കനികയും രജിലാലും
പേരാമ്പ്ര: കുറ്റ്യാടിപ്പുഴയുടെ അപായക്കയത്തിലേക്ക് താഴ്ന്നുപോകുമ്പോൾ ഒപ്പമുണ്ടായിരുന്ന രജിലാൽ ഇനിയില്ലെന്ന വിവരം ആശുപത്രിയിലെത്തി ബോധംവന്നപ്പോഴും കനിക അറിഞ്ഞിട്ടില്ല.
ചവറംമൂഴി പുഴത്തീരത്ത് ആഹ്ലാദത്തിന്റെ നിമിഷങ്ങൾക്കിടയിലാണ് അപ്രതീക്ഷിതമായി അവർക്കിടയിലേക്ക് ദുരന്തം കടന്നുവന്നത്. കാലുതെന്നി ഒഴുക്കിൽപ്പെട്ട് താഴ്ചയുള്ള ഭാഗത്തേക്ക് കനികയും രക്ഷിക്കാൻ ശ്രമിച്ച ഭർത്താവ് രജിലാലും നൊടിയിടയിൽ ഒഴുകിപ്പോവുകയായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ പ്രദേശത്ത് റോഡുപണിക്കായെത്തിയ ലോറിയിലെ ജീവനക്കാരാണ് ആദ്യം പുഴയിലേക്ക് ചാടി കനികയെ പുറത്തെടുത്തത്. പിന്നാലെ രജിലാലിനെയും പുറത്തെടുത്ത് പന്തിരിക്കരയിലെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഏറെക്കാലത്തെ പ്രണയത്തിനുശേഷം കഴിഞ്ഞമാസമായിരുന്നു ഇരുവരുടെയും വിവാഹം. പ്രകൃതിരമണീയമായ ചവറംമൂഴി പറമ്പൽ ഭാഗത്ത് ബന്ധുക്കൾക്കൊപ്പം കുറച്ചുസമയം ചെലവഴിക്കാനായാണ് ഇരുവരും യാത്രപുറപ്പെട്ടത്. കനികയുടെ അച്ഛൻ സുരേഷും ഒപ്പമുണ്ടായിരുന്നു.
ഫോട്ടോയെടുത്തശേഷം കുരിശുപള്ളിക്ക് സമീപമുള്ള സ്ഥലത്ത് കുളിക്കാനായി ഇറങ്ങിയപ്പോഴാണ് അപകടം പിണഞ്ഞത്. നാട്ടുകാർക്കേവർക്കും പ്രിയങ്കരനായിരുന്ന രജിലാലിന്റെ വേർപാടിൽ തരിച്ചുനിൽക്കുകയാണ് സുഹൃത്തുക്കളും ബന്ധുക്കളും. കോഴിക്കോട് മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ചൊവ്വാഴ്ചയാണ് മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കുക.
അപകടക്കെണിയൊരുക്കി പുഴ
അപായക്കയങ്ങൾ ഏറെയുള്ള പ്രദേശമാണ് കുറ്റ്യാടിപ്പുഴയിലെ ചവറംമൂഴി, ജാനകിക്കാട് മേഖല. അപായം പതിയിരിക്കുന്ന കടന്തറപ്പുഴ ഒഴുകിയെത്തുന്ന ഭാഗമാണിത്. ഉരുളൻ കല്ലുകൾ നിറഞ്ഞ സ്ഥലങ്ങളിലൂടെ പുഴ ചിന്നിച്ചിതറി ഒഴുകുന്ന ഭംഗിയേറിയ സ്ഥലങ്ങളിവിടെയുണ്ട്. ഇതുകാണാൻ നിരവധിപേർ എത്താറുണ്ട്. വെള്ളംകൂടിയ ഭാഗങ്ങളും കയങ്ങളും നിരവധിയുണ്ടെന്നതാണ് അപകടഭീഷണി ഉയർത്തുന്നത്. മലവെള്ളപ്പാച്ചിലുണ്ടാകുന്ന സമയങ്ങളിലും പുഴ അപകടക്കെണിയൊരുക്കാറുണ്ട്.
Content Highlights: Newly Wed man drowns in Kuttiyadi river in Kozhikode
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..