സര്‍ക്കാര്‍ ജോലി 15 വര്‍ഷമാക്കണം,സാര്‍വത്രിക പെന്‍ഷന്‍ നല്‍കണം-ജോസ് സെബാസ്റ്റിയന്‍ | അഭിമുഖം


വിഷ്ണു കോട്ടാങ്ങല്‍

ഡോ. ജോസ് സെബാസ്റ്റിയൻ

കടം, കടത്തിന് മുകളില്‍ അതിന്റെ പലിശ. കടം വീട്ടാന്‍ കടമെടുക്കല്‍, കേരളത്തിന്റെ സാമ്പത്തിക പ്രശ്നങ്ങള്‍ അനവധിയാണ്. ചെലവുകള്‍ നടത്താന്‍ കടമെടുക്കാതെ പറ്റില്ലെന്ന അങ്ങേയറ്റം ഗുരുതരമായ സ്ഥിതിയിലാണ് കേരളം. വരുമാനത്തിന്റെ സിംഹഭാഗവും ശമ്പളവും പെന്‍ഷനുമടക്കമുള്ള ചെലവുകള്‍ക്ക് വിനിയോഗിക്കേണ്ടി വരുന്നു. ശമ്പളവും പെന്‍ഷനും കൊടുക്കാന്‍പോലും എല്ലാ മാസവും കടമെടുക്കേണ്ട സ്ഥിതിവിശേഷത്തിലേക്കാണ് കേരളം പൊയ്ക്കൊണ്ടിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കേരളത്തിന് ഈ പദ്മവ്യൂഹത്തില്‍നിന്ന് കരകയറാനാകുമോ? ആകുമെന്ന് പറയുകയാണ് സാമ്പത്തിക വിദഗ്ധനും ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് സീനിയര്‍ ഫാക്കല്‍റ്റിയുമായിരുന്ന ഡോ. ജോസ് സെബാസ്റ്റിയനുമായി നടത്തിയ ദീര്‍ഘ സംഭാഷണത്തില്‍നിന്ന്

സാര്‍വത്രിക പെന്‍ഷന്‍ എന്ന ആശയം കുറെ കാലങ്ങളായി ഉയര്‍ന്നു കേള്‍ക്കുന്ന ഒന്നാണ്? എന്താണ് സാര്‍വത്രിക പെന്‍ഷന്‍ എന്നത് ലളിതമായി വിശദീകരിക്കാനാകുമോ?


നമ്മുടെ സമൂഹത്തില്‍ പെന്‍ഷന്‍ എന്താണ്, ശമ്പളമെന്താണ് എന്നതിനെ സംബന്ധിച്ച് സാധാരണ ജനങ്ങളുടെ ഇടയിലുള്ള അവബോധംതന്നെ വളരെ കുറവാണ് എന്നുള്ളതാണ്. സര്‍ക്കാരുദ്യോഗസ്ഥര്‍ക്ക് കിട്ടുന്ന പെന്‍ഷന്‍ എന്നത് അവരുടെ ശമ്പളത്തില്‍നിന്ന് മാറ്റിവെച്ചിട്ട് പിന്നീട് കൊടുക്കുന്നതാണ് എന്നാണ് സാമാന്യം വിദ്യാഭ്യാസമുള്ളവരും കരുതുന്നത്.

പരിഷ്‌കൃത രാജ്യങ്ങളില്‍ ഓരോ വ്യക്തിയും തങ്ങളുടെ ജോലി ചെയ്യുന്ന കാലയളവില്‍ പെന്‍ഷന്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിന് ആനുപാതികമായാണ് പിന്നീട് പെന്‍ഷന്‍ കിട്ടുന്നത്. അതുപോലെതന്നെ ഉയര്‍ന്ന നികുതി ചുമത്തി എല്ലാവര്‍ക്കും മിനിമം ഉറപ്പായ പെന്‍ഷന്‍ നല്‍കാനും അവിടങ്ങളില്‍ വ്യവസ്ഥയുണ്ട്. എല്ലാവര്‍ക്കും അല്ലലില്ലാതെ ജീവിക്കാന്‍ കഴിയുന്ന ഏറ്റവും മിനിമം പെന്‍ഷന്‍ നല്‍കുക എന്നതാണ് ഈ ആശയം.

