കോട്ടയം: എം.ജി. സര്‍വകലാശാല സെനറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ നേതാക്കള്‍ ബലാത്സംഗ ഭീഷണി മുഴക്കിയെന്ന പരാതിയില്‍ എഐഎസ്എഫ് സംസ്ഥാന സമിതി അംഗം നിമിഷ രാജു മൊഴി നല്‍കി. 

'യാതൊരു നീതിയും മര്യാദയും പുലര്‍ത്താതെയാണ് ആക്രമണം നടന്നത്. സ്ത്രീകളെ ഭയപ്പെടുത്താന്‍ ഏറ്റവും നല്ല ആയുധം ബലാത്സംഗം ചെയ്യുക എന്ന് ഭീഷണിപ്പെടുത്തുകയാണ്. അത് വളരെ കൃത്യതയോടെയും വ്യക്തതയോടെയും എസ്എഫ്‌ഐക്കാരുടെ വായില്‍ നിന്ന് വരുമ്പോള്‍ അതിശയിക്കുന്നില്ല. പക്ഷേ, അതുകൊണ്ട് ഞാന്‍ ഭയപ്പെടില്ല. വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അടക്കമാണ് ഇത്തരം ആക്രമണം നടത്തിയിട്ടുള്ളത്', മൊഴി നല്‍കിയ ശേഷം നിമിഷ രാജു പറഞ്ഞു.

വളരെ കൃത്യമായി വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. പേര് ചോദിച്ചാണ് അടിച്ചത്. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുന്നതുവരെ ഒരിഞ്ച് പിന്നോട്ട് പോകില്ല. സ്ത്രീ സമത്വത്തെപ്പറ്റിയും ലിംഗസമത്വത്തെപ്പറ്റിയും സ്ത്രീ സുരക്ഷയെപ്പറ്റിയും മുദ്രാവാക്യം വിളിക്കുന്ന പ്രസ്ഥാനത്തിന്റെ പോരാളികളാണ് കടന്നു പിടിച്ചത്.

ആ പ്രസ്ഥാനത്തിനകത്തെ കള്ള നാണയങ്ങളെ, ആര്‍എസ്എസിന്റെ രാഷ്ട്രീയം പേറുന്നവരെ തിരിച്ചറിയേണ്ടതുണ്ടെന്നും നിമിഷ രാജു പറഞ്ഞു. വനിതാ കമ്മീഷനില്‍ പരാതി നല്‍കുന്നത് സംബന്ധിച്ചും ആലോചിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.