കൊച്ചി: നിപ വൈറസ് ബാധിച്ചുവെന്ന സംശയത്തില്‍ ചികിത്സയിലുള്ള യുവാവിന്റെ രക്തസാമ്പിളുകളുടെ പരിശോധനാ ഫലം തിങ്കളാഴ്ച ഉച്ചയോടെ ലഭിക്കും. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫലമാണ് കാത്തിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

നിപ സ്ഥിരീകരിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എങ്കില്‍പ്പോലും നിപയെന്ന സംശയമുയര്‍ന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് മുന്‍കരുതലുകളെടുത്തിട്ടുണ്ട്. രോഗം സ്ഥിരീകരിക്കാത്ത സാഹചര്യത്തില്‍ വ്യാജപ്രചരണം നടത്തരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് നിപ സംശയത്തിലുള്ള യുവാവ്. ആരോഗ്യവകുപ്പും ആശുപത്രി അധികൃതരും യുവാവിന്റെ ആരോഗ്യനിലയില്‍ നിരീക്ഷണം നടത്തുകയാണ്. അതേസമയം ഇത് സംബന്ധിച്ച് കൊച്ചിയില്‍ ഇന്ന് ആരോഗ്യവകുപ്പ്  ഉന്നതതല യോഗം ചേരും.

Content Highlights: Nipah, Ernakulam