കൊച്ചി: നിപ സംശയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെയും സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷം പൂര്‍ണപിന്തുണ നല്‍കുമെന്നും അടിയന്തരസാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍ ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിലവിലെ സാഹചര്യത്തില്‍ പരിഭ്രമിച്ചിട്ട് കാര്യമില്ലെന്നും ആരോഗ്യവകുപ്പ് ജാഗ്രതയിലാണെന്നും ചെന്നിത്തല പറഞ്ഞു. കൊച്ചിയില്‍ ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

കോഴിക്കോട് നിന്നുള്ള വിദഗ്ധസംഘം കൊച്ചിയില്‍ എത്തിയിട്ടുണ്ട്. പരിഭ്രമിച്ചിട്ട് കാര്യമില്ല. ജാഗ്രതയാണ് വേണ്ടത്. സാമൂഹികമാധ്യമങ്ങളിലൂടെ ഭീതി പരത്തരുത്. ഇക്കാര്യത്തില്‍ ആരോഗ്യമന്ത്രിയും ആശങ്കപ്രകടിപ്പിച്ചിട്ടുണ്ട്. എല്ലാവരും ജാഗ്രത പാലിക്കണമെന്നും സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങളുമായി പ്രതിപക്ഷം സഹകരിക്കുമെന്നും ജനങ്ങള്‍ ഒറ്റക്കെട്ടായി ഇതിനെ നേരിടണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

നിലവിലെ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കിടയിള്‍ ബോധവത്ക്കരണ പരിപാടികള്‍ നടത്തണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടതായും ഇക്കാര്യത്തില്‍ മന്ത്രി ഉറപ്പുനല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Content Highlights: Nipah Virus Suspect in Kerala; Ramesh Chennithala meets Health Minister KK Shylaja