കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പത്ത് സാക്ഷികളുടെ വിവരങ്ങള്‍ രഹസ്യമാക്കി എന്‍ഐഎ കോടതി. പത്ത് സാക്ഷികളുടെ വിവരങ്ങള്‍ രഹസ്യമാക്കണമെന്ന ദേശീയ ദേശീയ അന്വേഷണ ഏജന്‍സിയുടെ അഭ്യര്‍ഥന പ്രകാരമാണ് കോടതിയുടെ നടപടി. ഇതോടെ ഈ സാക്ഷികളുടെ വിവരങ്ങള്‍ ഇനി പുറത്തുവിടില്ല. 

സാക്ഷികളുടെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി എന്‍ഐഎ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് പത്ത് സാക്ഷികളെ സംരക്ഷിത സാക്ഷികളാക്കി കോടതി ഉത്തരവിറക്കിയത്. 

ഈ പത്ത് സാക്ഷികളുടെ പേരുകള്‍ കോടതി ഉത്തരവിലോ മറ്റു പരസ്യ രേഖകളിലോ പോലും ഉള്‍പ്പെടുത്തില്ല. മാത്രമല്ല പ്രതികള്‍ക്കും അഭിഭാഷകര്‍ക്കും ഉള്‍പ്പെടെ ഇവരുടെ വിശദാംശങ്ങള്‍ നല്‍കില്ല. 

കേസിലെ വിചാരണ നടക്കുന്ന സമയത്ത് കോടതിയില്‍ ഹാജരായി ജഡ്ജിയോട് കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ കഴിയും. ഇതല്ലാതെ മറ്റുകാര്യങ്ങള്‍ക്കൊന്നും സാക്ഷികളുടെ വിവരങ്ങള്‍ പുറത്തുവിടില്ല. ചില യുഎപിഎ കേസുകളില്‍ അന്വേഷണ ഏജന്‍സികള്‍ ഇത്തരം നടപടികളിലേക്ക് കടക്കാറുണ്ട്. സമാനമായ നീക്കമാണ് സ്വര്‍ണക്കടത്ത് കേസിലും ഉണ്ടായിരിക്കുന്നത്.

content highlights: NIA court protect details of 10 witness in gold smuggling case