കണ്ണൂര്‍: എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്ക് നിപ വൈറസ് ബാധിച്ചുവെന്നത് സ്ഥിരീകരിച്ചിട്ടില്ലെന്നും അത്തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ചികിത്സയിലുള്ള രോഗിയുടെ സ്രവങ്ങള്‍ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും മണിപ്പാലിലേക്കും അയച്ചിട്ടുണ്ട്. അവരുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കു. നിപയാണന്നതിന് വിദൂര സാധ്യത മാത്രമാണെന്നാണ് വിദഗ്ധരെല്ലാം പറയുന്നത്. എങ്കിലും എല്ലാ മുന്‍ കരുതലും സ്വീകരിച്ചിട്ടുണ്ട്. രോഗിയേക്കുറിച്ചുള്ള വിവരങ്ങളെല്ലാം അന്വേഷിക്കുന്നുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മന്ത്രി വ്യക്തമാക്കി.

ആരോഗ്യവകുപ്പ് സെക്രട്ടറിയും ജില്ലാ കളക്ടറും കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. രോഗിയെ ഐസലേറ്റ് ചെയ്തിട്ടുണ്ട്. രോഗിയുടെ ആരോഗ്യ നില തൃപ്തികരമാണ്. ലക്ഷണങ്ങള്‍ കണ്ടാല്‍ പരിശോധിക്കുന്നത് സ്വഭാവിക നടപടി മാത്രമാണ്. കഴിഞ്ഞ മാസം ഇതുപോലെ ചില കേസുകള്‍ പരിശോധനയ്ക്കയച്ചിരുന്നു. അവയെല്ലാം നെഗറ്റീവായിരുന്നു. സീസണ്‍ കഴിയാറയതു കൊണ്ടു തന്നെ നിപയാകാനുള്ള സാധ്യത വളരെ കുറവാണ്. എങ്കിലും കരുതലെടുക്കേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എറണാകുളം പറവൂര്‍ സ്വദേശിയായ യുവാവിന് നിപ ബാധിച്ചത് സ്ഥിരീകരിച്ചതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മന്ത്രിയുടെ വിശദീകരണം

എറണാകുളത്ത് ചികിത്സയില്‍ കഴിയുന്ന യുവാനിന് നിപ ബാധയാണെന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് ജില്ലാ കളക്ടറും അറിയിച്ചിരുന്നു. 

content highlights: nipah virus eranakulam, no need to panic,kerala