കുഞ്ഞിനെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ വാളകത്തെ കുരിശടി, കുഞ്ഞിനെ ഉപേക്ഷിക്കാനെത്തിയ ആളുടെ സി.സി.ടി.വി. ദൃശ്യം, ഇൻസൈറ്റിൽ കുഞ്ഞിനെ രക്ഷിച്ച രാജീവ്
കൊട്ടാരക്കര: മഞ്ഞുപെയ്യുന്ന രാത്രിയിൽ ഏഴു മണിക്കൂർ തണുത്തുറഞ്ഞ സിമന്റ്തറയിൽ അലറിക്കരഞ്ഞ പിഞ്ചുകുഞ്ഞിന് കൂട്ടുണ്ടായിരുന്നത് ബഥനി മാതാവ് മാത്രം. കടിച്ചുകീറാനെത്തിയ തെരുവുനായ്ക്കൾ അവളെ നോക്കി മണിക്കൂറുകളോളം കുരച്ചു. കൈകാലിട്ടടിച്ചു കരയുന്ന അവൾ പടികളിലേക്കു വീഴുന്ന അവസ്ഥയിലായിരുന്നു. അല്പംകൂടി നീങ്ങിയിരുന്നെങ്കിൽ പടികളിലൂടെ ഉരുണ്ട് കുഞ്ഞ് നേരേ വീഴുന്നത് എം.സി. റോഡിലേക്കായിരുന്നു.
തട്ടുകട നടത്തുന്ന രാജീവാണ് കുഞ്ഞിന്റെ രക്ഷകനായത്. വാളകം ബഥനി സ്കൂളിനു സമീപമുള്ള കുരിശടിയിൽ ചൊവ്വാഴ്ച രാത്രി 8.20-നാണ് മുണ്ടും ടീഷർട്ടും ചുവന്ന തൊപ്പിയും ധരിച്ചയാൾ കുഞ്ഞിനെ ഉപേക്ഷിക്കുന്നത്. കുഞ്ഞിനെ കുരിശടിയിൽ കിടത്തി ഒന്നു തിരിഞ്ഞുനോക്കിയശേഷം ആൾ മടങ്ങുന്നത് സി.സി.ടി.വി.യിൽ വ്യക്തം. തൊപ്പി െവച്ചിരിക്കുന്നതിനാലും തല കുനിച്ചുപിടിച്ചിരിക്കുന്നതിനാലും മുഖം വ്യക്തമല്ല.
കുരിശടിയിൽനിന്ന് 150 മീറ്ററിലധികം അകലെയാണ് രാജീവ് തട്ടുകട നടത്തുന്നത്. പുലർച്ചെ രണ്ടോടെയാണ് അസ്വാഭാവികമായി നായ്ക്കളുടെ കുരയും അവ്യക്തമായി കുഞ്ഞിന്റെ കരച്ചിലും കേൾക്കുന്നത്. ഓടിച്ചെന്നപ്പോൾ കാണുന്ന കാഴ്ച അലറിക്കരയുന്ന കുഞ്ഞും കുരച്ചുകൊണ്ടുനിൽക്കുന്ന നായ്ക്കളെയുമാണ്. കുഞ്ഞിനെ തുണിയിലേക്കു കയറ്റി നേരേ കിടത്തി. ഏറെനേരം കാത്തുനിന്നശേഷമാണ് റോഡിലൂടെ വന്ന വാഹനത്തിനു കൈകാട്ടിയത്. അതിലുണ്ടായിരുന്ന സ്ത്രീയോട് വിവരം പറഞ്ഞു. വാത്സല്യത്തോടെ ഓടിയെത്തിയ അവർ കുഞ്ഞിനെ മാറോടുചേർത്തു. രാജീവ് ഓടി കടയിൽപ്പോയി പാലുമായി വന്ന് കുഞ്ഞിന് നൽകി. ഉടൻതന്നെ വിവരം വാളകം പോലീസിൽ അറിയിച്ചു. ചടയമംഗലത്തുനിന്നു വനിതാ പോലീസ് ഉൾപ്പെടെയുള്ളവരെത്തി കുഞ്ഞിനെ താലൂക്ക് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
Content Highlights: man abandons child cctv footage
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..