ന്യൂഡല്‍ഹി: അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ സംഘാംഗമായ മലയാളിയെ ഡല്‍ഹിയില്‍ എന്‍ഐഎ (ദേശീയ അന്വേഷണ ഏജന്‍സി) അറസ്റ്റ് ചെയ്തു. കള്ളനോട്ട് സംഘത്തില്‍പ്പെട്ട പൊടി സലാം എന്ന അബ്ദുല്‍ സലാം ആണ് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായത്. മലപ്പുറം സ്വദേശിയാണ് അബ്ദുല്‍ സലാം.
2014ല്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ഒമ്പത് ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയ കേസിലെ പ്രതിയാണ് അബ്ദുല്‍ സലാം. സൗദി അറേബ്യയില്‍നിന്ന് ഡല്‍ഹിയില്‍ ഇറങ്ങവെയാണ് ഇയാള്‍ എന്‍ഐഎയുടെ പിടിയിലായത്. ഇയാളെ സൗദി നാടുകടത്തിയതാണെന്നാണ് റിപ്പോര്‍ട്ട്.
ദാവൂദ് ഇബ്രാഹിമിന്റെ വലംകയ്യായ അഫ്താബ് ബക്തിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് അബ്ദുല്‍ സലാമെന്ന് കള്ളനോട്ട് കേസില്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കുറ്റപത്രത്തില്‍ പറയുന്നു. പാകിസ്താനില്‍നിന്ന് ഗള്‍ഫ് വഴി ഇന്ത്യയിലേയ്ക്ക് കള്ളനോട്ടുകള്‍ കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയുമാണ് ഇയാള്‍.
2013ല്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍നിന്ന് പിടിയിലായ ആബിദ് ചുള്ളിക്കുളവന്‍ ഹസ്സന് എന്നയാളില്‍നിന്നാണ് അബ്ദുല്‍ സലാമിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്. പിന്നീട് കേസ് എന്‍ഐഎയ്ക്ക് കൈമാറി. ഇപ്പോള്‍ ഈ കേസില്‍ എറണാകുളം എന്‍ഐഎ പ്രത്യക കോടതിയില്‍ വിചാരണ നടക്കുകയാണ്.