സന്തോഷത്തോടെ യാത്രയാക്കി,തിരിച്ചെത്തിയത് ചേതനയറ്റ്:മൂന്ന് മാസമായിട്ടും നിദയുടെ മരണകാരണം അജ്ഞാതം


അജ്മല്‍ മൂന്നിയൂര്‍

4 min read
Read later
Print
Share

ഞങ്ങളുടെ പൊന്നുമോള്‍ എങ്ങനെ മരിച്ചെന്ന് അറിയാതെ ഞങ്ങള്‍ക്ക് എങ്ങനെ ശരിയായി ഒന്ന് ഉറങ്ങാന്‍ പറ്റും'

നിദയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ, നിദ നാഗ്പുരിലേക്ക് പോകുന്നതിനായി ട്രെയിനിൽ കയറിയപ്പോൾ

ട്ടോ ഡ്രൈവറായ ആലപ്പുഴ കക്കായം സ്വദേശി ഷിഹാബുദ്ദീന്‍ സ്‌കൂള്‍ ബസിന്റെ ഡ്രൈവറും കൂടിയാണ്. നാഗ്പൂരില്‍ നടക്കുന്ന ദേശീയ ജൂനിയര്‍ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരള ടീമിലേക്ക് മകള്‍ നിദ ഫാത്തിമയെ തിരഞ്ഞെടുക്കപ്പെട്ടതറിഞ്ഞ് ഷിഹാബുദ്ദീനും കുടുംബവും അതിയായി സന്തോഷിച്ചു. മത്സരത്തിനായി നാഗ്പുരിലേക്ക് വലിയ ആഹ്ലാദത്തോടെ തന്നെ മകളെ കേരള ടീമിനൊപ്പം ട്രെയിനില്‍ യാത്രയാക്കി. ഒരു ദേശീയ താരമായി മകള്‍ തിരികെ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ഷിഹാബുദ്ദീന്റെ കക്കായത്തുള്ള സുഹറ മന്‍സിലിലേക്ക് ഒരാഴ്ചയക്ക് ശേഷം നിദയെത്തി,ചേതനയറ്റ്.

വെള്ളത്തുണിയില്‍പൊതിഞ്ഞ ആ ചേതനയറ്റ ശരീരം കാണുമ്പോഴാണ് സഹോദരന്‍ നബീലും തിരിച്ചറിയുന്നത് തന്റെ ഇത്തി ഇനി വിളി കേള്‍ക്കില്ലെന്ന്...ദേശീയ ജൂനിയര്‍ സൈക്കള്‍ പോളോ ചാമ്പ്യന്‍ ഷിപ്പിന് പോയി നാഗ്പുരില്‍ വെച്ച് നിദ മരിച്ചിട്ട് ഇപ്പോള്‍ മൂന്ന് മാസമായി. തന്റെ മകളുടെ മരണകാരണം തേടി ഇപ്പോഴും അലയുകാണ് ഷിഹാബുദ്ദീനും കുടുംബവും. പൊന്നാമനയുടെ വേര്‍പാടില്‍ ഷിഹാബുദ്ദീന്റെ ഭാര്യ അന്‍സില മാനസികമായി തകര്‍ന്നു, ഭാര്യയെ തനിച്ചാക്കി തനിക്ക് ജോലിക്ക് പോകുവാന്‍കൂടി ഭയമാണെന്നും നീതിക്ക് വേണ്ടി മുട്ടാത്ത വാതിലുകളില്ലെന്നും ഷിഹാബ് പറയുന്നു.

ഭക്ഷ്യവിഷബാധയേറ്റ് മരിച്ചെന്നാണ് നിദ ചികിത്സതേടിയ നാഗ്പുരിലെ ശ്രീകൃഷ്ണ ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നത്. 'മൂന്ന് മാസമായി എന്റെ മകള്‍ മരിച്ചിട്ട്. എങ്ങനെയാണ് അവള്‍ മരിച്ചതെന്ന് ഒരു സംവിധാനങ്ങള്‍ക്കും ഇതുവരെ പറയാന്‍ കഴിഞ്ഞിട്ടില്ല. ആശുപത്രിയില്‍ എന്റെ കുഞ്ഞിന് മരുന്ന് മാറി കുത്തിവെച്ചതാണ് എന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. എന്റെ കുഞ്ഞിനെ കൊന്നവര്‍ ഇപ്പോഴും സുഖമായി കഴിയുമ്പോള്‍ ഞങ്ങള്‍ ഓരോ ദിവസം നീറിയാണ് ജീവിതം മുന്നോട്ട് കൊണ്ടുപോയി കൊണ്ടിരിക്കുന്നത്. ഞങ്ങളുടെ പൊന്നുമോള്‍ എങ്ങനെ മരിച്ചെന്ന് അറിയാതെ ഞങ്ങള്‍ക്ക് എങ്ങനെ ശരിയായി ഒന്ന് ഉറങ്ങാന്‍ പറ്റും' ഷിഹാബുദ്ദീന്‍ ചോദിക്കുന്നു.

