മലപ്പുറം: പൗരത്വനിയമഭേദഗതിയെക്കുറിച്ചുള്ള വിശദീകരണ യോഗങ്ങൾ നടക്കുന്നിടത്ത് വ്യാപാരികൾ കടകളടച്ച് പ്രതിഷേധിക്കുന്ന സാഹചര്യത്തിൽ 'ഭാരതീയ വ്യാപാരി വ്യവസായി സംഘം' എന്ന സംഘടനയെ പുനരുജ്ജീവിപ്പിക്കാൻ ഹൈന്ദവ സംഘടനകളൊരുങ്ങി. 2014-ൽ തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്തെങ്കിലും പ്രവർത്തനം തുടങ്ങിയിട്ടില്ലാത്ത സംഘടനയാണിത്.

ആർ.എസ്.എസും സംസ്ഥാനവ്യാപകമായി ജനജാഗ്രതാ സമ്മേളനങ്ങൾ നടത്തിവരികയാണ്. യോഗങ്ങൾ നടക്കുന്ന പലയിടങ്ങളിലും ബസ്സുകളും ഓട്ടോറിക്ഷകളുമടക്കമുള്ള വാഹനങ്ങൾ ഓട്ടംനിർത്തുകയും കടകൾ അടച്ചിടുകയും ചെയ്യുന്നുണ്ട്. സാമൂഹികമാധ്യമങ്ങൾവഴി സന്ദേശങ്ങൾ നൽകിയാണ് ഇത്തരം ഉപരോധങ്ങൾ തീർക്കുന്നത്.

കഴിഞ്ഞദിവസം തിരൂരിൽ കേന്ദ്രമന്ത്രി സോംപ്രകാശ് പങ്കെടുത്ത പരിപാടിയും ഒരുവിഭാഗം വ്യാപാരികൾ ബഹിഷ്കരിച്ചു. വ്യാപാരി സംഘടനകൾ നേരിട്ട് ആഹ്വാനം ചെയ്തിട്ടില്ലെങ്കിലും ചില മേഖലകളിൽനിന്ന് വാട്‌സ് ആപ്പിലൂടെ ഉണ്ടായ ആഹ്വാനത്തെത്തുടർന്നായിരുന്നു ബഹിഷ്കരണം.

ഇത്തരം സാഹചര്യത്തെ മറികടക്കുകയാണ് ഇതിന്റെ ലക്ഷ്യം. ആർ.എസ്.എസിന്റേയോ ബി.ജെ.പിയുടേയോ നേരിട്ടുള്ള മേൽനോട്ടത്തിലല്ല സംഘടനയെങ്കിലും പ്രവർത്തകരുടെ സജീവപിന്തുണയുണ്ടെന്ന് തിരുവനന്തപുരം മേഖലയുടെ ചുമതലയുള്ള മണി ചാല പറഞ്ഞു.

കോഴിക്കോട് മേഖലയുടെ ചുമതല സി.കെ. ബാലകൃഷ്ണനാണ്. അടുത്ത ദിവസംതന്നെ എറണാകുളത്ത് സംഘടനയുടെ യോഗം വിളിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങൾ വഴി സംഘാടകരേയും കോ-ഓർഡിനേറ്റർമാരെയും ആവശ്യപ്പെട്ടുകൊണ്ട് സന്ദേശങ്ങളും അയച്ചിട്ടുണ്ട്.

മാർക്കറ്റ് തലത്തിൽനിന്ന് തുടങ്ങി ടൗൺ, പഞ്ചായത്ത്, മണ്ഡലം, താലൂക്ക് തലങ്ങളിലൂടെ വികസിക്കുന്ന സംഘടനാ സംവിധാനമാണ് ലക്ഷ്യമിടുന്നത്. തിരുവനന്തപുരത്ത് ഇരുപതോളം യൂണിറ്റുകളുടെ സംഘാടനം ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്.

Content Highlights: new merchants association by hindu unions