അതായത് പെന്‍ഷന്‍ ഫണ്ടുകളിലേക്ക് സംഭാവന ചെയ്യാന്‍ സാധിക്കാത്തവര്‍ക്കും, അല്ലെങ്കില്‍ സ്വന്തം സംഭാവന കൊണ്ട് മിനിമം പെന്‍ഷന് അര്‍ഹത ഇല്ലാത്തവര്‍ക്കുപോലും മിനിമം പെന്‍ഷന്‍ നല്‍കുക എന്നതാണ് സാര്‍വത്രിക പെന്‍ഷന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. നമ്മുടെ നാട്ടിലെ സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ എന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമുള്ളതാണ്.

ഈ പെന്‍ഷന്‍ വ്യവസ്ഥ വന്നതെങ്ങനെയെന്ന് ചിന്തിക്കേണ്ടതുണ്ട്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ സമത്ത് ഇവിടുത്തെ ശരാശരി ആയുര്‍ നിരക്ക് എന്നത് 35 വയസായിരുന്നു. എന്നുവച്ചാല്‍ സര്‍വീസിലിരിക്കെ തന്നെ ഉദ്യോഗസ്ഥര്‍ രോഗങ്ങള്‍ വന്ന് മരണപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. ഇനി സര്‍വീസില്‍നിന്ന് വിരമിക്കുന്നവര്‍ അധിക കാലം ജീവിച്ചിരിക്കുകയോ ചെയ്യുമായിരുന്നില്ല. അതുകൊണ്ടുതന്നെ വിരമിക്കുന്നവര്‍ അല്ലലില്ലാതെ കഴിയുക എന്നത് മാത്രമായിരുന്നു സ്റ്റാറ്റിയൂട്ടറി പെന്‍ഷന്റെ തുടക്കത്തിലെ ലക്ഷ്യം. അങ്ങനെ വരുമ്പോള്‍ വളരെ കുറച്ച് തുകമാത്രമേ അതിനുവേണ്ടി ചെലവഴിക്കേണ്ടി വന്നിരുന്നുള്ളു.

ഇപ്പോള്‍ സ്വാതന്ത്ര്യാനന്തര കാലത്ത് ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും ശമ്പള പരിഷ്‌കരണം നടപ്പിലാക്കുന്നു. ആയുര്‍ ദൈര്‍ഘ്യം 75 വയസ് വരെയായി ഉയര്‍ന്നു. ഇതിന്റെ ഫലമായി ശരാശരി 30 വര്‍ഷം സര്‍വീസിലിരുന്ന് ശമ്പളം വാങ്ങിയവര്‍ വിരമിച്ച് കഴിഞ്ഞാല്‍ അവസാനം വാങ്ങിയ ശമ്പളത്തിന്റെ പകുതിയും അതിനൊപ്പം ഓരോ അഞ്ച് വര്‍ഷം കൂടുമ്പോള്‍ നടത്തുന്ന ശമ്പള പരിഷ്‌കരണത്തിന്റെയും ക്ഷാമബത്തയുടെയും ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാകുന്നു. ഇങ്ങനെ ഒരു 30 മുതല്‍ 40 വര്‍ഷം വരെ കൊടുക്കേണ്ട സ്ഥിതിയിലേക്ക് എത്തി. അപ്പോള്‍ സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ എന്നത് പെന്‍ഷനല്ല ഒരുതരം ശമ്പളം തന്നെയായി കണക്കാക്കണം. ശമ്പളത്തില്‍ നിന്ന് മാറ്റിവെച്ചല്ല കൊടുക്കുന്നതെങ്കില്‍ അതിനെ പെന്‍ഷന്‍ എന്ന് വിളിക്കാനാകില്ല.

2019-20 ലെ കണക്ക് പ്രകാരം മൊത്തം വരുമാനത്തിന്റെ 21.13 ശതമാനവും പെന്‍ഷന് വേണ്ടി മാത്രം മാറ്റിവെക്കുകയാണ്. അതായത് ജനസംഖ്യയിലെ വെറും രണ്ട് ശതമാനം വരുന്ന സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്ക് വേണ്ടി വരുമാനത്തിന്റെ 20 ശതമാനത്തിന് മുകളില്‍ ചെലവഴിക്കേണ്ടി വരുന്നുവെന്ന് സാരം. ഇത്തരം ബാധ്യത ഏറ്റവുമധികമുള്ള സംസ്ഥാനമാണ് കേരളം. ശമ്പളവും പെന്‍ഷനും നല്‍കാനുള്ള ചെലവ് നോക്കിയാല്‍ മൊത്ത വരുമാനത്തിന്റെ 60 ശതമാനത്തോളം വരും.

