തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യ മേഖലയുടെ ശക്തി തെളിയിച്ച സംഭവമാണ് നിപ വൈറസിന്റെ ഉന്മൂലനമെന്ന് ഗവര്‍ണര്‍ പി സദാശിവം. രോഗം പടരുന്നത് തടഞ്ഞുവെന്ന് മാത്രമല്ല, അതിന്റെ വേരറുക്കുന്ന ജാഗ്രതയാണ് തുടര്‍ന്നുണ്ടായത്. നാടിനെ ഭീതിയിലാഴ്ത്തിയ നിപ വൈറസ് ബാധ തടഞ്ഞതുവഴി കേരളത്തിലെ ആരോഗ്യരംഗം ഏറെ മെച്ചപ്പെട്ടതാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആരോഗ്യ സര്‍വകലാശാലാ സ്റ്റുഡന്റ്‌സ് മെഡിക്കല്‍ റിസര്‍ച്ച് 2018 ന്റെ ദ്വിദിന ദേശീയ സമ്മേളനം മെഡിക്കല്‍ കോളേജില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ശിശുമരണ നിരക്ക് കുറയ്ക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞതും പ്രധാനപ്പെട്ട നേട്ടമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ആര്‍ദ്രം പദ്ധതി പോലെ ആരോഗ്യ മേഖലയില്‍ വന്‍മാറ്റങ്ങള്‍ക്ക് ഇടയാക്കുന്ന പദ്ധതികള്‍ പ്രഖ്യാപിക്കുകയും അവ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ആത്മാര്‍ഥമായി ശ്രമിക്കുകയും ചെയ്യുന്ന സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിക്കുന്നു. പരിസര ശുചീകരണത്തിലെ പാളിച്ച ഡെങ്കിപ്പനി പോലുള്ള പകര്‍ച്ചവ്യാധികള്‍ക്ക് ഇടയാക്കുന്നതിലെ ആശങ്കയും അദ്ദേഹം പങ്കുവച്ചു. പകര്‍ച്ച വ്യാധികളെ ഉന്മൂലനം ചെയ്യാനുള്ള പരിശ്രമം തുടര്‍ന്നും ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 
സംസ്ഥാനം നേരിട്ട വലിയൊരു വിപത്തായ നിപയെ ഗവേഷണ വിഷയമാക്കിയതിനെ ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യവകുപ്പുമന്ത്രി കെ.കെ ശൈലജ അഭിനന്ദിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ഗവേഷണം നടത്താന്‍ ആവശ്യമായ ഫണ്ട് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ.സി നായര്‍ ആമുഖ പ്രഭാഷണം നടത്തി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ.റംലാബീവി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ആരോഗ്യസര്‍വകലാശാല ഡീന്‍ (റിസര്‍ച്ച്) ഡോ ഹരികുമാരന്‍ നായര്‍ ആശംസാപ്രസംഗം നടത്തി. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ തോമസ് മാത്യു സ്വാഗതവും മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ പി എസ് ഇന്ദു നന്ദിയും പറഞ്ഞു.