പഴയ റോഡ് പൊടിച്ച് പുതിയ റോഡ്, ജര്‍മ്മന്‍ സാങ്കേതിക വിദ്യ; ചെലവ് കുറവ്, ഈട് നില്‍ക്കും, സന്നാഹമെത്തി


ഏറ്റവും ഹരിതസൗഹൃദ നിര്‍മാണരീതി, ചെലവുകുറവ് എന്നിവയാണ് ഗുണങ്ങള്‍.

റോഡുനിർമാണസാമഗ്രികളുമായി ചണ്ഡീഗഢിൽനിന്ന് വെള്ളിയാഴ്ച കൊല്ലത്തെത്തിയ ഫ്‌ളാറ്റ് വാഗൺ ഗുഡ്‌സ്

കൊല്ലം: പത്തനാപുരത്തും പാറശാലയിലും പുതിയ സാങ്കേതികവിദ്യയില്‍ ഗ്രാമീണ റോഡുനിര്‍മാണത്തിന് കരാറെടുത്ത ഉത്തരേന്ത്യന്‍ കമ്പനിയുടെ നിര്‍മാണസാമഗ്രികള്‍ റെയില്‍മാര്‍ഗം കൊല്ലത്തെത്തി. അവ ഇറക്കാനുള്ള താത്കാലിക സൗകര്യമൊരുക്കി കൊല്ലം റെയില്‍വേ സ്റ്റേഷന്‍ വികസനത്തില്‍ ഒരുചുവടുകൂടി മുന്നിലേക്ക്.

ഒരാഴ്ചമുമ്പാണ് ചണ്ഡീഗഢില്‍നിന്ന് തീവണ്ടി പുറപ്പെട്ടത്. 32 ഫ്‌ളാറ്റ് വാഗണിലായി ജെ.സി.ബി., ജനറേറ്റര്‍, ബൊലെറോ, ടിപ്പറുകള്‍ എന്നിവ ഉള്‍പ്പെടെ 60 ഓളം വാഹനങ്ങളാണ് വെള്ളിയാഴ്ച കൊല്ലത്തെത്തിയത്. ഇത്രയും സാമഗ്രികള്‍ ഇവിടെയെത്തിയതിനു ചെലവായത് 45,42,871 രൂപയാണ്. 3211 കിലോമീറ്ററായിരുന്നു ദൂരം. റോഡുമാര്‍ഗം കൊണ്ടുവരാന്‍ ഇതിനെക്കാള്‍ സമയമെടുക്കുമെന്നുമാത്രമല്ല ചുരുങ്ങിയത് ഒന്നരക്കോടി രൂപയെങ്കിലും ചെലവാകും.

റോഡിലൂടെ കൊണ്ടുവരുമ്പോഴുള്ള ഗതാഗത തടസ്സം, ചെക്പോസ്റ്റുകളിലെ കാലതാമസം തുടങ്ങിയവ വച്ചുനോക്കുമ്പോള്‍ പലതുകൊണ്ടും ലാഭകരമാണിതെന്ന് റോഡ് കരാര്‍ ഏറ്റെടുത്ത എല്‍.എസ്.ആര്‍. ഇന്‍ഫ്രാകോണ്‍ ഡയറക്ടര്‍ ലവ്ലീന്‍ ദാലിവാള്‍ പറഞ്ഞു.

റാമ്പ് ഇല്ലാത്തതിനാല്‍ ഇവിടെ ഇറക്കാന്‍ പ്രയാസമാകുമെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. എന്നാല്‍ സ്ഥലം സന്ദര്‍ശിച്ച് റെയില്‍വേ ഉദ്യോഗസ്ഥരുമായി ചര്‍ച്ചചെയ്താണ് താത്കാലിക റാമ്പ് ഉണ്ടാക്കിയത്. മണല്‍ച്ചാക്കുകള്‍ അടുക്കി മണ്ണിട്ടുറപ്പിച്ച് ഉരുക്കുഷീറ്റുകളും ഇട്ടാണ് റാമ്പ് തയ്യാറാക്കിയത്. സ്ഥിരം റാമ്പ് സംവിധാനം നിര്‍മിച്ചാല്‍ കൊല്ലത്തിന് ധാരാളം സാധ്യതകള്‍ മുന്നിലുണ്ട്. ഉത്തരേന്ത്യയില്‍നിന്ന് കാറുകളും ബൈക്കുകളുമടങ്ങിയ വാഗണുകള്‍ കൊണ്ടുവരാം. റോഡുപണിക്കും പാലംപണിക്കും തമിഴ്നാട്ടില്‍നിന്നുള്ള മെറ്റല്‍, പാറ എന്നിവയടങ്ങിയ ബോസ്റ്റ് വാഗണുകളും ഇവിടെയെത്തിക്കാം. കൊല്ലത്ത് റെയില്‍വേയ്ക്ക് ധാരാളം സ്ഥലമുള്ളതും സൗകര്യമാണ്-സ്റ്റേഷന്‍ മാനേജര്‍ സാമുക്കുട്ടി പറഞ്ഞു.

