കോഴിക്കോട്: നാട് നടുങ്ങിയ നിപാ കാലത്ത് കയ്യറപ്പില്ലാതെ രോഗികളുടെ മാലിന്യം പേറിയിരുന്ന തൂപ്പുകാരെ അത്ര പെട്ടെന്ന് മറന്നിട്ടുണ്ടാവില്ല കോഴിക്കോട്ടുകാര്‍. മെഡിക്കല്‍ കോളേജെന്ന് കേള്‍ക്കുമ്പോള്‍ ഭയന്ന് വിറച്ച നാളുകളില്‍ സര്‍ക്കാരിനും ആശുപത്രി അധികൃതര്‍ക്കും ഇവര്‍ പ്രിയപ്പെട്ടവരായിരുന്നു. നിപ പടര്‍ന്ന് പിടിക്കുന്നതിനിടയിലും സ്വജീവന്‍ പണയം വെച്ച് ജോലി ചെയ്ത ഇവര്‍ക്ക് സ്ഥിരം ജോലിയെന്ന വാഗ്ദാനവും അന്ന് സര്‍ക്കാര്‍ നല്‍കിയിരുന്നു. പക്ഷെ നാട് നിപയെ അതിജീവിച്ച് ഒരു വര്‍ഷം തികയുമ്പോഴും ആ വാക്ക് പാഴ്‌വാക്കായി നില നില്‍കുന്നു. ഇന്ന് ജീവിക്കാനായി തെരുവില്‍ വീണ്ടും സമരത്തിലിരിക്കുകയാണ് ഈ തൊഴിലാളികള്‍. 

പല കാരണങ്ങള്‍ പറഞ്ഞ് വാഗ്ദാനം ചെയ്ത ജോലിയില്‍ നിന്ന് അധികൃതര്‍ ഇവരെ  അകറ്റി നിര്‍ത്തിയപ്പോള്‍ ഈ വര്‍ഷം ആദ്യം 42 പേര്‍ സമരവുമായി ഇറങ്ങിയിരുന്നു. പക്ഷെ ജോലി നല്‍കാമെന്ന വാഗ്ദാനം വീണ്ടും നല്‍കി സമരം അവസാനിപ്പിച്ചു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലിക്ക് തിരിച്ചെടുക്കാതായതോടെ നിരാഹാര സമരവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ഈ തൊഴിലാളികള്‍. മാലിന്യവുമായി സ്‌ട്രെക്ച്ചറില്‍ പോവുന്ന തൊഴിലാളികളുടെ മാതൃഭൂമി പ്രസിദ്ധീകരിച്ച ചിത്രം അന്ന് രോഗത്തിന്റെ തീവ്രത എത്രത്തോളമുണ്ടായിരുന്നുവെന്നതിന്റെ യഥാര്‍ഥ നേര്‍ക്കാഴ്ചയായിരുന്നു. ഈ ചിത്രത്തില്‍ ഉള്‍പ്പെട്ട ഇ.പി രജീഷ് അടക്കമുള്ളവരാണ് തിങ്കളാഴ്ച മുതല്‍ വീണ്ടും സമരം തുടങ്ങിയിരിക്കുന്നത്. രജീഷാണ് ആദ്യ ഘട്ടത്തില്‍ നിരാഹാരമിരിക്കുന്നത്.

nipa waste carriers
 
നിപാകാലത്ത് ജോലി ചെയ്തവര്‍ക്ക് സ്ഥിര നിയമനം നല്‍കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ തന്നെയായിരുന്നു ഇവര്‍ക്കന്ന് വാഗ്ദാനം നല്‍കിയത്. അതനുസരിച്ച് ലിസ്റ്റ് നല്‍കാന്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അധികൃതരോടും ആവശ്യപ്പെട്ടു. പക്ഷെ ആശുപത്രി അധികൃതര്‍ അന്ന് ജോലിക്കെത്താത്ത ആളുകളെ പോലും ലിസ്റ്റില്‍ തിരുകി കയറ്റിയപ്പോള്‍ തങ്ങള്‍ പുറത്തായെന്ന് സമരക്കാര്‍ പറയുന്നു. 

ആദ്യ ഘട്ടത്തില്‍ സമരം തുടങ്ങിയപ്പോള്‍ താല്‍ക്കാലിക ഒഴിവുകള്‍ വരുമ്പോള്‍ പരിഗണിക്കാം എന്ന ഉറപ്പിലായിരുന്നു അന്ന് സമരം അവസാനിപ്പിച്ചത്. പക്ഷെ എല്ലാവരും നിപ വാര്‍ഡില്‍ ജോലി ചെയ്തിരുന്നില്ല എന്ന പുതിയ കാരണം കണ്ടെത്തി തങ്ങള്‍ക്ക് ജോലി നിഷേധിച്ചിരിക്കുകയാണെന്നും സര്‍ക്കാരും അധികൃതരും തങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്നും നിരാഹരത്തിലിരിക്കുന്ന രജീഷ് പറയുന്നു. മെയ് 31 വരെ മാത്രമേ ജോലി ചെയ്തിരുന്നുള്ളൂവെന്ന തെറ്റായ റിപ്പോര്‍ട്ടാണ് ആശുപത്രി അധികൃതര്‍ സര്‍ക്കാരിന് നല്‍കിയത്. എന്നാല്‍ ജൂണ്‍ 13 വരെ നിപ രോഗിയെ താന്‍ പരിചരിച്ചുണ്ട്. പക്ഷെ തെറ്റായ വിവരം സര്‍ക്കാരിന് നല്‍കിയ ആശുപത്രി അധികൃതര്‍ അന്ന് ജീവന്‍ പണയം വെച്ച് ജോലി ചെയ്തവരെ പറ്റിച്ചിരിക്കുകയാണെന്നും രജീഷ് പറയുന്നു. 

സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം മൂന്ന് തവണയാണ് ഇതിനായി ലിസ്റ്റുണ്ടാക്കിയത്. അങ്ങനെ ലിസ്റ്റില്‍ ഇടം പിടിച്ചത് 450 ഓളം പേര്‍. പക്ഷെ അന്ന് രോഗികള്‍  മരണപെട്ടപ്പോള്‍ അവരുടെ മൃതദേഹം പിടിക്കാനും സ്വന്തം ജീവന്‍ പണയം വെച്ച് സേവനം നടത്തിയ 42 പേര്‍ മാത്രം ലിസ്റ്റിലില്ലാതായി. ഈ നെറികേടിനെതിരേയാണ് ഇവര്‍ നിരാഹരത്തിലിരിക്കുന്നതും. 

Content Highlights:Nipah Workers In Medical College Start Hunger Strike