ഹോറാഗ്ലാനിസ് പോപ്പുലി
പത്തനംതിട്ട: പൊതുജന സഹകരണം ഇല്ലായിരുന്നെങ്കില്‍ ഇങ്ങനെയൊരു മീന്‍ ഭൂമിക്കടിയില്‍ ഉണ്ടെന്ന് അറിയാതെ പോകുമായിരുന്നു. പുറംലോകമറിയാന്‍ ജനങ്ങള്‍ വഴിയൊരുക്കിയതിന് ശാസ്ത്രജ്ഞര്‍ പുത്തന്‍ മീനിന് 'പൊതുജനം' എന്ന് പേരിട്ടു. കേരളത്തിലെ ശാസ്ത്രാവബോധത്തിന്റെ അടയാളമായി അത് ജന്തുശാസ്ത്രലോകത്ത് ഇനി അറിയപ്പെടും. മല്ലപ്പള്ളി ചരിവുപുരയിടത്തില്‍ പ്രദീപ് തമ്പിയുടെ കിണറ്റില്‍ നിന്നാണ് മീനിനെ 2020 ഡിസംബര്‍ ഒന്നിന് കിട്ടിയത്. ഹോറാഗ്ലാനിസ് പോപ്പുലി എന്നാണ് ഗവേഷകര്‍ ഇതിന് ശാസ്ത്രനാമം നല്‍കിയത്. പോപ്പുലി എന്ന വാക്കിന് ലാറ്റിന്‍ ഭാഷയില്‍ ജനങ്ങള്‍ എന്നാണര്‍ഥം.
കിണറില്‍നിന്ന് മോട്ടോര്‍ വഴി ടാങ്കിലെത്തി പൈപ്പിലൂടെ വന്ന ചെറുജീവിയെ കണ്ട് ഉണ്ടായ കൗതുകമാണ് കണ്ടെത്തലിലേക്ക് നയിച്ചത്. ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചതാണ് വിവരം ഫിഷറീസ് സര്‍വകലാശാലയിലെ (കുഫോസ്) ശാസ്ത്രജ്ഞരിലേക്കെത്തിയത്.
കുഫോസിലെ ഡോ.രാജീവ് രാഘവന്‍, രമ്യ എല്‍.സുന്ദര്‍, ശിവ് നാടാര്‍, ന്യൂഡെല്‍ഹി ശിവ് നാടാര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എമിനന്‍സിലെ ഡോ. നീലേഷ് ദഹാനുകര്‍, ജര്‍മനിയിലെ സെങ്കന്‍ ബെര്‍ഗ് നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ഡോ. റാള്‍ഫ് ബ്രിറ്റ്സ്, സി.പി. അര്‍ജുന്‍ എന്നിവരുടെ കൂട്ടായ ഗവേഷണമാണ് ആധികാരികമായി ഇതൊരു പുതിയ ഭൂഗര്‍ഭ മീന്‍ ആണെന്ന് ഉറപ്പിച്ചത്. ഇവരുടെ ഗവേഷണഫലങ്ങള്‍ വെര്‍ട്ടിബ്രേറ്റ് സുവോളജി എന്ന അന്താരാഷ്ട്ര ജേണലില്‍ കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചു.
രാജ്യത്ത് ഇതുവരെ കണ്ടെത്തിയ 18 ഭൂഗര്‍ഭ മീനുകളുടെ ഇനങ്ങളില്‍ 12 എണ്ണവും കേരളത്തില്‍നിന്നാണ്. തൃശ്ശൂര്‍ മുതല്‍ മധ്യതിരുവിതാംകൂര്‍വരെയുള്ള ഭാഗത്തെ ചെങ്കല്‍ പ്രദേശങ്ങളിലെ ഉറവകളിലാണ് ഏറെയും ഉള്ളത്. 1948-ല്‍ കോട്ടയത്തുനിന്നു കണ്ടെത്തിയ ഹോറാഗ്ലാനിസ് കൃഷ്ണയി ആണ് ഇന്ത്യയില്‍ ആദ്യത്തേത്. ഇതിന്റെ സഹോദര വര്‍ഗത്തില്‍പ്പെട്ട ഇനത്തെയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
കണ്ണില്ല, ത്വക്ക് സുതാര്യം
കണ്ണില്ലാത്ത ഇനമാണ് ഇപ്പോള്‍ കണ്ടെത്തിയ പോപ്പുലിയും. ഇക്കാരണത്താല്‍ ഇവയെ കുരുടന്‍മുഴി എന്നു വിളിക്കാറുണ്ട്. 31 മില്ലീമീറ്റര്‍ നീളമുണ്ട്. ത്വക്ക് സുതാര്യമായതിനാല്‍ ശരീരത്തിനുള്‍വശം കാണാം. കൈച്ചിറക് വളരെ ചെറുതാണ്. സംവേദനക്ഷമതയുള്ള മീശകള്‍ ഇവയ്ക്കുണ്ട്.
Content Highlights: new species of fish found in kerala


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..