കോഴിക്കോട്: 12-വയസുകാരന്‍ ഹാഷിം മരിക്കാനിടയായ നിപ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള തീവ്രശ്രമം ആരോഗ്യ വകുപ്പ് തുടരുന്നു. ഉറവിടം കണ്ടെത്തുക എന്നതാണ് പ്രധാനപ്പെട്ട കാര്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുട്ടിയുടെ വീടും പരിസരവും കൃത്യമായി പരിശോധിച്ചുവരികയാണ്. ഒപ്പം കുട്ടിയുമായി സമ്പര്‍ക്കത്തിലായിരുന്നവരെയും പരിശോധിക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.

കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ മൂന്ന് പേര്‍ക്കാണ് നിലവില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇവരുടേതടക്കം ഏഴ് പേരുടെ സ്രവം പുണെയിലേക്ക് പരിശോധനയക്കയച്ചിട്ടുണ്ട്. 12 മണിക്കൂറിനുള്ളില്‍ ഫലം ലഭ്യമാകുമെന്നാണ് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളത്.

നിരീക്ഷണത്തിലുള്ള, അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരുടെ ട്രൂനാറ്റ് ടെസ്റ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ നടക്കും. ഇതിനായി പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സംവിധാനവും സംഘവും ഇന്ന് കോഴിക്കോടെത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.

വവ്വാലിന്റെ സാമ്പിളുകള്‍ ശേഖരിക്കും

രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായി വവ്വാലുകളുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തും. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെത്തിയാകും സാമ്പിളുകള്‍ ശേഖരിക്കുക. വെറ്റിനറി ഡോക്ടര്‍മാരും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ഉണ്ടാകും.

പ്രദേശത്ത് കൂടുതല്‍ നിയന്ത്രണം

കുട്ടിയുടെ വീടിന് പരിസരത്ത് മാവൂര്‍ പോലീസ് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കടകള്‍ തുറക്കേണ്ടതില്ലെന്നാണ് നിര്‍ദേശം. ഇന്നലെ അടച്ച റോഡുകള്‍ക്ക് പുറമെ ഇന്ന് കൂടുതല്‍ റോഡുകള്‍ കൂടി അടക്കും. അതേസമയം, അവശ്യവസ്തുക്കള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള നടപടികളും ഏര്‍പ്പെടുത്തുന്നുണ്ട്.