ആശുപത്രിയിലേക്ക് സൈക്കിളിൽ പോവുന്ന ജൂലി, പ്രസവ ശേഷം കുഞ്ഞിനും പങ്കാളിക്കുമൊപ്പം ജൂലി | Photo: Facebook|Julie Anne Genter
വെല്ലിങ്ടണ്‍: പ്രസവ വേദനയ്ക്കിടിയിലും ആശുപത്രിയിലേക്ക് ഒറ്റയ്ക്ക് സൈക്കിളോടിച്ചെത്തി തൊട്ടുപിന്നാലെ കുഞ്ഞിന് ജന്മം കൊടുത്ത് വാര്‍ത്തകളിലിടം നേടുകയാണ് ന്യൂസിലന്‍ഡ് പാര്‍ലമെന്റ് അംഗം ജൂലി ആന്‍ ജെന്റെര്‍. ജൂലി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യത്തിലൂടെ പങ്കുവെച്ചത്.
"ഇന്ന് പുലര്‍ച്ചെ 3.04ന് ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും പുതിയ അംഗം എത്തിയിരിക്കുന്നു. പ്രസവമടുത്ത സമയത്ത് സൈക്കിള്‍ ചവിട്ടാന്‍ ഉദ്ദേശിച്ചിരുന്നില്ല. പക്ഷെ അങ്ങനെ സംഭവിച്ചുപോയി. ഇപ്പോള്‍ ഞങ്ങള്‍ക്ക് ആരോഗ്യമുള്ള, സന്തോഷവതിയായ ഒരു കുഞ്ഞുണ്ട്' - വിശേഷം പങ്കുവെച്ചുകൊണ്ട് ജൂലി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ജൂലിക്ക് നേരിയ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടു തുടങ്ങിയത്. പങ്കാളിയായ പീറ്റര്‍ നണ്‍സിനൊപ്പം കാര്‍ഗോ ബൈക്കില്‍ ഉടന്‍ ആശുപത്രിയിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാല്‍ ആശുപത്രിയിലേക്കുള്ള സാധനങ്ങളടങ്ങിയ വലിയ ബാഗ് ഉള്ളതിനാല്‍ രണ്ട് പേര്‍ക്ക് ഒരു സൈക്കിളില്‍ പോവാന്‍ ബുദ്ധിമുട്ടായി. പിന്നാലെയാണ് ജെന്റര്‍ ഒറ്റയ്ക്ക് കാര്‍ഗോ ബൈക്കില്‍ ആശുപത്രിയിലേക്ക് പുറപ്പെട്ടത്. മറ്റൊരു സൈക്കിളില്‍ പീറ്ററും ജെന്റെറിനെ അനുഗമിച്ചു. ആശുപത്രിയില്‍ എത്തിയതിന് പിന്നാലെ പ്രസവവേദന മൂര്‍ഛിക്കുകയും കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.
സൈക്കിള്‍ യാത്രയ്ക്കിടയിലും കടുത്ത വേദന അനുഭവപ്പെട്ടിരുന്നുവെന്നാണ് ജൂലി പറയുന്നത്. എന്നാല്‍ അത് സഹിക്കാന്‍ പറ്റുന്ന തരത്തിലായിരുന്നു. സൈക്കിള്‍ യാത്ര പദ്ധതിയിലുണ്ടായിരുന്നില്ല. എല്ലാം ശുഭമായി വന്നതില്‍ സന്തോഷമുണ്ടെന്നും ജൂലി പറഞ്ഞു.
ഗ്രീന്‍ പാര്‍ട്ടി അംഗമായ ജൂലി ആന്‍ ജെന്റെറിനും പങ്കാളിക്കും സ്വന്തമായി കാര്‍ ഇല്ല. സൈക്കിള്‍ ചവിട്ടികൊണ്ട് ആശുപത്രിയിലെത്തി ആദ്യകുഞ്ഞിനെ പ്രസവിച്ചതിന് ജെന്റെര്‍ നേരത്തേയും വാര്‍ത്തകളിലിടം നേടിയിരുന്നു.
ഫെയ്സുബുക്കില്‍ ജൂലി പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താഴെ നിരവധി അഭിനന്ദന കമന്റുകളാണ് വന്നിരിക്കുന്നത്. അതിശയകരം എന്നാണ് ചിലര്‍ പ്രതികരിച്ചിരിക്കുന്നത്. വേദനയ്ക്കിടയിലും ജൂലി കാണിച്ച മനോധൈര്യത്തേയും ചിലര്‍ പ്രശംസിക്കുന്നുണ്ട്.
Content Highlights: New Zealand politician cycles to hospital in labour, gives birth
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..