മരണം നടന്ന ഒരു മാസത്തിന് ശേഷമാണ് ഷിഹാബിന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചത്. അതും നാഗ്പുരിലെ മലയാളി അസോസിയേഷനുകള്‍ പല ഓഫീസുകളും കയറിയിറങ്ങിയിട്ടാണ് ലഭ്യമാക്കി നല്‍കിയത്. മരണം കാരണം എന്താണെന്ന് ഇതില്‍ കൃത്യമായി പറയുന്നില്ല. സാമ്പിളുകളും മറ്റും പതോളജി ലാബുകളിലേക്ക് അയക്കാനുള്ള നിര്‍ദേശമാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ഭക്ഷ്യവിഷബാധയാണെന്ന് അതില്‍ പറയുന്നില്ല. ഭക്ഷണത്തിന്റെ സാമ്പിളും ലാബിലേക്ക് അയക്കാന്‍ പറഞ്ഞിട്ടുണ്ട്. എല്ലാം അയച്ചു. മൂന്ന് മാസമായി കാത്തിരിപ്പ് തുടരുകയാണ്, ഇതുവരെ മറ്റൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് ഷിഹാബ് പറയുന്നു.

'മകളുടെ മരണത്തിനുത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക എന്നത് ഒരു പിതാവ് എന്ന നിലയില്‍ എന്റെ കടമയാണ്. മരണത്തിന് പിന്നാലെ അമ്പലപ്പുഴ സിഐ എന്റെ മൊഴിയെടുക്കാന്‍ വന്നിരുന്നു. ഈ സമയത്ത് പരാതി ഞാന്‍ എഴുതി നല്‍കേണ്ടതുണ്ടോ എന്ന് ചോദിച്ചപ്പോള്‍ വേണ്ടെന്നാണ് പറഞ്ഞത്. എല്ലാം ഞങ്ങള്‍ നോക്കാമെന്നാണ് പറഞ്ഞത്. നാഗ്പുര്‍ ധന്തോളി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് അവളെ ചികിത്സിച്ച ആശുപത്രിയുള്ളത്. അവിടേയും ചോദിച്ചു. ഞാന്‍ പരാതി എഴുതി തരണോ എന്നത്. അവരും പറഞ്ഞത്, മലയാളി അസോസിയേഷന്റേതടക്കം നാലഞ്ച് പരാതികള്‍ നിലവില്‍ ഇവിടെയുണ്ടെന്നും അതിന്മേലുള്ള അന്വേഷണം നടക്കുന്നതിനാല്‍ നിങ്ങള്‍ പരാതി തരേണ്ടതില്ലെന്നുമാണ്' ഷിഹാബുദ്ദീന്‍ പറഞ്ഞു.

നിദ സഹോദരന്‍ നബീലിനും പിതാവ് ഷിഹാബുദ്ദീനും മാതാവ് അന്‍സിലയ്ക്കുമൊപ്പം

ആശുപത്രിക്കെതിരെ അന്നുതന്നെ തങ്ങള്‍ ആരോപണം ഉയര്‍ത്തിയതുകൊണ്ട് മലയാളി ഡോക്ടറടക്കമുള്ളവരെ ഉള്‍പ്പെടുത്തിയാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടന്നത്. സാധാരണയിലും സമയമെടുത്താണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. 20 ദിവസത്തിനുള്ളില്‍ എല്ലാ റിപ്പോര്‍ട്ടുകളും നല്‍കാമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നത്. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കടക്കം സാമ്പിളുകള്‍ അയക്കുന്നുണ്ടെന്നും അറിയിച്ചിരുന്നു. ഇപ്പോള്‍ 90 ദിവസമായി. ഒരു റിപ്പോര്‍ട്ടുമില്ല വിവരവുമില്ല. മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ട് അന്വേഷിക്കുമ്പോള്‍ അടുത്ത ആഴ്ച, അടുത്ത ആഴ്ച എന്നിങ്ങനെ മാത്രമാണ് പറയുന്നത്. ആധികരകമായ ഒരു വിവരവും ആരും തനിക്ക് നല്‍കുന്നില്ലെന്നും കണ്ണീരോടെ ഷിഹാബുദ്ദീന്‍ തന്റെ വേദന പങ്കുവെക്കുന്നു.

