തിരുവനന്തപുരം: നിയുക്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ കേരളത്തിലെത്തി. എയര്‍ ഇന്ത്യാ വിമാനത്തില്‍ രാവിലെ 8.30 ഓടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ ആരിഫ് മുഹമ്മദ് ഖാനെ മന്ത്രി കെ.ടി.ജലീലിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. മന്ത്രിമാരായ എ.കെ.ബാലന്‍.ഇ.ചന്ദ്രശേഖരന്‍,കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയ മന്ത്രിമാര്‍ അദ്ദേഹത്തെ കാണാനെത്തിയിരുന്നു. മന്ത്രിമാരുമായി സംസാരിച്ച ശേഷം നിയുക്ത ഗവര്‍ണര്‍ രാജ്ഭവനിലേക്ക് തിരിച്ചു.നാളെയാണ് അദ്ദേഹം ഔദ്യോഗികമായി ചുമതലയേല്‍ക്കുക.

വെള്ളിയാഴ്ച രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞാച്ചടങ്ങ്. ഹൈക്കോടതി ചീഫ് ജസ്റ്റിസിന് മുമ്പാകെയായിരിക്കും സത്യപ്രതിജ്ഞ. കേരളത്തിന്റെ 22-ാമത്തെ ഗവര്‍ണറായിരിക്കും ആരിഫ് മുഹമ്മദ്ഖാന്‍.

പദവിയില്‍ കാലാവധി പൂര്‍ത്തിയാക്കി പി. സദാശിവം ബുധനാഴ്ച കേരളത്തില്‍നിന്നു മടങ്ങിയിരുന്നു. അതേ സമയം പുതിയ ഗവര്‍ണര്‍ സ്ഥാനമേല്‍ക്കുന്നത് വരെ സാങ്കേതികമായി സദാശിവം തന്നെയാണ് കേരളത്തിന്റെ ഗവര്‍ണര്‍.

ബുധനാഴ്ച രാജ്ഭവനില്‍ സര്‍ക്കാര്‍ ഒരുക്കിയ യാത്രയയപ്പിനുശേഷം വൈകീട്ട് അഞ്ചിന് ഇന്‍ഡിഗോ വിമാനത്തിലാണ് സദാശിവം ചെന്നൈയിലേക്കു പോയത്. എയര്‍പോര്‍ട്ട് ടെക്നിക്കല്‍ ഏരിയയില്‍ പോലീസ് പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിച്ചായിരുന്നു മടക്കം. ഈറോഡ് സ്വദേശിയാണ് അദ്ദേഹം.

സദാശിവത്തെയും ഭാര്യ സരസ്വതി സദാശിവത്തെയും യാത്രയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മന്ത്രിമാരായ എ.കെ. ബാലന്‍, കെ. കൃഷ്ണന്‍കുട്ടി, കെ.ടി. ജലീല്‍, ചീഫ് സെക്രട്ടറി ടോംജോസ്, ഡി.ജി.പി. ലോക്നാഥ് ബെഹ്റ, സതേണ്‍ എയര്‍കമാന്‍ഡ് എയര്‍ചീഫ് മാര്‍ഷല്‍ ബി. സുരേഷ്, പാങ്ങോട് സൈനിക ക്യാമ്പ് സ്റ്റേഷന്‍ കമാന്‍ഡന്റ് ബ്രിഗേഡിയര്‍ സി.ജി. അരുണ്‍, കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ വിമാനത്താവളത്തിലെത്തിയിരുന്നു.

Content Highlights: New Kerala Governor Arif Mohammed Khan arrived in Thiruvananthapuram