നിലമ്പൂര്‍: മലപ്പുറം നിലമ്പൂര്‍ വനമേഖലയില്‍ കരുളായിയില്‍ രണ്ട് മാവോവാദികള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. ഇയാൾ പോലീസ് കസ്റ്റഡിയിലാണ്.

മരിച്ചവരില്‍ മാവോവാദി സംഘത്തലവന്‍ കുപ്പുദേവരാജ്, അജിത എന്നിവരുള്‍പ്പെടുന്നു. കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന മുതിര്‍ന്ന നേതാവാണ് കുപ്പുസ്വാമി എന്നറിയപ്പെടുന്ന കുപ്പു ദേവരാജ്.

കരുളായി പടുക്ക ഫോറസ്റ്റ് സ്റ്റേഷന് സമീപം രണ്ട്  കിലോമീറ്റര്‍ വനത്തിനുള്ളിലാണ് ഉച്ചയ്ക്ക് 12 മണിയോടെ ഏറ്റുമുട്ടല്‍ നടന്നത്.

ഇന്ന് പുലര്‍ച്ചെ കാട്ടില്‍ തിരച്ചില്‍ നടത്തിയ തണ്ടര്‍ബോള്‍ട്ടിന്റേയും പോലീസിന്റെ 60 അംഗ സംഘമാണ് മാവോവാദികളുമായി ഏറ്റുമുട്ടിയത്. ലെഫ്റ്റ് വിങിന്റെ കേരളത്തിലെ പ്രധാനപ്പെട്ട രണ്ട് നേതാക്കളാണ് കൊല്ലപ്പെട്ടത്.

മാവോവാദികള്‍ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് തണ്ടര്‍ബോള്‍ട്ടും മലപ്പുറം എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘവുമടങ്ങുന്ന 60 അംഗ സംഘം വനമേഖലയില്‍ പരിശോധനയ്ക്ക് പോയത്. 15 പേരടങ്ങുന്നതായിരുന്നു മാവോവാദി സംഘം. വെടിവെപ്പിനെത്തുടര്‍ന്ന് ബാക്കിയുള്ളവര്‍ ചിതറിയോടി. ഇവര്‍ക്കായി തിരച്ചില്‍ തുടരുകായണ്.

maoist
ഫോട്ടോ: അജിത് ശങ്കരന്‍

സംഭവത്തെത്തുടര്‍ന്ന് സൈലന്റ് വാലി പ്രദേശത്ത് കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

ഇത്തരത്തില്‍ ഏറ്റുമുട്ടലിലൂടെ മാവോവാദികള്‍ കൊല്ലപ്പെടുന്നത് കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യ സംഭവമാണ്.

ഇതിന് മുമ്പ് രണ്ടു തവണ നിലമ്പൂര്‍ വനമേഖലയില്‍ പോലീസും മാവോവാദികളും തമ്മില്‍ വെടിവെപ്പ് ഉണ്ടായിട്ടുണ്ട്. ഈവര്‍ഷം സപ്തംബറിലും ഫിബ്രവരിയിലുമായിരുന്നു അത്.

സപ്തംബറില്‍ നിലമ്പൂര്‍ വനത്തില്‍ മാവോവാദികള്‍ സി.പി.ഐ (മാവോയിസ്റ്റ്) രൂപവത്കരണത്തിന്റെ 12-ാം വാര്‍ഷികം ആഘോഷിച്ചതിന്റെ വാര്‍ത്തയും ചിത്രവും മാധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്നു. പാര്‍ട്ടിയുടെ നാടുകാണി ഏരിയാസമിതി കേരള, തമിഴ്നാട്, കര്‍ണാടക വനപ്രദേശത്തെ മുക്കവലയില്‍വെച്ചാണ് പരിപാടി നടത്തിയത്.

2013 ഫിബ്രവരിയിലാണ് നിലമ്പൂര്‍ വനമേഖലയില്‍ മാവോവാദികളുടെ സാന്നിധ്യം ആദ്യമായി കണ്ടത്. തുടര്‍ന്ന് പോത്തുകല്ലിലെ വിവിധ വനമേഖലകള്‍, വഴിക്കടവ് പഞ്ചായത്തിലെ മരുത, പുഞ്ചക്കൊല്ലി, കരുളായി വനമേഖലയിലെ മാഞ്ചീരി, അമരമ്പലം പഞ്ചായത്തിലെ വിവിധ മേഖലകള്‍ എന്നിവിടങ്ങളിലെല്ലാം പലപ്പോഴായി മാവോവാദികളുടെ സാന്നിധ്യമുണ്ടായി.

സാധാരണ ഒക്ടോബര്‍, നവംബര്‍ മുതല്‍ മെയ് വരെയാണ് വനമേഖലയില്‍ മാവോവാദികള്‍ എത്താറുള്ളത്. മഴക്കാലങ്ങളില്‍ അതായത് ജൂണ്‍, ജൂലായ്, ആഗസ്ത്, സപ്തംബര്‍ തുടങ്ങിയ മാസങ്ങളില്‍ ഇവരുടെ സാന്നിധ്യം കാണാറില്ല. ഈ സമയത്താണ് മാവോവാദികള്‍ സാധാരണയായി വടക്കെ ഇന്ത്യയിലും മറ്റും പരിശീലനത്തിനു പോകാറുള്ളത്.