ആലപ്പുഴ: ഗുരുതരമായ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിനെ പരിശോധിക്കാന്‍ വിദഗ്ധസംഘമെത്തി. ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ വി. മീനാക്ഷിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. പരിശോധനയ്ക്കായി കുഞ്ഞിനെ ഇവരുടെയടുക്കലേക്ക് എത്തിച്ചു.
കുഞ്ഞിനെ പരിശോധിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഏതൊക്കെ ചികിത്സകള്‍ ആവശ്യമുണ്ടെന്ന വിശദമായ റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്ക് സമര്‍പ്പിക്കും. അതോടൊപ്പം കുഞ്ഞിന്റെ നിലവിലെ അവസ്ഥയ്ക്ക് ചികിത്സ തുടരുകയും ചെയ്യും. ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെങ്കിലും കുഞ്ഞിന്റെ ജീവന് അപായപ്പെടുന്ന രീതിയിലുള്ള പ്രശ്നങ്ങള്‍ നിലവിലില്ല എന്നാണ് മെഡിക്കല്‍ സംഘം വിലയിരുത്തിയത്. ഇത്തരത്തിലുള്ള വൈകല്യങ്ങളോടുകൂടിയ കുഞ്ഞുങ്ങള്‍ പലപ്പോഴും ജനിക്കാറുണ്ടെന്നും മതിയായ ചികിത്സ ലഭിക്കുന്നതോടെ പൂര്‍ണമായും ഭേദമാവില്ലെങ്കിലും ഒരു പരിധിവരെ അതിജീവിക്കാന്‍ കഴിയാറുണ്ടെന്നും ഫിസിയോതെറാപ്പി ഉള്‍പ്പെടെയുള്ള ചികിത്സകള്‍ ആദ്യംമുതലേ ചെയ്താല്‍ ഒരുപരിധിവരെ വൈകല്യങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുമെന്നുംഅതിനുവേണ്ട മാര്‍ഗങ്ങളാണ് തയ്യാറാക്കുന്നതെന്നുമാണ് മെഡിക്കല്‍ സംഘത്തില്‍നിന്നും കിട്ടിയ വിവരങ്ങള്‍.
ചികിത്സയ്ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും മെഡിക്കല്‍ കോളേജിലോ സര്‍ക്കാര്‍ ആശുപത്രിയിലോ ഒരുക്കിക്കൊടുക്കാനുള്ള കാര്യങ്ങള്‍ ചെയ്യുമെന്ന് ആ വിദഗ്ധസംഘം പറഞ്ഞു.
കുഞ്ഞിനെ പരിശോധിച്ച മെഡിക്കല്‍ സംഘത്തില്‍ പ്രതീക്ഷയുണ്ടെന്ന് കുഞ്ഞിന്റെ പിതാവ് പറഞ്ഞു. 'കുഞ്ഞിനെയും കൊണ്ട് തിരുവനന്തപുരത്ത് പോയി കാണിക്കേണ്ട ഡോക്ടര്‍ ഇവിടെ വന്ന് കുഞ്ഞിനെ പരിശോധിച്ചു. സര്‍ക്കാറിന്റെ ഈ ഇടപെടലില്‍ പ്രതീക്ഷയുണ്ട്. പക്ഷേ കടപ്പുറം ആശുപത്രിയിലെ സംഭവവും സ്കാനിങ് സെന്ററില്‍ നിന്നുണ്ടായ വീഴ്ചയും അന്വേഷിക്കുക തന്നെ വേണമെന്നാണ് ആവശ്യം. ചികിത്സയുടെ വിശദാംശങ്ങള്‍ ശേഖരിക്കാനായി കടപ്പുറം ആശുപത്രിയിലും ശങ്കേഴ്സ് ലാബിലും മെഡിക്കല്‍ സംഘം പോയി പരിശോധന നടത്തുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.'-കുഞ്ഞിന്റെ പിതാവ് മാതൃഭൂമിയോട് പറഞ്ഞു.
ആലപ്പുഴ കടപ്പുറം ആശുപത്രിയില്‍ ഗര്‍ഭകാലചികിത്സ തേടിയ കുഞ്ഞിന്റെ അമ്മ ആശുപത്രിയുടെ അനാസ്ഥയ്ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ഏഴുതവണ സ്കാനിങ് നടത്തിയിട്ടും കുഞ്ഞിന്റെ ഗുരുതരമായ വൈകല്യങ്ങള്‍ കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ല എന്നായിരുന്നു കുഞ്ഞിന്റെ മാതാപിതാക്കളുടെ ആരോപണം. ഇതേത്തുടര്‍ന്ന് നാലു ഡോക്ടര്‍മാര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
Content Highlights: newborn with defects in alappuzha expert medical team will investigate
Published: 29 Nov 2024, 12:40 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented