കോഴിക്കോട്: നിപയുമായി ബന്ധപ്പെട്ട് ഉണ്ടായേക്കാവുന്ന ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ കോഴിക്കോട് ജില്ല സജ്ജമാണെന്ന് കലക്ടര്‍ സാംബശിവറാവു. കളക്ടറേറ്റില്‍ നടന്ന ആരോഗ്യവകുപ് ഉദ്യോഗസ്ഥരുടെ യോഗം മുന്നൊരുക്കങ്ങള്‍ വിലയിരുത്തി.

അത്യാവശ്യ മരുന്നുകളുടെയും കിറ്റുകളുടെയും ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. നിപ ബാധിച്ചെന്നു സംശയിക്കുന്ന രോഗികളെ ആശുപത്രികളില്‍നിന്നും ക്ലിനിക്കുകളില്‍നിന്നും മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുന്നതിനു മുമ്പ് ജില്ലാ മെഡിക്കല്‍ ഓഫീസറുമായി നിര്‍ബന്ധമായും ബന്ധപ്പെട്ടിരിക്കണം. റഫര്‍ ചെയ്യുന്ന രോഗികളുടെ ഫോണ്‍ നപര്‍ അടക്കമുള്ള വിവരങ്ങളും രോഗിയെ അനുഗമിക്കുന്നവരുടെ വിവരങ്ങളും ഡിഎംഒയ്ക്ക് കൈമാറണം.

രോഗികളെ സുരക്ഷാ മാര്‍ഗങ്ങള്‍ അവലംബിച്ചശേഷം ആംബുലന്‍സില്‍ മാത്രമെ കൊണ്ടുപോകാവൂ. ആംബുലന്‍സ്  സൗകര്യത്തിനായി ഡിഎസ്ഒ അല്ലെങ്കില്‍ ആര്‍സിഎച്ചിനെ 9947068248 | 9947795140 നമ്പറുകളില്‍ ബന്ധപ്പെടണം. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക്  ആവശ്യമായ പരിശീലനം നല്‍കും.

പനിബാധിച്ച് ഓ.പി യില്‍ എത്തുന്നവരെ മറ്റു രോഗികളുമായുള്ള സമ്പര്‍ക്കമില്ലാതെ ഡോക്ടറുടെ അടുത്ത് എത്തിക്കുന്നതിനുള്ള സംവിധാനം കാര്യക്ഷമമാക്കും. നിപയുമായി ബന്ധപ്പെട്ട്  പൊതുജനങ്ങളും മുന്‍കരുതലെടുക്കണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. സ്വയംചികിത്സ പാടില്ല. ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശേഷവും കൈ വൃത്തിയായി സോപ്പിട്ടു കഴുകണം.

അനാവശ്യമായ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം. നിപ്പയ്ക്കു പുറമെ എച്ച് വണ്‍ എന്‍ വണ്‍, മഞ്ഞപ്പിത്ത സാധ്യതയുമുള്ളതിനാല്‍ ശുദ്ധമായ വെള്ളവും വൃത്തിയുള്ള ഭക്ഷണവും കഴിക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.

Content highlights: Nipah virus, Kozhikode