ഇത് കൊടുത്തുകഴിയുമ്പോള്‍ ബാക്കിയുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും വികസനപ്രവര്‍ത്തനങ്ങള്‍ക്കും മാറ്റിവെക്കാന്‍ വിഭവങ്ങളില്ലാതെ വരുന്നു. ക്ഷേമ പെന്‍ഷനെന്നത് വെറും 1600 രൂപ മാത്രമാണെന്ന് ഓര്‍ക്കണം. അപ്പോള്‍ ഇത് പരിഗണിച്ചാണ് എല്ലാവര്‍ക്കും പെന്‍ഷന്‍ കിട്ടുന്ന സംവിധാനം വേണമെന്ന ആശയവുമായി ഞാന്‍ മുന്നോട്ടുപോകുന്നത്.

ഈ സാര്‍വത്രിക പെന്‍ഷന്‍ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത എന്താണ്?

സാര്‍വത്രിക പെന്‍ഷന്‍ എന്നാല്‍ എല്ലാ വ്യക്തികള്‍ക്കും ഒരു പ്രായമാകുമ്പോള്‍ ഉറപ്പായും ഒരു മിനിമം പെന്‍ഷന്‍ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് ചെയ്യുന്നത്. അതിനുവേണ്ടി ഇന്നത്തെ പെന്‍ഷന്‍ വ്യവസ്ഥ സമൂലമായി ഉടച്ചുവാര്‍ക്കേണ്ടി വരും. മുഴുവന്‍ സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍കാരെയും ആദ്യപടിയായി പങ്കാളിത്ത പെന്‍ഷനിലേക്ക് കൊണ്ടുവരികയും അങ്ങനെ പെന്‍ഷന്‍ ബാധ്യത മൂന്നിലൊന്നായി കുറയ്ക്കാനും സാധിക്കും. ഇങ്ങനെ ചെയ്താല്‍ സാധാരണക്കാര്‍ക്ക് നല്‍കുന്ന ക്ഷേമ പെന്‍ഷന്‍ 1600-ല്‍നിന്ന് 4400 രൂപയായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് സാധിക്കും. ഇതിനുവേണ്ടി അധികമായി നികുതി വര്‍ധിപ്പിക്കുകപോലും വേണ്ടി വരില്ല. ഇത് ഞാന്‍ സ്ഥിതി വിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ തെളിയിച്ച സംഗതിയാണ്.

സര്‍ക്കാര്‍ സര്‍വീസ് 15 വര്‍ഷമായി പരിമിതപ്പെടുത്തണം എന്നതാണ് എന്റെ അഭിപ്രായം. 20 വയസില്‍ സര്‍വീസില്‍ കയറുന്ന ഒരാള്‍ 35-ാമത്തെ വയസില്‍ റിട്ടയര്‍ ചെയ്യുക, 35 വയസിന് ശേഷവും സര്‍ക്കാര്‍ സര്‍വീസില്‍ കയറാന്‍ സാധിക്കുന്ന അവസ്ഥയുണ്ടാകണം. ഇവര്‍ 50-ാമത്തെ വയസില്‍ റിട്ടയര്‍ ചെയ്യും. ഇനി 50-ാമത്തെ വയസില്‍ കയറുന്നവര്‍ 65-ാമത്തെ വയസില്‍ റിട്ടയര്‍ ചെയ്യും. ഇനി 65 മുതല്‍ 80 വയസുവരെയുള്ളവര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനാകണം.

