തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വാഹനത്തിനു മുന്നില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിലെ  പ്രതി ഡി വൈ എസ് പി ഹരികുമാര്‍ ഉടന്‍ കീഴടങ്ങിയേക്കും. ഹരികുമാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നവംബര്‍ പതിനാലിലേക്ക് മാറ്റിയ സാഹചര്യത്തിലാണ് ഹരികുമാറിന്റെ നീക്കം.

ജാമ്യാപേക്ഷ പരിഗണിക്കുന്ന സമയം വരെ ഒളിവില്‍ കഴിയുന്നത് ബുദ്ധിമുട്ടാണെന്ന ബോധ്യമാണ് കീഴടങ്ങാന്‍ ഹരികുമാറിനെ പ്രരിപ്പിച്ചതെന്നാണ് സൂചന. 

തിങ്കളാഴ്ച രാത്രിയാണ് റോഡിലെ തര്‍ക്കത്തിനെ തുടര്‍ന്ന് ഹരികുമാര്‍ പിടിച്ചു തള്ളിയ സനല്‍ കുമാര്‍ എന്നയാള്‍ കാറിടിച്ച് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ഹരികുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്നാണ് ഇയാള്‍ ഒളിവില്‍ പോയത്. പിന്നീട് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. 

ഹരികുമാറുമായി ബന്ധമുള്ളവര്‍ ഭരണകക്ഷിയിലെ ചില നേതാക്കളുമായും പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ നേതൃത്വവുമായി ബന്ധപ്പെട്ടതായി സ്‌പെഷല്‍ ബ്രാഞ്ചിന് സൂചന ലഭിച്ചു. 

അതേസമയം ഹരികുമാറിനു വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ക്രൈം ബ്രാഞ്ച് എസ് പി കെ എം ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹരികുമാറിനു വേണ്ടി തിരച്ചില്‍ നടത്തുന്നത്. ഹരികുമാര്‍ ഒളിവില്‍ കഴിയാന്‍ സാധ്യതയുള്ള കേന്ദ്രങ്ങളിലാണ് ക്രൈംബ്രാഞ്ചിന്റെയടക്കം വിവിധ സംഘങ്ങള്‍ പരിശോധന തുടരുന്നത്. 

മൊബൈല്‍ നമ്പര്‍ ലൊക്കേഷന്‍ തമിഴ്നാട്ടില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഹരികുമാറിനായി അവിടെയും തെരച്ചില്‍ തുടരുന്നുണ്ട്. വെള്ളിയാഴ്ച സംഭവസ്ഥലത്തും ഹരികുമാറിന്റെ വീടുകളിലും ആരംഭിച്ച തെളിവെടുപ്പ് ശനിയാഴ്ചയും തുടര്‍ന്നേക്കും. വിശദമായ പരിശോധന ആവശ്യമായതിനാല്‍ ക്രൈംബ്രാഞ്ച് അന്വഷണ സംഘത്തില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി വിപുലീകരിച്ചിട്ടുണ്ട്. 

അതേസമയം നീതി ലഭിച്ചില്ലെങ്കില്‍ കുഞ്ഞുങ്ങളുമായി സമരം നടത്തുമെന്ന് സനലിന്റെ ഭാര്യ വിജി പ്രതികരിച്ചു. 

content highlights: neyyatinkara sanal kumar murder case, Suspended DySP Harikumar likely to be surrender soon