അപകടം നടന്ന കല്ലടയാറ്റിലെ കുളിക്കടവ്. ഇൻസെറ്റിൽ മരിച്ച അൻസൽ, അൽത്താഫ്
തെന്മല: തെന്മല പരപ്പാര്‍ ഡാമിനുസമീപം കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ നവവരനും ഭാര്യാസഹോദരനും മുങ്ങിമരിച്ചു. കരുനാഗപ്പള്ളി പുതുക്കാട് വടക്കേതില്‍ (പുത്തന്‍പുരയ്ക്കല്‍) അന്‍സല്‍ (26), ഭാര്യാസഹോദരന്‍ പുത്തന്‍വീട്ടില്‍ കിഴക്കേതില്‍ അല്‍ത്താഫ് (23) എന്നിവരാണ് മരിച്ചത്. ഒക്ടോബര്‍ 18-നായിരുന്നു അന്‍സലിന്റെ വിവാഹം.
കഴിഞ്ഞദിവസം രാവിലെ ഒന്‍പതോടെ കുടുംബത്തോടൊപ്പം തമിഴ്‌നാട് ഏര്‍വാടി പള്ളിയില്‍ പോയി തിരികെവരുമ്പോള്‍ ഡാം കവലയിലെ കുളിക്കടവില്‍ ഇറങ്ങുകയായിരുന്നു. ആദ്യം ഒരാളാണ് ഒഴുക്കില്‍പ്പെട്ടത്.
അടുത്തയാള്‍ രക്ഷിക്കാന്‍ ഇറങ്ങിയതോടെ രണ്ടുപേരും കയത്തില്‍ മുങ്ങിത്താഴ്ന്നു. കൂടെയുണ്ടായിരുന്നവര്‍ ബഹളംവെച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ശക്തമായ ഒഴുക്കും വെള്ളം കലങ്ങിമറിഞ്ഞതും കണ്ടെത്താന്‍ തടസ്സമായി. പരപ്പാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിവെച്ചിരിക്കുന്നതിനാല്‍ കല്ലടയാറില്‍ നീരൊഴുക്ക് ശക്തമായിരുന്നു.
നാട്ടുകാര്‍ ഏറെ പണിപ്പെട്ടാണ് ഇരുവരെയും കണ്ടെത്തിയത്. തെന്മല പോലീസും ചേര്‍ന്ന് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അന്‍സറിന്റെയും ജാസ്മിലയുടെയും മകനാണ് അല്‍ത്താഫ്. ഹമീദ് കുഞ്ഞിന്റെയും സജിലയുടെയും മകനാണ് അന്‍സല്‍. ഭാര്യ: അല്‍ഫിയ.
അല്‍ഫിയയ്ക്ക് നഷ്ടമായത് സഹോദരനെയും ഭര്‍ത്താവിനെയും
കരുനാഗപ്പള്ളി: ആഹ്ലാദത്തിന്റെ ദിനങ്ങള്‍ക്ക് അധികം ആയുസ്സുണ്ടായിരുന്നില്ല... അതിനുമുന്‍പേ എത്തിയ ദുരന്തവാര്‍ത്തയില്‍ വിറങ്ങലിച്ചുനില്‍ക്കുകയാണ് അല്‍ത്താഫിന്റെയും അന്‍സിലിന്റെയും ബന്ധുക്കളും സുഹൃത്തുക്കളും.
കഴിഞ്ഞ ഒക്ടോബര്‍ 18-നാണ് അന്‍സിലും അല്‍ത്താഫിന്റെ സഹോദരി അല്‍ഫിയയും തമ്മിലുള്ള വിവാഹം നടന്നത്. വിദേശത്തായിരുന്ന അന്‍സില്‍ വിവാഹത്തിനായാണ് നാട്ടില്‍ എത്തിയത്.
നവംബര്‍ അവസാനത്തോടെ മടങ്ങിപ്പോകാനിരിക്കുകയായിരുന്നു. ഇതിനിടയിലാണ് കുടുംബാംഗങ്ങള്‍ ചേര്‍ന്ന് ഏര്‍വാടി പള്ളിയിലേക്ക് തീര്‍ത്ഥാടനത്തിനു പോയത്. രണ്ടു വാഹനങ്ങളിലായി ഒന്‍പതുപേരുണ്ടായിരുന്നു. മടങ്ങിവരുമ്പോഴാണ് തെന്മലയില്‍ കല്ലടയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് അപകടം ഉണ്ടാകുന്നത്. ഭര്‍ത്താവിന്റെയും സഹോദരന്റെയും മരണവാര്‍ത്ത വിശ്വസിക്കാനാകുന്നില്ല അല്‍ഫിയയ്ക്ക്. അല്‍ത്താഫും അന്‍സിലും സുഹൃത്തുക്കളെപ്പോലെയായിരുന്നു. ഇരുവര്‍ക്കും നാട്ടില്‍ വലിയ സുഹൃദ് ബന്ധങ്ങളും ഉണ്ടായിരുന്നു.