ഇത്തരത്തില്‍ ഫല്‍ക്സിബിളായ ഒരു ജോലി സംവിധാനം സര്‍ക്കാര്‍ മേഖലയില്‍ വന്നാല്‍ അത് വലിയ പ്രാധാന്യമുള്ള ഒന്നല്ലാതായി മാറും. അതിന് വേണ്ടി വര്‍ഷങ്ങളോളം പരീക്ഷയ്ക്കും പഠനത്തിനുമായി ചെലവഴിക്കുന്ന രീതി മാറും. സര്‍ക്കാര്‍ ജോലിയെന്നത് കുറച്ച് കാലത്തേക്ക് മാത്രം കിട്ടുന്ന ഒന്നാണെന്ന് വന്നാല്‍, ഏത് പ്രായത്തിലും അതില്‍ കയറാമെന്ന് വന്നാല്‍ പിന്നെ അത് വലിയ ആകര്‍ഷകമായി മാറില്ല. സാര്‍വത്രികമായി എല്ലാവര്‍ക്കും സുരക്ഷിതമായ പെന്‍ഷന്‍ കിട്ടുമെന്ന സ്ഥിതിയും വന്നാല്‍ സര്‍ക്കാര്‍ ജോലിക്ക് വേണ്ടിയുള്ള പരക്കം പാച്ചില്‍ ഇല്ലാതാകും.

ഇങ്ങനെയാകുമ്പോള്‍ കഴിവുള്ള പ്രതിഭാധനരായ ആളുകള്‍ സ്വകാര്യമേഖലയില്‍ കൂടുതലായി ലഭ്യമാകുന്ന സാഹചര്യമുണ്ടാകും. സ്വകാര്യമേഖല ശക്തിപ്പെടും. അതിനൊപ്പം സ്വയം തൊഴില്‍ സംരംഭങ്ങള്‍ കൂടുതലായി ഉണ്ടാകും. കാരണം അങ്ങനെ സ്വന്തമായോ സ്വകാര്യമേഖലയിലൊ ജോലി ചെയ്യുന്നവര്‍ക്ക് പിന്നീട് സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യാന്‍ അവസരമുണ്ട് എന്ന് വന്നാല്‍ അത് സമൂഹത്തില്‍ വലിയ മാറ്റത്തിന് കാരണമാകും.

2012 വരെ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചവരെല്ലാം ഇപ്പോള്‍ സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ വ്യവസ്ഥയിലാണ്. ഇവര്‍ 2042-ല്‍ വിരമിക്കുന്നുവെന്നും അവര്‍ കുറഞ്ഞത് 30 വര്‍ഷം കൂടി ജീവിച്ചിരിക്കുന്നുവെന്നുകൂടി കണക്കാക്കിയാല്‍ 2072 വരെ ഈ സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ തുടരേണ്ട അവസ്ഥയാണുള്ളത്. കേരളത്തിന്റെ സാമ്പത്തിക സാഹചര്യത്തില്‍ ഒരു കാരണവശാലും ഈ പെന്‍ഷന്‍ വ്യവസ്ഥയുമായി മുന്നോട്ടുപോകാനാകില്ല. അതില്‍ സമൂലമായ പരിഷ്‌കരണം ആവശ്യമാണ്. അതിലാണ് സാര്‍വത്രിക പെന്‍ഷന്‍ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയുള്ളത്.

ഈ ആശയം അതെങ്ങനെയാണ് വന്നത്‌?

പരിഷ്‌കൃത സമൂഹങ്ങളിലുള്ള പെന്‍ഷന്‍ വ്യവസ്ഥയാണ് ഇത്. ഞാനിക്കാര്യത്തില്‍ നിരവധി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. വികസിത രാജ്യങ്ങളില്‍ പെന്‍ഷന്‍ എന്നത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണ്. സ്വകാര്യമേഖലയിലായാലും, പൊതുമേഖലയിലായാലും, ഇനി സര്‍ക്കാര്‍ സര്‍വീസിലായാലും ഓരോരുത്തരും പെന്‍ഷന്‍ ഫണ്ടുകളില്‍ വരുമാനത്തിന്റെ നിശ്ചിത ശതമാനം നിക്ഷേപിച്ചിരിക്കണം എന്നത് അവിടങ്ങളില്‍ നിര്‍ബന്ധമാണ്.

