വെടിവെച്ചും കത്തിച്ചും കഴുത്തറുത്തും പകയിലൊടുങ്ങുന്ന ജീവനുകള്‍; ഇത് പ്രണയമല്ല, അരുംകൊലകള്‍


സ്വന്തം ലേഖിക

എന്ത് പേരിട്ടുവിളിച്ചാലും നടന്നത് അരുംകൊലയാണ്. തനിക്ക് പ്രണയം തോന്നുന്നയാള്‍ തന്നെയും പ്രണയിച്ചേ തീരൂ എന്ന വാശിയെ പൈശാചികമെന്നേ വിളിക്കാനാകൂ. ഏത് കാട്ടുനീതി കൊണ്ടും ആ വാശിയെ ന്യായീകരിക്കാനാവില്ല.

മാനസ, നിഥിന, ദൃശ്യ

നിഥിന.. പ്രണയത്തിന്‍റെ പേരിലുള്ള പകയിലവസാനിക്കുന്ന ജീവനുകളുടെ പട്ടികയിലേക്ക് ഒടുവിലായി എഴുതിചേര്‍ക്കപ്പെട്ട പേര്. പ്രണയത്തില്‍ നിന്നു പിന്മാറിയതിലെ ദേഷ്യമാണ് അരുംകൊലയിലേക്ക് നയിച്ചതെന്ന് പ്രതി അഭിഷേക് സമ്മതിച്ചിട്ടുണ്ട്. കോഴ്‌സ് പൂര്‍ത്തിയാക്കി പരീക്ഷയ്ക്കായി കോളേജിലേക്ക് പോയ മകളെ കാത്തിരുന്ന അമ്മ അറിയുന്നത് മരണവാര്‍ത്തയാണ്. ഏക മകളാണ്, ആകെയുള്ള പ്രതീക്ഷയാണ്. എല്ലാം ഇല്ലാതായി, നഷ്ടപ്പെട്ടത് അവളുടെ കുടുംബത്തിനുമാത്രം...

കേരളത്തിന് പുതിയതല്ല പ്രണത്തിന്‍റെ പേരില്‍ നടക്കുന്ന ഇത്തരം അരുംകൊല. പ്രണയവുമായി കൂട്ടിവായിക്കുന്ന ഇത്തരം സംഭവങ്ങള്‍ കുറച്ചുകാലമായി നാം കേള്‍ക്കുന്നുണ്ട്. പ്രണയാഭ്യര്‍ഥന നിരസിച്ചതിന് രാഖിലിന്റെ തോക്കിന്‍ മുനയില്‍ കണ്ണൂര്‍ സ്വദേശിനി മാനസ നോവായൊടുങ്ങിയതിന്‍റെ മുറിവുണങ്ങുംമുന്‍പാണ് നിഥിനയുടെ അരുംകൊലയുടെ വാര്‍ത്തയും പുറത്തെത്തുന്നത്.

ദന്തഡോക്ടറാവാന്‍ പഠിക്കുകയായിരുന്നു മാനസ. പ്രണയാഭ്യര്‍ഥന നിരസിച്ചെന്ന കാരണത്താലാണ് അവളെ രാഖില്‍ തോക്കിന്‍മുനയില്‍ ഇല്ലാതാക്കിയത്. തലയ്ക്കും നെഞ്ചിനു താഴെയും വെടിയേറ്റ് പിടഞ്ഞുവീണ് അവള്‍ മരിച്ചു. പിന്നാലെ പ്രതിയുടെ ആത്മഹത്യയും.

manasa murder case
മാനസ, രാഖില്‍

പെരിന്തല്‍മണ്ണ ഏളാട് സ്വദേശി ദൃശ്യ കുത്തേറ്റ് മരിച്ചത് ഇക്കഴിഞ്ഞ ജൂണിലാണ്. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ദൃശ്യയെ വിനീഷ് വീട്ടില്‍ക്കയറി ആക്രമിക്കുകയായിരുന്നു. കാരണം പ്രണയം നിരസിക്കല്‍. 'പ്രണയിച്ച' പെണ്ണിന്റെ ശരീരത്തില്‍ കത്തികൊണ്ടുള്ള 22 മുറിവുകളാണ് വിനീഷ് വീഴ്ത്തിയത്.

2019 ഒക്ടോബറിലാണ് കൊച്ചി അത്താണിയില്‍ പ്ലസ്ടുക്കാരി ദേവികയെ മിഥുന്‍ എന്ന 26 വയസ്സുകാരന്‍ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നത്. മിഥുനും ആത്മഹത്യ ചെയ്തു. കാരണം പ്രണയനൈരാശ്യമെന്ന് പോലീസ്.

ആലപ്പുഴയിലെ പോലീസുകാരിയായ സൗമ്യ പുഷ്പാകരനെ സഹപ്രവര്‍ത്തകനായ അജാസ് സമാനമായ രീതിയിലാണ് കൊലപ്പെടുത്തിയത്. മാവേലിക്കര വള്ളികുന്നം പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരായിരുന്നു ഇരുവരും. വിവാഹാഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അജാസ് തന്നെ മൊഴി നല്‍കി. വടിവാളുകൊണ്ടു വെട്ടിയതിന് ശേഷമാണ് സൗമ്യയെ പെട്രോളൊഴിച്ച് തീകൊളുത്തിയത്. അജാസും ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇയാള്‍ പിന്നീട് ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടു. 2019 ജൂണിലായിരുന്നു ഈ ദാരുണസംഭവവും നടന്നത്.