കൊച്ചി: കൊച്ചിയില്‍ നിപ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ വൈറസിന്റെ ഉറവിടം തേടി വനംവകുപ്പ്. നിപ ബാധിതനായ യുവാവിന്റെ താമസസ്ഥലത്തിനടുത്ത് വവ്വാലുകള്‍ കൂട്ടത്തോടെ കാണുന്ന സ്ഥലങ്ങളില്‍ വനംവകുപ്പ് പരിശോധന നടത്തി. 

നിലവില്‍ മൂന്ന് പ്രധാന സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും നാളെ മുതല്‍ വവ്വാലുകളെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 

നെറ്റ് കെട്ടി വവ്വാലുകളെ പിടികൂടാനാണ് നീക്കം. വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് പിടികൂടുന്ന വവ്വാലുകളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കും. അസുഖബാധിതനായ സമയത്ത് യുവാവ് താമസിച്ചിരുന്ന തൃശൂര്‍, തൊടുപുഴ ഭാഗങ്ങളിലും നിപ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ട്.

അതേസമയം, ജില്ലയിലെ നിപ ആശങ്കയ്ക്ക് വലിയതോതില്‍ കുറവു വന്നിട്ടുണ്ട്. ഇന്ന് ആരെയും ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടില്ല. നിപ രോഗിയുടെ ആരോഗ്യനിലയും മെച്ചപ്പെട്ടതായാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. യുവാവ് ഇന്ന് അമ്മയുമായി സംസാരിച്ചെന്നും നന്നായി ഭക്ഷണം കഴിക്കുന്നുണ്ടെന്നുമാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.

നിപ സംബന്ധിച്ച് കോള്‍ സെന്ററുകളിലേക്ക് വരുന്ന അന്വേഷണങ്ങളിലും ഗണ്യമായി കുറവുണ്ടായി. വെള്ളിയാഴ്ച 22 കോളുകള്‍ മാത്രമാണ് ലഭിച്ചത്. 

ആശങ്കയ്ക്ക് അയവുവന്നെങ്കിലും ആരോഗ്യവകുപ്പ് ജാഗ്രതയ്ക്ക് കുറവു വരുത്തിയിട്ടില്ല. രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നതായി കണ്ടെത്തിയ 318 പേരെ ഇപ്പോഴും നിരീക്ഷിച്ചുവരുന്നുണ്ട്. ഇന്ന് ജില്ലയില്‍ 10000 ത്രീ ലെയര്‍ മാസ്‌കുകള്‍ പുതുതായി എത്തിച്ചു. 450 പേഴ്സണല്‍ പ്രൊട്ടക്ഷന്‍ കിറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്. ജാഗ്രതാ പരിശീലനവും തുടരുന്നുണ്ട്. ഇതുവരെ 2983 പേര്‍ക്ക് പരിശീലനം നല്‍കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. 

Content Highlights: Nipah virus, bat