നിച്ച് ഹാജരാകാൻ സാധിക്കില്ലെന്നാണ് പ്രതികൾ കോടതിയെ അറിയിച്ചത്. ഇതോടെ ഒക്ടോബർ 28ന് ആറ് പ്രതികളും ഒന്നിച്ച് ഹാജരാകണമെന്ന് കോടതി നിർദേശിക്കുകയായിരുന്നു. അന്നുതന്നെ കേസുമായി ബന്ധപ്പെട്ട കുറ്റപത്രം പ്രതികളെ വായിച്ച് കേൾപ്പിക്കുമെന്നും കോടതി അറിയിച്ചു.
കേസിൽ സി.പി.എം നേതാവ് വി. ശിവൻകുട്ടി, കുഞ്ഞഹമ്മദ്, സി.കെ സദാശിവൻ, കെ. അജിത് എന്നീ നാല് പ്രതികൾ നേരത്തെ ജാമ്യം എടുത്തിരുന്നു. എന്നാൽ മാന്ത്രിമാരായ ഇ.പി ജയരാജനും കെ.ടി ജലീലും ജാമ്യം എടുത്തിട്ടില്ല.
2015 മാർച്ച് 13ന് അന്ന് ധനമന്ത്രിയായിരുന്ന കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ ഇത് തടസ്സപ്പെടുത്താനായി ഇടത് എം.എൽ.എമാർ സഭയിൽ നടത്തിയ കയ്യാങ്കളിയാണ് കേസിന് ആധാരം.
സംഘർഷത്തിന്റെ ഫലമായി രണ്ടു ലക്ഷത്തോളം രൂപയുടെ നാശനഷ്ടങ്ങൾ സഭയ്ക്കുള്ളിൽ ഉണ്ടായിരുന്നു.
content highlights: niyamasabha conflict case, defendants must appear on 28th says court
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..