തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലപാതകത്തില്‍ സനലിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കുക. ഡയറക്ട് ഐപിഎസ് ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടും.  അല്ലെങ്കില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടും. ശനിയാഴ്ച ചേര്‍ന്ന ജനകീയ സമിതി യോഗത്തിലാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാന്‍ തീരുമാനമെടുത്തത്. 

സനലിന്റെ കുടുംബത്തിന് വേണ്ടി അടുത്തയാഴ്ച ജനകീയ സമിതി കോടതിയില്‍ ഹര്‍ജി നല്‍കും. നിലവില്‍ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ല. അന്വേഷണവുമായി സഹകരിക്കേണ്ടന്നാണ് സമിതിയോഗത്തിലെടുത്ത തീരുമാനം. വിഷയത്തില്‍ സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സത്യാഗ്രഹം നടത്താനാണ് തീരുമാനം. 

അതേസമയം കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജിക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ശുപാര്‍ശ ചെയ്തു. സനലിന്റെ കുടുംബം നല്‍കിയ അപേക്ഷയിലാണ് ഡിജിപിയുടെ നടപടി. അതിനിടെ സനലിനെ വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട ഡിവൈഎസ്പി പി.ഹരികുമാറിനെ പിടികൂടാന്‍ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ഇയാള്‍ ഉടന്‍ കീഴടങ്ങിയേക്കുമെന്നാണു ലഭിക്കുന്ന വിവരം.