തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഡിവൈ.എസ്.പി തള്ളിയിട്ട യുവാവ് കാറിടിച്ച് മരിച്ച സംഭവത്തിന് ദൃക്സാക്ഷിയായ ഹോട്ടല്‍ ഉടമയ്ക്ക് ഭീഷണി. മാഹിന്‍ എന്ന ഹോട്ടല്‍ ഉടമയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

വ്യാഴാഴ്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വന്നുപോയ ശേഷം നാലുപേര്‍ വീട്ടിലെത്തി മോശമായി സംസാരിച്ചുവെന്നും വെള്ളിയാഴ്ച ഒരാള്‍ തന്റെ ഹോട്ടലിലെത്തി ഭീഷണിപ്പെടുത്തിയെന്നും മാഹിന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. വെള്ളിയാഴ്ച ഹോട്ടലിലെത്തിയ ഗുണ്ടയേപ്പോലെ തോന്നിക്കുന്ന ആള്‍ കച്ചവടം നടത്താന്‍ സമ്മതിക്കില്ലെന്ന തരത്തില്‍ സംസാരിച്ചു. ധൈര്യക്കുറവ്മൂലം ഉച്ചയ്ക്ക് ശേഷം ഹോട്ടല്‍ അടച്ചുവെന്നും മാഹിന്‍ പറയുന്നു. അജ്ഞാത വ്യക്തികളാണ് ഭീഷണിയുമായി എത്തിയത്.

അതിനിടെ, ഭീഷണിയെപ്പറ്റി പോലീസ് അന്വേഷണം തുടങ്ങി. മാഹിന്റെ വീട്ടിലെത്തി പോലീസ് വിവരങ്ങള്‍ ശേഖരിച്ചു. നെയ്യാറ്റിന്‍കരയിലെ സനല്‍കുമാറിന്റെ മരണത്തില്‍ പോലീസ് അന്വേഷിച്ചുവരുന്ന ഡിവൈഎസ്പി ഹരികുമാര്‍ ഇപ്പോഴും ഒളിവിലാണ്. വാക്കുതര്‍ക്കത്തിനിടെ ഡിവൈ.എസ്.പി തള്ളിയിട്ട യുവാവാണ് കാറിടിച്ച് മരിച്ചത്. സംഭവം വാഹനാപകടമാണെന്ന് ചിത്രീകരിക്കാന്‍ പോലീസ് ശ്രമിച്ചുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.