കൊച്ചി: പരിഷ്‌കരിച്ച പാസ്‌പോര്‍ട്ട് നിയമങ്ങള്‍ വഴി ഈ രംഗത്തെ 90 ശതമാനം ചൂഷണം കുറയ്ക്കാനായെന്ന് കൊച്ചി റീജ്യണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ പ്രശാന്ത് ചന്ദ്രന്‍. അതേ സമയം പല ഏജന്‍സികളും ഇപ്പോഴും ആവശ്യമില്ലാതെ സത്യവാങ്മൂലം ഹാജരാക്കാന്‍ അപേക്ഷകരോട് നിര്‍ബന്ധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള ഒരു രേഖക്കും നോട്ടറി അറ്റസ്റ്റ് ചെയ്യേണ്ട ആവശ്യമില്ല. എന്ത് സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടി വന്നാലും വെള്ളപേപ്പറില്‍ സ്വയം അറ്റസ്റ്റ് ചെയ്ത് നല്‍കിയാല്‍ മതി. പരിഷ്‌കരിച്ച പാസ്‌പോര്‍ട്ട് നിയമങ്ങളെക്കുറിച്ചുള്ള വായനക്കാരുടെ സംശയങ്ങള്‍ക്ക്  മാതൃഭൂമി ഡോട്ട് കോമിന്റെ ഫെയ്സ്ബുക്ക് പേജിലൂടെ മറുപടി പറയുകയായിരുന്നു പ്രശാന്ത് ചന്ദ്രന്‍.

വിവാഹ സര്‍ട്ടിഫിക്കറ്റ് വേണമെന്ന കാരണത്താല്‍ പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ നിരവധി അപേക്ഷകള്‍ തടഞ്ഞുവെച്ചിട്ടുണ്ട്. പുതിയ നിയമമനുസരിച്ച് ഇവര്‍ക്ക് വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടതില്ല. അതിനായി അപേക്ഷകര്‍ എത്രയും പെട്ടെന്ന് പാസ്‌പോര്‍ട്ട് സേവകേന്ദ്രങ്ങളുമായി തന്നെ ബന്ധപ്പെടണം. ചില അപേക്ഷകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസുകള്‍ നല്‍കിയിട്ടുണ്ട്. ഇവര്‍ക്കായി മാര്‍ച്ച് നാലിന് അദാലത്ത് സംഘടിപ്പിച്ചിട്ടുണ്ടെന്നും പ്രശാന്ത് ചന്ദ്രന്‍ പറഞ്ഞു.

മാറ്റങ്ങളും ഇളവുകളും വരുത്തിയ പുതിയ പാസ്‌പോര്‍ട്ട് നിയമങ്ങളെ കുറിച്ചുള്ള വായനക്കാരുടെ സംശയങ്ങള്‍ക്കെല്ലാം പ്രശാന്ത് ചന്ദ്രന്‍ തത്സമയം മറുപടി നല്‍കി. പാസ്‌പോര്‍ട്ട്  പുതുക്കുന്നതമായും രേഖകള്‍ ഹാജരാക്കുന്നതുമായും  ബന്ധപ്പെട്ടും ജനന തിയതി മാറ്റുന്നത് സംബന്ധിച്ചും നിരവധി ചോദ്യങ്ങളാണ് വായനക്കാരില്‍ നിന്നുയര്‍ന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നടക്കം ഇന്ത്യക്കകത്തും പുറത്തുനിന്നുമുള്ള അനേകം പേര്‍ സംശയങ്ങളുമായി എത്തി.