അടച്ച് സീൽ വെച്ച ഒരു പോപ്പലർ ഫ്രണ്ട് ഓഫീസ്, ആലുവയിലെത്തിയ സിആർപിഎഫ് സേന |ഫോട്ടോ: PTI,മാതൃഭൂമി
കൊച്ചി: രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടി നൂറു വര്‍ഷം തികയുന്ന 2047-ല്‍ ഇന്ത്യയിലെ ജനാധിപത്യം അവസാനിപ്പിച്ച് മതാധിഷ്ഠിത രാഷ്ട്രം നിര്‍മിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചെന്ന് എന്‍.ഐ.എ.
ഇതടക്കം ഗുരുതര ആരോപണങ്ങളാണ് എന്‍.ഐ.എ. കുറ്റപത്രത്തില്‍ പറയുന്നത്. ഇന്ത്യയിലെ ജനാധിപത്യ ഭരണകൂടത്തെ പടിപടിയായി ഇല്ലാതാക്കി മതാധിഷ്ഠിത രാഷ്ട്രമാക്കി പരിവര്‍ത്തനം ചെയ്യുകയെന്ന വന്‍ ആസൂത്രണത്തിന്റെ ഭാഗമായ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് സംഘടന ലക്ഷ്യമിട്ടത്. ഈ ലക്ഷ്യങ്ങള്‍ നിറവേറ്റാനായി മൂന്നു ശാഖകള്‍ പോപ്പുലര്‍ ഫ്രണ്ട് രൂപവത്കരിച്ചു. റിപ്പോര്‍ട്ടേഴ്സ് വിങ്, ആയോധന സായുധ പരിശീലന ശാഖ, സര്‍വീസ് ടീമുകള്‍ എന്നിങ്ങനെയുള്ള മൂന്ന് ശാഖകളുടെ ക്യാമ്പുകള്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു.
കൊലയാളി സംഘങ്ങളെയാണ് സംഘടന 'സര്‍വീസ് ടീമുകള്‍' എന്നു വിശേഷിപ്പിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു. കായിക പരിശീലനം, യോഗ പരിശീലനം തുടങ്ങിയ പേരുകളിലാണ് ഇത്തരം ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചത്. മറ്റു സമുദായങ്ങളിലെ എതിരാളിക്കുള്ള ശിക്ഷ വിധിക്കാന്‍ 'ദാറുള്‍ ഖാസ' എന്ന പേരില്‍ സമാന്തര കോടതികള്‍ രഹസ്യ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ചെന്നും കുറ്റപത്രത്തിലുണ്ട്. അന്താരാഷ്ട്ര ഭീകര സംഘടനകളായ ഐ.എസ്., അല്‍ഖായിദ എന്നിവരെ പിന്തുണയ്ക്കുന്ന നടപടികള്‍ പോപ്പുലര്‍ ഫ്രണ്ട് സ്വീകരിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു.
പ്രതികളില്‍ 16 പേരെ എന്‍.ഐ.എ. നേരിട്ടും ശേഷിക്കുന്നവരെ പോലീസുമാണ് അറസ്റ്റ് ചെയ്തത്. പാലക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത ശ്രീനിവാസന്‍ വധക്കേസിലെ പ്രതികളും ഈ ഗൂഢാലോചന കേസില്‍ പങ്കാളികളാണെന്നും കുറ്റപത്രം പറയുന്നു. അന്വേഷണം ഏറ്റെടുത്ത ശേഷം കേരളത്തിലെ നൂറോളം ഇടങ്ങളില്‍ എന്‍.ഐ.എ. പരിശോധന നടത്തി തെളിവുകളും രേഖകളും കണ്ടെത്തിയിരുന്നു.
പോപ്പുലർ ഫ്രണ്ടിനെതിരേ എൻ.ഐ.എ. കുറ്റപത്രം സമർപ്പിച്ചു
ഭീകര സംഘടനകളെ പിന്തുണയ്ക്കുകയും രാജ്യത്തെ മതസൗഹാർദം തകർക്കാൻ ശ്രമിക്കുകയും ചെയ്തു എന്ന ഗുരുതര കുറ്റങ്ങൾ ചുമത്തി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരേ എൻ.ഐ.എ. കുറ്റപത്രം സമർപ്പിച്ചു. ഇന്ത്യൻ ശിക്ഷാ നിയമം, നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യു.എ.പി.എ.), ആയുധ നിരോധന നിയമം എന്നിവ ചുമത്തി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളും പ്രവർത്തകരുമായ 59 പേർക്കെതിരേയാണ് എൻ.ഐ.എ. കുറ്റപത്രം സമർപ്പിച്ചത്. എറണാകുളത്തെ പ്രത്യേക എൻ.ഐ.എ. കോടതിയിലും ചെന്നൈയിലെ കോടതിയിലുമായിട്ടാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താർ, സംസ്ഥാന നിർവാഹക സമിതി അംഗം യഹിയ കോയ തങ്ങൾ, എറണാകുളം മേഖലാ സെക്രട്ടറി എം.എച്ച്. ഷിഹാസ്, എസ്.ഡി.പി.ഐ. ജില്ലാ ഭാരവാഹികളായ ടി.എസ്. സൈനുദീൻ, എ.പി. സാദിഖ്, സി.ടി. സുലൈമാൻ, പി.കെ. ഉസ്മാൻ എന്നിവർക്കെതിരേ എറണാകുളത്തെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പോപ്പുലർ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് ഖാലിദ് മുഹമ്മദ്, ചെന്നൈയിൽ ഫയൽ ചെയ്ത കുറ്റപത്രത്തിലെ പ്രതിയാണ്.
തമിഴ്‌നാട് സ്വദേശികളായ 10 പ്രതികൾക്കെതിരേയും ചെന്നൈയിലെ കോടതിയിൽ കുറ്റപത്രം നൽകിയിട്ടുണ്ട്. ഇതോടെ രാജ്യത്തെ വിവിധ കോടതികളിലായി ഇതേ കേസിൽ സമർപ്പിച്ച കുറ്റപത്രങ്ങളുടെ എണ്ണം നാലായി.
രാജ്യത്തെ മതസൗഹാർദം തകർക്കാനും ജനാധിപത്യം ഇല്ലാതാക്കാനും ഗൂഢാലോചന നടത്തിയെന്നാണ് കുറ്റപത്രത്തിലെ ആരോപണം. ഇതര വിഭാഗങ്ങളിലെ ഉന്നത നേതാക്കളെ വധിക്കാൻ ആയുധ പരിശീലനവും പണപ്പിരിവും നടത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു. പ്രതികൾക്കെതിരായ 650 രേഖകളും തൊണ്ടിമുതലുകളും കുറ്റപത്രത്തിനൊപ്പം ഹാജരാക്കിയിട്ടുണ്ട്. 2022 സെപ്റ്റംബറിലാണ് എൻ.ഐ.എ. ഈ കേസ് രജിസ്റ്റർ ചെയ്തത്.
Content Highlights: NIA against Popular Front Charge sheet filed
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..