കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ മരണം സ്ഥിരീകരിച്ചതോടെ കർശന ജാഗ്രതാ നടപടികളുമായി ആരോഗ്യ വകുപ്പ്. കോഴിക്കോട് ചാത്തമംഗലത്ത് മരിച്ച 12-വയസുകാരന് രോഗം വന്നതിന്റെ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. ശനിയാഴ്ച രാത്രിയോടെയാണ് കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്.

പ്ലാസ്മ, സിഎസ്എഫ്, സെറം എന്നീ മൂന്ന് സാമ്പിളുകളും പോസിറ്റീവാണെന്ന് പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ആരോഗ്യവകുപ്പിനെ അറിയിച്ചിരുന്നു. തുടർന്ന് അർധ രാത്രിയോടെ കുട്ടിയുടെ വീട് ഉൾപ്പെടുന്ന പ്രദേശം പോലീസെത്തി അടച്ചു.

ഈ വീടുൾപ്പെടുന്ന വാർഡിലേക്കുള്ള റോഡും അടച്ചു. 17 പേരെ ഇതിനകം നിരീക്ഷണത്തിലാക്കി. മരിച്ച കുട്ടിയുടെ അഞ്ചു ബന്ധുക്കളും ഇതിൽ ഉൾപ്പെടും. ഇതിനിടെ, കുട്ടിയുടെ പിതാവിന്റെ സഹോദരന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിക്കുകയുണ്ടായി. കുടുംബത്തിലെ ഏക മകനാണ് മരിച്ച 12-വയസുകാരൻ. 

മാതാപിതാക്കളും കുട്ടിയുമായി അടുത്തിടപഴകിയ ബന്ധുക്കളും അയൽവാസികളും നിരീക്ഷണത്തിലാണ്. വീടിന് മൂന്ന് കിലോമീറ്റർ പരിധിയിൽ റോഡുകൾ അടച്ചിട്ടുണ്ട്. സമീപത്തെ വാർഡുകളിലും ഭാഗികമായി നിയന്ത്രണം ഏർപ്പെടുത്തി. നേരത്തെ കുട്ടിയെ ചികിത്സിച്ച ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരെ ക്വാറന്റീനിൽ പ്രവേശിപ്പിക്കാനും ആരോഗ്യ വകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്. 

ഉറവിടം കണ്ടെത്താൻ ശ്രമം

ഇതിനിടെ കുട്ടിക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താനുള്ള നടപടികൾ ആരോഗ്യ വകുപ്പ് തുടങ്ങിയിട്ടുണ്ട്. പ്രദേശത്തെ ദേശാടന പക്ഷികളുടേയും വവ്വാലുകളുടേയും സാന്നിധ്യമാണ് അന്വേഷിക്കുന്നത്. കൂടുതൽ പരിശോധനകൾ വരുംദിവസങ്ങളിൽ നടന്നേക്കും. 

അതേസമയം ആശങ്കവേണ്ടെ, എന്നാൽ കോഴിക്കോടിന് പുറമെ കണ്ണൂർ, മലപ്പുറം ജില്ലകളിലുള്ളവരും ജാഗ്രത പുലർത്തണമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.

പനിയോടെ തുടക്കം

മരിച്ച പന്ത്രണ്ട് വയസുകാരന് സാധാരണ പനി മാത്രമാണ് ഉണ്ടായിരുന്നത്. മുക്കത്തെ രണ്ട് ആശുപത്രികളിൽ ആദ്യം കാണിച്ചു. രോഗം ഗുരതരമായതോടെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ ഛർദ്ദിയും മസ്തിഷ്‌ക ജ്വരവും ഉണ്ടായി. മെഡിക്കൽ കോളേജിൽ കുറച്ച് ദിവസം അഡ്മിറ്റായിരുന്നു. രോഗത്തിന് ശമനമുണ്ടായില്ല. അതിനിടെ വെന്റിലേറ്റർ ലഭ്യതയുടെ പ്രശ്നം നേരിട്ടതോടെയാണ് ഒന്നാം തിയതി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

ആറ് ദിവസത്തോളം കുട്ടി അബോധാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ കുട്ടിക്ക് 104 ഡിഗ്രി പനി ഉണ്ടായിരുന്നുവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. 

ഡോക്ടർമാർക്ക് രോഗത്തെ കുറിച്ച് സംശയം തോന്നിയതോടെയാണ് സാമ്പിളുകൾ പരിശോധനയക്കയച്ചത്. ശനിയാഴ്ച രാത്രി നിപയാണെന്ന് സ്ഥിരീകരിക്കുന്ന ഫലം പുണെയിലെ ലാബിൽ നിന്ന് ലഭിച്ചു. ഇതിനിടെ, കുട്ടിയുടെ നില അതീവ ഗുരതരമായി, ഞായറാഴ്ച പുലർച്ചെ 4.45 ഓടെ മരിച്ചു

കേന്ദ്ര സംഘം ഇന്നെത്തും

നിപ സ്ഥിരീകരിച്ച കോഴിക്കോട്ടേക്ക് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ സംഘത്തെ അയച്ചിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. സംസ്ഥാന സർക്കാരിന് വേണ്ട സാങ്കേതിക സഹായം ഈ സംഘം ചെയ്യുമെന്നും കേന്ദ്രം അറിയിച്ചു.