മരണവാര്‍ത്ത അറിഞ്ഞതുമുതല്‍ ഒട്ടേറെപ്പേരാണ് ഇരുവീടുകളിലേക്കുമെത്തിയത്. വൈകീട്ടോടെ വീട്ടിലെത്തിച്ച മൃതദേഹങ്ങള്‍ രാത്രിയോടെ കബറടക്കി. അന്‍സിലിന്റെ മൃതദേഹം കോഴിക്കോട് ഇസ്ലാഹുല്‍ മുസ്ലിം ജമാഅത്ത് കബര്‍സ്ഥാനിലും അല്‍ത്താഫിന്റെ മൃതദേഹം പുത്തന്‍തെരുവ് ജുമാമസ്ജിദ് കബര്‍സ്ഥാനിലുമാണ് കബറടക്കിയത്.
കണ്‍മുന്നില്‍ അവര്‍ മുങ്ങിത്താഴ്ന്നു
തെന്മല : കഴിഞ്ഞ ദിവസം രാവിലെ തെന്മല ഡാം കവലയോടുചേര്‍ന്ന് കല്ലടയാറ്റിലെ കുളിക്കടവില്‍ മുങ്ങിമരിച്ച യുവാക്കള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ കുളിക്കടവിനുസമീപം നില്‍ക്കുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. അല്‍പ്പം കഴിഞ്ഞപ്പോള്‍ രക്ഷിക്കണേയെന്ന ബന്ധുക്കളുടെ കൂട്ടനിലവിളിയാണ് നാട്ടുകാര്‍ കേട്ടത്. ബന്ധുക്കളുടെ കണ്‍മുന്നിലായിരുന്നു അപകടം. നാട്ടുകാരായ ജിത്തു, സന്തോഷ്, മണി, മനോജ്, മുകേഷ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയത്. ബഹളംകേട്ട് ആറ്റിന്റെ മറുകരയില്‍നിന്ന് 300 മീറ്ററോളം നീന്തിയാണ് സന്തോഷ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. ശക്തമായ ഒഴുക്കും വെള്ളം കലങ്ങിമറിഞ്ഞതും അതിജീവിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. എന്നിട്ടും രണ്ടുപേരെയും രക്ഷിക്കാന്‍ കഴിയാത്തതിന്റെ വിഷമത്തിലാണ് നാട്ടുകാര്‍.
എല്ലാം പെട്ടെന്നായിരുന്നു
എല്ലാം പെട്ടെന്നായിരുന്നെന്ന് കുളിക്കടവിനു മുന്‍ഭാഗത്ത് റോഡരികില്‍ ശൗചാലയം നടത്തുന്ന ദാമോദരന്‍ പറയുന്നു. ശൗചാലയത്തിനു മുന്‍വശത്തെ റോഡിലാണ് ഇവരെത്തിയ കാര്‍ നിര്‍ത്തിയിരുന്നത്. നിലവിളികേട്ട് ചെല്ലുമ്പോഴേക്കും മുങ്ങിത്താഴ്ന്നിരുന്നു.
അപകടമേഖലയായി കുളിക്കടവ്
ഡാം കോളനി നിവാസികള്‍ കുളിക്കുന്നത് ഈ കടവിലാണ്. ഇക്കോ ടൂറിസത്തിന്റെ ശൗചാലയത്തിനു പിറകിലുള്ള കടവില്‍ നാട്ടുകാരല്ലാത്തവര്‍ എത്തുന്നത് വിരളമാണ്. കുളിക്കടവിലെ വെള്ളം മൂടിക്കിടക്കുന്ന പടവുകള്‍ കഴിഞ്ഞാല്‍ കുഴിയാണ്. അതിനാല്‍ത്തന്നെ പുറമേനിന്ന് എത്തുന്നവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മുന്‍പും ഈഭാഗത്ത് ആളുകള്‍ ഒഴുക്കില്‍പ്പെട്ടിട്ടുണ്ടെങ്കിലും രക്ഷപ്പെട്ടിരുന്നു. അന്ന് ആറിന്റെ മറുകരയില്‍ കുളിച്ചുകൊണ്ടിരുന്ന യുവാവ് നീന്തിവന്ന് മുങ്ങിത്താഴ്ന്നയാളെ രക്ഷിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..