നിലമ്പൂർ അരുവാക്കോട് സെൻട്രൽ ഡിപ്പോയിൽ ലേലത്തിനുവെച്ച 500 വർഷം പഴക്കമുള്ള ഈട്ടിത്തടി
നിലമ്പൂര്‍: നിലമ്പൂര്‍ അരുവാക്കോട് സെന്‍ട്രല്‍ ഡിപ്പോയില്‍ കഴിഞ്ഞദിവസം നടന്ന ഈട്ടിത്തടി ലേലത്തില്‍ സര്‍ക്കാരിന് ഒന്നരക്കോടി രൂപയുടെ വരുമാനം. കരുവാരക്കുണ്ട് മാമ്പുഴയിലെ റോഡരികില്‍നിന്ന് മുറിച്ച 500 വര്‍ഷം പഴക്കമുള്ള ഈട്ടി മുത്തശ്ശിക്ക് ലഭിച്ചതിനേക്കാള്‍ വില കിട്ടിയത് 250 വര്‍ഷം പഴക്കമുള്ള കരുളായി എഴുത്തുകല്ല് പ്ലാന്റേഷനില്‍ നിന്ന് കൊണ്ടുവന്ന ഈട്ടി മരത്തിനായിരുന്നു.
500 വര്‍ഷം പഴക്കമുള്ള മരത്തിന് ഘനമീറ്ററിന് 5,00,500 രൂപയാണ് ലഭിച്ചത്. എന്നാല്‍ 250 വര്‍ഷം പഴക്കമുള്ള ഈട്ടിമരത്തിന് 5,51,000 രൂപയാണ് ഘനമീറ്ററിന് ലഭിച്ചത്. മികച്ച മരം കാറ്റഗറിയായ ബി ഒന്ന് ഇനത്തില്‍പ്പെട്ട ഈ രണ്ടു കഷണങ്ങളും എറണാകുളം ജെംവുഡ് എന്ന സ്ഥാപനമാണ് മോഹവിലയ്ക്ക് ലേലത്തില്‍ പിടിച്ചത്.
170 ഘനമീറ്റര്‍ തടിയാണ് മൊത്തം ലേലത്തിനുവെച്ചത്. കരുവാരക്കുണ്ടില്‍ നിന്നുള്ള മരം മൊത്തം 1.72 ഘനമീറ്ററാണുണ്ടായിരുന്നത്. 26.5 ശതമാനം നികുതി ഉള്‍പ്പെടെ 11.28 ലക്ഷം രൂപയാണ് ഈ ഒറ്റക്കഷണത്തിന് ലഭിച്ചത്. എഴുത്തുകല്ലിലെ തടി 1.275 ഘനമീറ്ററാണുണ്ടായിരുന്നത്. ഇതിന് നികുതിയുള്‍പ്പെടെ 8.92 ലക്ഷം രൂപയും ലഭിച്ചു.
രണ്ടു ഘട്ടങ്ങളിലായാണ് ഡിപ്പോയിലെ 200 ലോട്ട് ഈട്ടിത്തടികള്‍ വില്‍ക്കുന്നത്. കഴിഞ്ഞദിവസം ലേലത്തിനുവെച്ച 100 ലോട്ടുകളില്‍ 51 എണ്ണമാണ് വിറ്റുപോയത്. ഏതാനും ലോട്ടുകളുടെ വില്‍പ്പന നടന്നെങ്കിലും വില്‍പ്പന ഉറപ്പിക്കാന്‍ വനം ചീഫ് കണ്‍സര്‍വേറ്റ (സി.സി.എഫ്) റുടെ അനുമതികൂടി വേണം. അവശേഷിക്കുന്ന തടികളുടെ വില്‍പ്പന ജൂലായില്‍ പൂര്‍ത്തിയാക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..