കോഴിക്കോട്: നിപ്പ വൈറസ് മൂലമുള്ള രോഗബാധ ചെറുക്കുന്നതിന് ആരോഗ്യവകുപ്പ് എല്ലാവിധ നടപടികളും സ്വീകരിച്ചുവരികയാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ചികിത്സയിലുള്ളവരില്‍ എട്ടു പേരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളതെന്നും പരിശോധനാ റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ കൂടുതല്‍ രോഗബാധ ഉണ്ടായിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാനാവൂ എന്നും അവര്‍ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.

മരിച്ചവരിൽ മൂന്നു പേരിലാണ് നിപ്പ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരുമായി ബന്ധപ്പെട്ട മറ്റു മൂന്നു പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക്‌ അയച്ചിരിക്കുകയാണ്. ഇതിന്റെ റിസള്‍ട്ട് വന്നാല്‍ മാത്രമേ ഇവരില്‍ വൈറസ് ബാധ സ്ഥിരീകരിക്കാനാവൂ. വൈറസ് ബാധ സംബന്ധിച്ച് സംശയം നിലനില്‍ക്കുന്നതുകൊണ്ടാണ് മരിച്ച നഴ്‌സിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാതെ, ബന്ധുക്കളുടെ സമ്മതത്തോടെ വൈദ്യുത സ്മശാനത്തില്‍ സംസ്‌കരിച്ചതെന്നും മന്ത്രി പറഞ്ഞു.

എല്ലാ ലക്ഷണങ്ങളും നിപ്പ വൈറസ് മൂലമാണെന്ന് ഉറപ്പിക്കാനാവില്ല. നിലവില്‍ പനി ബാധിച്ചവരില്‍ ചിലര്‍ക്കു മാത്രമാണ് നിപ്പ വൈറസ് ബാധയുടെ ലക്ഷണങ്ങളുള്ളത്. ആറു പേരാണ് ലക്ഷണങ്ങളുള്ളവരായി മെഡിക്കല്‍ കോളേജില്‍ ഇപ്പോഴുള്ളത്. രണ്ടുപേര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലുണ്ട്. എന്‍സിഡിസി ഡയറക്ടര്‍ അടക്കമുള്ള കേന്ദ്രസംഘം ഉച്ചയോടെ കോഴിക്കോട് എത്തും. അവരോടുമായി ചര്‍ച്ച ചെയ്ത് തുടര്‍ കാര്യങ്ങള്‍ ചെയ്യും. നാളെ മറ്റൊരു കേന്ദ്രസംഘം കൂടി വരുമെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ ആശുപത്രികളില്‍ നിപ്പ വൈറസ് ബാധിച്ച രോഗികളെ ചികിത്സിക്കുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്. ബീച്ച് ആശുപത്രി, കൊയിലാണ്ടി, താമരശ്ശേരി, പേരാമ്പ്ര ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ചികിത്സയ്ക്കാവശ്യമായ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ പരിശോധനയില്‍ വൈറസ് ബാധയാണെന്ന് വ്യക്തമായതിനു ശേഷം മാത്രം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്താല്‍ മതി. പൊതുജനങ്ങള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് മെഡിക്കല്‍ കോളേജിലും ഡിഎംഒ ഓഫീസിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. മെഡിക്കല്‍ കോളേജില്‍ രണ്ട് വെന്റിലേറ്ററുകളും ഐസൊലേഷന്‍ വാര്‍ഡുകളും കൂടി തുറന്നിട്ടുണ്ട്.

സര്‍ക്കാര്‍ വേണ്ടത്ര നടപടികള്‍ സ്വീകരിച്ചില്ലെന്ന തരത്തിലുള്ള പ്രചാരണം ശരിയല്ല. വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞപ്പോള്‍ മുതല്‍ ആരോഗ്യവകുപ്പ് വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പരമാവധി വേഗതയില്‍ത്തന്നെ സാമ്പിളുകള്‍ മണിപ്പാലിലേക്ക് അയച്ചിരുന്നു. എങ്കിലും വൈറസ് സ്ഥിരീകരിക്കുന്നതിന് കേന്ദ്ര വൈറോളജി സെന്ററിലെ റിപ്പോര്‍ട്ടുകൂടി കിട്ടണമായിരുന്നു. കേന്ദ്ര സംഘത്തെ അയയ്ക്കാന്‍ എന്‍സിഡിസിയോട് ആവശ്യപ്പെട്ടിരുന്നു. കണ്ണന്താനം അടക്കമുള്ളവര്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. 

മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ഒരു സംഘം എത്തി മൂന്നു ദിവസമായി സൂപ്പിക്കടയില്‍ പരിശോധനകള്‍ നടത്തിയിരുന്നു. പ്രദേശത്ത് വവ്വാലിന്റെ സാന്നിധ്യം കണ്ടിട്ടുണ്ട്. വവ്വാലുകള്‍ ഉള്ള കിണര്‍ മറച്ച് വവ്വാലുകള്‍ പുറത്തുപോകുന്നത് തടഞ്ഞിട്ടുണ്ട്. വവ്വാല്‍ കടിച്ച മാങ്ങയിലൂടെയാണ് വൈറസ് മനുഷ്യരിലെത്തിയതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. 

എത്രത്തോളം ആള്‍ക്കാരിലേക്ക് രോഗം പകര്‍ന്നിട്ടുണ്ടെന്ന് മനസ്സിലാക്കുകയാണ് ഇപ്പോള്‍ പ്രധാനം. വായുവിലൂടെയോ മറ്റു കീടങ്ങളിലൂടെയോ പകരുന്നവയല്ല ഈ വൈറസ് എന്ന് വ്യക്തമായിട്ടുണ്ട്. സ്രവങ്ങളിലൂടെ മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്കും മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്കുമാണ് പകരുന്നത്. രോഗികളുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിട്ടുള്ളവരെയാണ് നിരീക്ഷണത്തിന് വിധേയമാക്കുന്നത്. 

ആശുപത്രികളില്‍ മരുന്ന്, ഉപകരണങ്ങള്‍ തുടങ്ങിയവ വാങ്ങുന്നതിന് സാമ്പത്തിക തടസ്സങ്ങളൊന്നും ഇല്ല. പെട്ടെന്നുള്ള ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് 20 ലക്ഷം രൂപ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് നല്‍കിയിട്ടുണ്ട്. കൂടുതല്‍ തുക ആവശ്യമെങ്കില്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

Content Highlights: nipah virus, Health ministers press meet, Kozhikode medical college, fever at kozhikode