അജ്ഞാതമായി തുടരുന്ന നിദയുടെ മരണ കാരണം

ഷിഹാബുദ്ദീന്റെയും അന്‍സിലയുടെയും മകളായ നിദ നീര്‍ക്കുന്നം എസ്.ഡി.വി. സ്‌കൂള്‍ അഞ്ചാംതരം വിദ്യാര്‍ഥിനിയായിരുന്നു. കേരള സൈക്കിള്‍ പോളോ അസോസിയേഷന്‍ അണ്ടര്‍ 14 താരമായ നിദ 2022 ഡിസംബര്‍ 20-നാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനായി ടീമിനൊപ്പം നാഗ്പുരിലെത്തിയത്. തൊട്ടടുത്ത ദിവസം രാത്രിയോടെ കടുത്ത ഛര്‍ദ്ദിയുണ്ടായി. പിറ്റേദിവസം രാവിലെയും അസ്വസ്ഥത തോന്നിയതിനാല്‍ മത്സരത്തിനുമുമ്പ് ഒന്നുകൂടി പരിശോധിക്കാന്‍ എട്ടുമണിയോടെ ആശുപത്രിയിലെത്തി. ഛര്‍ദ്ദി നിര്‍ത്തുന്നതിനു കുത്തിവെപ്പ് എടുക്കുകയും തുടര്‍ന്ന് നില വഷളാകുകയുമായിരുന്നു. ഉടന്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും പത്തരയോടെ മരിച്ചു. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണത്തിനിടയാക്കിയതെന്ന് ഒപ്പമുണ്ടായിരുന്നവര്‍ ആരോപിച്ചിരുന്നത്. കുഞ്ഞ് അഞ്ചാറു തവണ ശര്‍ദ്ദിച്ഛ് അവശയായിട്ടാണ് ആശുപത്രിയിലെത്തിയതെന്നാണ് ആശുപത്രി അധികൃതര്‍ ആദ്യം നല്‍കിയ ഡെത്ത് സമ്മറി റിപ്പോര്‍ട്ട്. എന്നാല്‍ നല്ല നിലയില്‍ അവശതയൊന്നും ഇല്ലാതെയാണ് കുട്ടി ആശുപത്രിയിലെത്തിയതെന്ന് സിസിടിവി പരിശോധിച്ചപ്പോള്‍ വ്യക്തമായതായും പോലീസ് ഇടപ്പെട്ട് പിന്നീട് ഇത് തിരുത്തിച്ചെന്നും ഷിഹാബ് ആരോപിച്ചു.

നാഗ്പുരിലെ ദുരിതം.

നാഗ്പുരിലെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കേരളത്തില്‍നിന്ന് രണ്ട് അസോസിയേഷനുകളുടെ ടീമുകളാണു പോയത്. അതില്‍ കേരള സൈക്കിള്‍ പോളോ അസോസിയേഷന്‍ ടീമംഗമായിരുന്നു നിദ ഫാത്തിമ. സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ രജിസ്റ്റര്‍ചെയ്ത സംഘടനയാണെങ്കിലും കോടതിയുത്തരവിലൂടെയാണ് നിദയുടെ ടീം മത്സരത്തിനുപോയത്. ഇവര്‍ക്കു താമസ-ഭക്ഷണ സൗകര്യം സംഘാടകര്‍ ഒരുക്കിയിരുന്നില്ല. മത്സരിക്കാനുള്ള അവസരം മാത്രമാണു നല്‍കിയത്. അതിനാല്‍ ടീം സ്വയം കണ്ടെത്തിയ ഇടങ്ങളില്‍ താമസിക്കുകയായിരുന്നു. ടീമിന് താമസസൗകര്യം നല്‍കാന്‍ സംഘാടകര്‍ തയ്യാറായില്ലെന്നാണ് ആരോപണം ഉയര്‍ന്നിരുന്നത്. 30 പേരടങ്ങുന്ന സംഘത്തിന് പെട്ടെന്ന് ഒരിടത്തു താമസസൗകര്യംകിട്ടാന്‍ പ്രയാസമായതിനാല്‍ ഒരു സംഘടനയുടെ ഓഫീസും മുറികളും ഉപയോഗിക്കുകയായിരുന്നു.