റോഡുനിര്‍മാണം എഫ്.ഡി.ആര്‍. സാങ്കേതികവിദ്യയില്‍

ഫുള്‍ ഡെപ്ത് റെക്‌ളമേഷന്‍ (എഫ്.ഡി.ആര്‍.) എന്ന ജര്‍മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള റോഡുനിര്‍മാണത്തിനാണ് എല്‍.എസ്.ആര്‍. കമ്പനി എത്തിയിരിക്കുന്നത്. പഴയ റോഡ് ഇളക്കി മറിച്ചെടുത്ത് പുതിയ റോഡുനിര്‍മാണത്തിന് ഉപയോഗിക്കും. ഏറ്റവും ഹരിതസൗഹൃദ നിര്‍മാണരീതി, ചെലവുകുറവ് എന്നിവയാണ് ഗുണങ്ങള്‍. മറ്റ് റോഡുകളെക്കാള്‍ കൂടുതല്‍ കാലം നിലനില്‍ക്കുന്നതും എഫ്ഡിആര്‍ സാങ്കേതിക വിദ്യയുടെ മേന്‍മയാണ്.

നിലവിലെ റോഡ് യന്ത്രസഹായത്തോടെ പൊളിച്ചു തരികളാക്കി സിമന്റും ചുണ്ണാമ്പുകല്ലും കാല്‍സ്യം ക്ലോറൈഡ് അടക്കമുള്ള രാസപദാര്‍ഥങ്ങളും കലര്‍ത്തി മിശ്രിതമാക്കി പുതിയ റോഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്നതാണ് എഫ്ഡിആര്‍ സാങ്കേതിക വിദ്യ. മെറ്റല്‍, രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കിയ മിശ്രിതം എന്നിവയുടെ നാല് അടുക്കുകളായിട്ടാണ്‌ റോഡ് നിര്‍മിക്കുന്നത്. റോഡ് നിര്‍മാണത്തില്‍ ഉണ്ടാകുന്ന മാലിന്യ പ്രശ്‌നങ്ങളും ഭീമമായ ചെലവും കുറയ്ക്കാനും എഫ്ഡിആര്‍ സാങ്കേതിക വിദ്യയിലൂടെ സാധിക്കും.

പത്തനാപുരം മണ്ഡലത്തിലെ കിഫ്ബി പദ്ധതികളായ ഏനാത്ത്-പത്തനാപുരം, പള്ളിമുക്ക്-കമുകുംചേരി-മുക്കടവ്, പള്ളിമുക്ക്-പുന്നല-അലിമുക്ക് റോഡുകളും പാറശാല മണ്ഡലത്തിലെ ചൂണ്ടിക്കല്‍-ശൂരവക്കാണി റോഡ് പദ്ധതികളുമാണ് കമ്പനി ഏറ്റെടുത്തിരിക്കുന്നത്. കേരളത്തില്‍ ഈ സാങ്കേതികവിദ്യയില്‍ ആദ്യമായാണ് നിര്‍മാണപ്രവര്‍ത്തനം നടക്കുന്നത്. അതിര്‍ത്തിറോഡുകളാണ് തങ്ങള്‍ ഏറെയും ചെയ്തിട്ടുള്ളതെന്ന് മറ്റൊരു ഡയറക്ടറായ ഗുര്‍കാന്‍വാര്‍സിങ് ബേദി പറഞ്ഞു.

സുരക്ഷയോടെ വേണം ഇറക്കാന്‍

വൈദ്യുത ലൈനില്‍നിന്നുള്ള പ്രസരണം അരമീറ്റര്‍മുതല്‍ ഒരുമീറ്റര്‍വരെ ബാധിക്കാമെന്നതിനാല്‍ വളരെ ശ്രദ്ധയോടെവേണം സാധനങ്ങള്‍ ഇറക്കാന്‍. വാഗണില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ക്കു മുകളില്‍ കയറുന്നതുപോലും അപകടമാണ്. ടയറില്‍ കാറ്റിന്റെ അളവുകുറച്ച് ഉയരം കുറച്ചാണ് കൊണ്ടുവന്നത്. ഇവിടെയെത്തി കാറ്റുനിറയ്ക്കാനായി മിനിലോറിയില്‍ സൗകര്യമൊരുക്കിയിരുന്നു.

ഫ്ളാറ്റ് വാഗൺ ഗുഡ്സിൽനിന്ന്‌ സാധനങ്ങൾ ഇറക്കാനുള്ള ഒരുക്കങ്ങൾ

വൈദ്യുത ലൈന്‍ ഓഫ് ചെയ്താണ് വാഹനങ്ങള്‍ വാഗണില്‍നിന്നിറക്കിയത്. കൊമേഴ്‌സ്യല്‍ മാനേജര്‍ എസ്.അജിത്കുമാര്‍, ചീഫ് ഗുഡ്‌സ് സൂപ്പര്‍വൈസര്‍ ഇ.ഒ.ഷിനുമോന്‍, ഗുഡ്‌സ് സൂപ്പര്‍വൈസര്‍ പി.ടി.എബ്രഹാം എന്നിവരാണ് മേല്‍നോട്ടം വഹിച്ചത്. വള്ളിയൂരില്‍നിന്നു പാറയുടെ ലോഡ് അടുത്തദിവസങ്ങളില്‍ വരുന്നുണ്ട്.

ഭാവിയില്‍ പാഴ്‌സല്‍ ഹബ് ആയി കൊല്ലത്തെ മാറ്റാനുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ട്.

Content Highlights: new road construction in kerala using germen FDR technology

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


congress karnataka

1 min

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വേ, 127 സീറ്റുവരെ നേടുമെന്ന് പ്രവചനം

Mar 29, 2023

Most Commented