അങ്ങാടിപ്പുറം കമല നഗർ ‘ഗീതാഞ്ജലി’യിൽ ഥാറിന് മുന്നിൽ വിജയകുമാറും ഗീതയും
അങ്ങാടിപ്പുറം: ഗുരുവായൂര്‍ ദേവസ്വത്തിന് പുനര്‍ലേലം ചെയ്യേണ്ടിവന്ന മഹീന്ദ്ര ഥാര്‍ വാഹനം കറങ്ങിത്തിരിഞ്ഞ് അങ്ങാടിപ്പുറം 'ഗീതാഞ്ജലി'യിലെത്തി. ദുബായില്‍ ബിസിനസുകാരനായ കമല നഗര്‍ 'ഗീതാഞ്ജലി'യില്‍ വിഘ്നേഷ് വിജയകുമാറാണ് വാഹനം സ്വന്തമാക്കിയത്.
രാവിലെ ഏഴുമണിയോടെ ഗുരുവായൂരിലെത്തിയ വിഘ്നേഷിന്റെ അച്ഛന് കുന്നത്ത് വിജയകുമാറും അമ്മ വള്ളിക്കാട്ട് ഗീതയും ദര്‍ശനത്തിനുശേഷമാണ് വാഹനം കൈമാറല്‍ ചടങ്ങുകള്‍ക്കായി ദേവസ്വം ഓഫീസില്‍ എത്തിയത്. ദേവസ്വം ഓഫീസിനു മുന്നില്‍ നടന്ന ചടങ്ങില്‍ ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയന്, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ എ.കെ. രാധാകൃഷ്ണന് ദേവസ്വം ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ വാഹനം പൂജിച്ചതിനുശേഷം ഡ്രൈവര്‍ രാമകൃഷ്ണനാണ് ഥാര്‍ വീട്ടിലെത്തിച്ചത്.
കഴിഞ്ഞ ഡിസംബര്‍ ഒന്‍പതിനായിരുന്നു ഥാര്‍ വാഹനം മഹീന്ദ്ര കമ്പനി ഗുരുവായൂരപ്പന് വഴിപാട് നല്‍കിയത്. ഈ വാഹനം ദേവസ്വം 18-ന് ലേലം നടത്തി. അടിസ്ഥാനവിലയായ 15 ലക്ഷത്തേക്കാള്‍ പതിനായിരം രൂപമാത്രം അധികവിലയ്ക്കായിരുന്നു ലേലത്തില്‍ പോയത്. എന്നാല്‍ ലേലനടപടികള്‍ ദേവസ്വംചട്ടങ്ങള്ക്ക് വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി ഹിന്ദു സേവാകേന്ദ്രം ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. തുടന്ന് ആദ്യ ലേലം റദ്ദാക്കി പിന്നീട് പുനര്ലേലംചെയ്തു. 14 പേര് പുനര്‍ലേലത്തില്‍ പങ്കെടുത്തു. വിഘ്നേഷിന് വേണ്ടി അച്ഛന് വിജയകുമാറും കമ്പനി ജനറല്‍മാനേജര്‍ അനൂപ് അരീക്കോട്ടുമാണ് ലേലത്തില്‍ പങ്കെടുത്തത്.
അടിസ്ഥാനവിലയേക്കാള്‍ 28 ലക്ഷം രൂപ അധികം നല്‍കിയാണ് വിഘ്നേഷ് വിജയകുമാര്‍ പുനര്‍ലേലത്തില്‍ ഥാര്‍ വാങ്ങിയത്. നേരത്തേ വാഹനം ലേലമെടുത്ത അമല്‍ മുഹമ്മദും എത്തിയിരുന്നു. 43 ലക്ഷവും ജി.എസ്.ടിയും ഉള്‍പ്പെടെ 48.1 ലക്ഷംരൂപയാണ് വിഘ്നേഷ് ദേവസ്വത്തില്‍ അടച്ചത്. ഗുരുവായൂരപ്പ ഭക്തരായ ഞങ്ങള്‍ക്ക് ഗുരുവായൂരപ്പന്റെ ഈ അനുഗ്രഹത്തിന് വിലമതിക്കാനാകില്ലെന്ന് വിഘ്നേഷിന്റെ അച്ഛന് വിജയകുമാര്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..