വന്ന ദിവസം രാത്രിയില്‍ ദോശ കഴിച്ച് നിമിഷങ്ങള്‍ക്കകമാണ് നിദയ്ക്കു ഛര്‍ദ്ദി തുടങ്ങിയത്. നിര്‍ത്താതെ ഛര്‍ദ്ദിച്ചപ്പോള്‍ മരുന്നുനല്‍കി. പുലര്‍ച്ചേ രണ്ടരയോടെയാണ് ഉറങ്ങിയത്. ആറരയോടെ ഉണര്‍ന്നു. ബുധനാഴ്ച അസ്വസ്ഥതകള്‍ ഒന്നുമുണ്ടായില്ല. വ്യാഴാഴ്ച രാവിലെ കൂട്ടുകാര്‍ക്കൊപ്പം ചിത്രങ്ങളൊക്കെയെടുത്തു. പക്ഷേ, മത്സരത്തിനു മുമ്പ് നേരിയ അസ്വസ്ഥത തോന്നിയപ്പോള്‍ വീണ്ടും ആശങ്കയായി. ഇതേത്തുടര്‍ന്നാണ് ആശുപത്രിയിലെത്തിയത്. അവിടെവെച്ച് ഛര്‍ദ്ദി നില്‍ക്കുന്നതിനുള്ള കുത്തിവെപ്പു നല്‍കുകയും പെട്ടെന്നുതന്നെ നില വഷളാകുകയുമായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്ന പരിശീലകന്‍ ജിതിന്‍ പറഞ്ഞത്.

ആശുപത്രിയില്‍ നിദ ഫാത്തിമ മരണത്തിനു കീഴടങ്ങുമ്പോള്‍ അതറിയാതെ മൈതാനത്തായിരുന്നു സഹ കളിക്കാര്‍. മൈതാനത്തെ ഫോട്ടോകള്‍ അവര്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഇടുന്നുമുണ്ടായിരുന്നു.
ചെറിയ അസ്വസ്ഥത തോന്നിയതോടെ മറ്റു കുട്ടികളെ ഗ്രൗണ്ടിലേക്കയച്ച് രണ്ടു കോച്ചുമാര്‍ നിദയെ ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്നാണ് സ്ഥിതി വഷളായതും മരണത്തിനു കീഴടങ്ങിയതും.

ഷിഹാബുദ്ദീനും കുടുംബവും മരണ വിവരം അറിഞ്ഞത് ടി.വി. യിലൂടെ

മകള്‍ക്കു സുഖമില്ലെന്നറിഞ്ഞ് നാഗ്പുരിലേക്കു പുറപ്പെട്ട നിദയുടെ പിതാവ് ഷിഹാബുദ്ദീന്‍ മരണ വിവരം അറിഞ്ഞത് വിമാനത്താവളത്തിലെ ടി.വി. യിലൂടെയാണ്. സ്‌കൂള്‍ ബസില്‍ കുട്ടികളെ കൊണ്ടുപോകുമ്പോഴായിരുന്നു മകള്‍ അത്യാസന്ന നിലയിലാണെന്ന് പറഞ്ഞ് വിളിയെത്തിയത്. തുടര്‍ന്ന് തിരക്കിട്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. വിമാനം കാത്തിരിക്കുമ്പോള്‍ ടി.വി. യില്‍ ആ ബ്രേക്കിങ് ന്യൂസ് ഷിഹാബ് കണ്ടു. പൊന്നുമോള്‍ ഇനിയില്ലെന്നറിഞ്ഞ് ആ പിതാവ് പൊട്ടിക്കരഞ്ഞു. മറ്റു യാത്രക്കാരും ആ കാഴ്ചകണ്ട് കണ്ണീരണിഞ്ഞു.

ആ സമയം ഇതൊന്നുമറിയാതെ വീട്ടില്‍ ടി.വി. കാണുകയായിരുന്നു നിദയുടെ മാതാവ് അന്‍സിലയും സഹോദരന്‍ മുഹമ്മദ് നബീലും. ചാനല്‍ മാറ്റുന്നതിനിടെയാണ് അവര്‍ മരണവിവരം അറിഞ്ഞത്. അതോടെ വീട്ടിലും പൊട്ടിക്കരച്ചിലായി. സ്‌കൂളിലെ യുട്യൂബര്‍ കൂടിയായിരുന്നു നിദ. അതേ സ്‌കൂളില്‍ മൂന്നാം ക്ലാസിലാണ് ഏക സഹോദരന്‍ നബീല്‍.


Content Highlights: nidha fathima cycle polo-after three month no found cause of death

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
veena george

1 min

പുതുതായി ഒറ്റ മെഡിക്കല്‍ കോളേജ് പോലുമില്ല, കേന്ദ്രത്തിന്റേത് കേരളം ഇന്ത്യയിലല്ലെന്ന സമീപനം- മന്ത്രി

Jun 9, 2023


rajeev chandrasekhar

കെ-ഫോണിൽ ചൈനീസ് കമ്പനിയുമായുള്ള ഇടപാട് സംശയകരം, സാഹചര്യം വ്യക്തമാക്കണം- കേന്ദ്രമന്ത്രി

Jun 9, 2023


vidya

1 min

വഴിവിട്ട സഹായം, സംവരണ അട്ടിമറി; വിദ്യയുടെ പിഎച്ച്.ഡി പ്രവേശനം കാലടി സര്‍വകലാശാല പുനഃപരിശോധിക്കും

Jun 8, 2023

Most Commented