കൊച്ചി: ലക്ഷദ്വീപില്‍ വീണ്ടും വിവാദ നടപടികളുമായി ഭരണകൂടം. ലക്ഷദ്വീപിലെ എല്ലാ മത്സ്യ ബന്ധന ബോട്ടുകളിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നാണ് പുതിയ ഉത്തരവ്. സുരക്ഷ വര്‍ദ്ധിപ്പിക്കാനാണ് പുതിയ നടപടി എന്നാണ് വിശദീകരീകരണം.  ബെര്‍ത്തിങ്ങ് പോയിന്റുകളില്‍ സി.സി.ടി.വി സ്ഥാപിക്കാനും നിര്‍ദ്ദേശമുണ്ട്. 

പോര്‍ട്ട് ഡയറക്ടര്‍ സച്ചിന്‍ ശര്‍മ്മയാണ് ഇപ്പോള്‍ പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. മത്സ്യബന്ധനം പ്രധാന വരുമാന മാര്‍ഗമായ നിരവധി മത്സ്യ ബന്ധന ബോട്ടുകള്‍ ഉള്ള മേഖലയിലാണ് ഇങ്ങനെ ഒരു ഉത്തരവ് നടപ്പിലാക്കുന്നത്. 

കോച്ചി പോര്‍ട്ടിലേതിന് സമാനമായ സുരക്ഷാ പരിശോധനകള്‍ ബേപ്പൂരും മംഗലാപുരത്തും നടത്തണമെന്നും ഉത്തരവില്‍ പറയുന്നു. 

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ഏര്‍പ്പെടുത്തിയ പരിഷ്‌കാരങ്ങളില്‍ കടുത്ത പ്രതിഷേധവുമായി ലക്ഷദ്വീപ് ജനത മുന്നോട്ടുപോകുമ്പോഴാണ് പുതിയ പരിഷ്‌കാര നടപടികളുമായി ഭരണകൂടം വീണ്ടും രംഗത്തെത്തുന്നത്. 

Content Highlight: New rules in Lakshadweep