കൊച്ചി: നിപ്പ വൈറസ് നേരിടാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ നടപടികളെ അഭിനന്ദിച്ച് ഹൈക്കോടതി. നിപ്പ രോഗം സംബന്ധിച്ച തെറ്റിദ്ധാരണകള്‍ തടയുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളില്‍ കോടതി സംതൃപ്തി അറിയിച്ചു. 

ആരോഗ്യ പ്രവര്‍ത്തകര്‍ അവര്‍ ഏറ്റെടുത്ത ചുമതലക്കപ്പുറത്ത് നിസ്വാര്‍ത്ഥ സേവനമാണ് കാഴ്ചവെച്ചതെന്നും കോടതി പ്രശംസിച്ചു. അടിയന്തര സാഹചര്യത്തില്‍ ആവശ്യമായ എല്ലാ സഹായവും ഉറപ്പാക്കിയ കേന്ദ്രസര്‍ക്കാരിനെയും ഡിവിഷന്‍ ബെഞ്ച് അഭിനന്ദിച്ചു.

കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ മെയ് ആദ്യവാരമാണ് നിപ്പ പനി കണ്ടെത്തിയത്. നിപ്പ വൈറസ് സ്ഥിരീകരിച്ചവരില്‍ രണ്ടുപേരൊഴികെ എല്ലാവരും മരിച്ചു. കൃത്യമായ ചികിത്സ പോലും വികസിപ്പിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ വൈറസ് ബാധ തടയുന്നതിനായി ആരോഗ്യവകുപ്പ് എടുത്ത നടപടികള്‍ ഗുണം കണ്ടു. ഇതേത്തുടര്‍ന്ന് ജൂണ്‍ ആദ്യവാരത്തോടെ ജില്ലയില്‍ നിപ്പ ഭീത അകന്നു.

നിപ്പ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തയുടന്‍ അതിനെതിരെ രംഗത്തുവന്ന പ്രകൃതി ചികിത്സകന്‍ എന്നവകാശപ്പെടുന്ന ജേക്കബ് വടക്കുംചേരി, ആയൂര്‍വേദ ചികിത്സകനായി അറിയപ്പെടുന്ന മോഹനന്‍ വൈദ്യര്‍ എന്നിവര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തു വന്നിരുന്നു. നിപ്പ വൈറസ് ബാധ വിദേശ മരുന്നു കുത്തകകളുടേയും മറ്റും നിര്‍മിതിയാണെന്നും മറ്റുമായിരുന്നു അവരുടെ ആരോപണം. ഈ വീഡിയോകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നിയമവിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ പരാമര്‍ശം. ഇവ നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ആക്ടിങ് ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് സി.ടി. രവി കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 

Content Highlights: Nipah, High Court, Appreciate, Health Department.