കൊച്ചി: എറണാകുളത്ത് ഒരാള്‍ക്ക് നിപ വൈറസ് ബാധ സംശയിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാനായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടടെ പത്രസമ്മേളനം നടത്തും. നിപ വൈറസ് ബാധ സംശയിക്കുന്ന യുവാവിന്റെ രക്തസാമ്പിളിന്റെ പരിശോധന ഫലത്തെ സംബന്ധിച്ച് ചൊവ്വാഴ്ച രാവിലെ മന്ത്രി വിശദീകരിച്ചേക്കും. പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള പരിശോധനഫലം ചൊവ്വാഴ്ചയോടെ ലഭിക്കുമെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

പറവൂര്‍ സ്വദേശിയായ യുവാവിനെയാണ് നിപ വൈറസ് സംശയത്തെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. യുവാവിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. അതേസമയം, മുന്‍കരുതലെന്ന നിലയില്‍ ഇയാളുമായി ഇടപഴകിയ 86 പേര്‍ ഇപ്പോള്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇവരില്‍ ആര്‍ക്കും രോഗലക്ഷണങ്ങളില്ലെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. 

നിപ വൈറസ് ബാധ സംശയിക്കുന്ന സാഹചര്യത്തില്‍ കളമശേരി മെഡിക്കല്‍ കോളേജില്‍ ആരോഗ്യമന്ത്രി ഉന്നതതല യോഗം വിളിച്ചുചേര്‍ത്തിരുന്നു. നിലവിലെ സാഹചര്യത്തില്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അവര്‍ വ്യക്തമാക്കുകയും ചെയ്തു. പൊതുജനങ്ങളുടെ സംശയനിവാരണത്തിനായി എറണാകുളം കളക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. 1077 എന്ന നമ്പറില്‍ വിളിച്ചാല്‍ ഇവിടെനിന്ന് വിവരങ്ങള്‍ ലഭ്യമാകും. 1056 എന്ന ആരോഗ്യവകുപ്പിന്റെ കണ്‍ട്രോള്‍ റൂം നമ്പറില്‍നിന്നും ജനങ്ങള്‍ക്ക് വിവരങ്ങളറിയാം. അതിനിടെ, നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

Content Highlights: nipah virus suspect; health minister kk shylaja called press conference on tuesday morning