കോഴിക്കോട്:  അത്രപെട്ടെന്ന് ആരും മറന്നിട്ടുണ്ടാവില്ല ഒരു മാസക്കാലത്തോളം കോഴിക്കോടിനേയും സമീപ പ്രദേശങ്ങളേയും കേരളത്തെ ഒന്നാകെയും വിറങ്ങലിപ്പിച്ച നിപാകാലം. ചരിത്രത്തിലാദ്യമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആളൊഴിഞ്ഞ വാര്‍ഡുകളും ഒ.പി ടിക്കറ്റ് മുറിക്കാത്ത ദിവസങ്ങളും ഉണ്ടായ നാളുകൾ.

ഡോക്ടര്‍മാര്‍ അടക്കമുള്ള സ്ഥിരം ജീവനക്കാരില്‍ ഒരു വിഭാഗം ഓടിയൊളിച്ച രോഗകാലം. അന്ന് നിപാ ബാധിതരെ സ്വന്തം ജീവന്‍ കൊടുത്ത് സംരക്ഷിച്ചുപോന്ന നഴ്‌സിംഗ് അസിസ്റ്റന്റുമാരേയും ശുചീകരണ തൊഴിലാളികളേയുമെല്ലാം നമ്മള്‍ വാനോളം പുകഴ്ത്തി. സ്ഥിരം ജോലി വാഗ്ദാനവുമായി സര്‍ക്കാരും രംഗത്തെത്തി. പക്ഷെ എല്ലാം കെട്ടടങ്ങുമ്പോള്‍ പറഞ്ഞതെല്ലാം സര്‍ക്കാരും നമ്മളും സൗകര്യപൂര്‍വം മറന്നു. അങ്ങനെ ഇന്നവര്‍ക്ക് ജോലിയില്ലാതായി, ഒടുവില്‍ ജീവിക്കാനായി മെഡിക്കല്‍ കോളേജിന് മുന്നില്‍ പന്തല്‍ കെട്ടി സമരം ചെയ്യേണ്ട ഗതികേടിലുമായി.

ആ മഹാമാരി പടര്‍ന്ന് പിടിച്ച കാലത്ത് ജോലി ചെയ്ത 42 പേരും ഇന്നേക്ക് ഒരാഴ്ചയായി  സമര പന്തലില്‍ ഇരിക്കാന്‍ തുടങ്ങിയിട്ട്. പക്ഷെ ആരും ഒരു ചര്‍ച്ചയ്ക്ക് പോലും വിളിച്ചിട്ടില്ലെന്ന് ശുചീകരണ തൊഴിലാളികളില്‍ ഒരാളായ ശശിധരന്‍ ചൂണ്ടിക്കാട്ടുന്നു. നിപ രോഗമുള്ളവരുടെ ശരീരത്തില്‍ നിന്നു ഉണ്ടാകുന്ന സ്രവങ്ങള്‍ കടുത്ത രീതിയില്‍ രോഗം പടര്‍ത്തും എന്നറിഞ്ഞിട്ടും  എല്ലാം അവഗണിച്ച് പരിചരിച്ചരിവരാണ് സമരത്തിലുള്ളത്.

Photo   

താത്ക്കാലിക ജോലിക്കാരെ പിരിച്ചു വിടുന്നത് ആദ്യമായിട്ടല്ലെങ്കിലും മനുഷ്യത്വത്തിന്റെ ആദരവ് ഇവര്‍ അര്‍ഹിക്കുക തന്നെ ചെയ്യുന്നുണ്ട്. പക്ഷെ തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതരും ഇവരോട് പറഞ്ഞത്.

നിപാകാലത്ത് ജോലി ചെയ്തവര്‍ക്ക് സ്ഥിര നിയമനം നല്‍കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ തന്നെയായിരുന്നു ഇവര്‍ക്കന്ന് വാഗ്ദാനം നല്‍കിയത്. അതനുസരിച്ച് ലിസ്റ്റ് നല്‍കാന്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അധികൃതരോടും ആവശ്യപ്പെട്ടു. പക്ഷെ ആശുപത്രി അധികൃതര്‍ അന്ന് ജോലിക്കെത്താത്ത ആളുകളെ പോലും ലിസ്റ്റില്‍ തിരുകി കയറ്റിയപ്പോള്‍ തങ്ങള്‍ പുറത്തായെന്ന് സമരക്കാര്‍ പറയുന്നു. 

മൂന്ന് തവണയാണ് ഇതിനായി ലിസ്റ്റുണ്ടാക്കിയത്. അങ്ങനെ ലിസ്റ്റില്‍ ഇടം പിടിച്ചത് 450 ഓളം പേര്‍. പക്ഷെ അന്ന് രോഗികളുടെ ശരീരത്തില്‍ നിന്ന് വന്നതെല്ലാം നശിപ്പിക്കാനും അവര്‍ മരണപെട്ടപ്പോള്‍ അവരുടെ മൃതദേഹം പിടിക്കാനും സ്വന്തം ജീവന്‍ പണയം വെച്ച് സേവനം നടത്തിയ 42 പേര്‍ മാത്രം ലിസ്റ്റിലില്ലാതായി. ഈ നെറികേടിനെതിരേയാണ് ഇവര്‍ സമരത്തിലിരിക്കുന്നത്. തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ നിരാഹാര സമരത്തിലേക്ക് പോവുമെന്നും സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

നിപ് പ്രതിരോധത്തില്‍ പങ്കു വഹിച്ച താല്‍ക്കാലിക തൊഴിലാളികളെ പിരിച്ചുവിട്ടതിനെതിരെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളും സമരരംഗത്തെത്തിയിട്ടുണ്ട്. അനിശ്ചിതകാല സമരം തുടരുന്ന തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മെഡിക്കല്‍ കോളേജിന് മുന്നില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പ്രമുഖരും പിന്തുണയുമായി എത്തിയിട്ടുണ്ട്.