നേരേമറിച്ച് ഇന്ത്യയില്‍ പങ്കാളിത്ത പെന്‍ഷന്‍ കൊണ്ടുവന്നെങ്കിലും പെന്‍ഷന്‍ ഫണ്ടുകളില്‍ ചേരുകയെന്നത് ഒപ്ഷണലാണ്. നിര്‍ബന്ധമല്ല. അത് മാറി എല്ലാവരും പെന്‍ഷന്‍ ഫണ്ടുകളില്‍ ചേരുന്നത് നിര്‍ബന്ധമാക്കുക എന്നതാണ് സാര്‍വത്രിക പെന്‍ഷന്‍ എന്നത്. കേരളം ഇക്കാര്യത്തിലേക്ക് മാറി ഇന്ത്യക്കാകമാനം മാതൃകയായി മാറേണ്ടതുണ്ട്. എല്ലാ പുരോഗമനപരമായ ആശയങ്ങളും ആദ്യം നടപ്പിലാകുന്നത് കേരളത്തിലാണ് എന്നതിനാല്‍ കേരളം ഇതിലേക്ക് മാറണമെന്നാണ് ഞാന്‍ ആശിക്കുന്നത്.

കേരളം സാമ്പത്തികമായി പ്രതിസന്ധിയിലാണ് എന്നുള്ളത് ഇന്ന് നിസ്തര്‍ക്കമായ കാര്യമാണ്. മദ്യം, ലോട്ടറി, ടൂറിസം, ഇന്ധനം തുടങ്ങിയവയിലാണ് കേരളത്തിന്റെ വരുമാനമിരിക്കുന്നത്. ഈയൊരു വികസന രീതി കേരളത്തിനെ തുടര്‍ന്നും രക്ഷിക്കുമോ?

കേരളം വരുമാനം കണ്ടെത്തുന്നത് മദ്യത്തില്‍ നിന്നും ലോട്ടറിയില്‍ നിന്നുമാണെന്നത് വരുത്തിവെച്ച അഭിപ്രായമാണ്. കേരളത്തിന് വിഭവസമാഹരണത്തിന് മാര്‍ഗങ്ങളില്ല എന്നുള്ളതിന് ഒരു അടിസ്ഥാനവുമില്ല. ഇക്കാര്യത്തില്‍ ആഴത്തിലുള്ള പഠനം നടത്തിയ ആളാണ് ഞാന്‍. അതുപ്രകാരം വിഭവ സമാഹരണത്തിന് നിരവധി മാര്‍ഗങ്ങളുണ്ടെങ്കിലും അതില്‍ അമ്പേ പരാജയപ്പെട്ട് പോയതിലാണ് കേരളത്തിന്റെ പ്രതിസന്ധി കിടക്കുന്നത്. 1957-58 മുതല്‍ 1966-67 വരെയുള്ള 10 വര്‍ഷമെടുക്കുകയാണെങ്കില്‍ രാജ്യത്തെ മൊത്തം സംസ്ഥാനങ്ങള്‍ സമാഹരിച്ച തനത് വരുമാനത്തില്‍ കേരളത്തിന് 4.45 ശതമാനമായിരുന്നു പങ്കാളിത്തം. റിസര്‍വ് ബാങ്കിന്റെ ഏറ്റവും പുതിയ 2019-20ലെ സ്ഥിതിവിവര കണക്കുകള്‍ പ്രകാരം കേരളത്തിന്റെ തനത് വരുമാനം 4.34 ശതമാനമായി കുറഞ്ഞു.

ആളോഹരി ഉപഭോഗത്തിലുള്ള വര്‍ധനവുമായി ഇതിനെ തട്ടിച്ചുനോക്കുമ്പോഴാണ് കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിക്കുക. 1972-73 ല്‍ സമയത്തെ ആളോഹരി ഗാര്‍ഹിക ഉപഭോഗം ഇന്ത്യയില്‍ കേരളത്തിന്റെ സ്ഥാനം എട്ടാമതായിരുന്നു. പിന്നീട് ഗള്‍ഫ് പണത്തിന്റെ വരവോടെ 1983 ആയപ്പോള്‍ കേരളത്തിന്റെ സ്ഥാനം മൂന്നാമതായി ഉയര്‍ന്നു. പിന്നീട് 1999-2000 മുതല്‍ ഇന്ത്യയില്‍ ആളോഹരി ഉപഭോഗത്തില്‍ ഒന്നാം സ്ഥാനം കേരളത്തിനാണ്.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഭക്ഷ്യേതര വസ്തുക്കള്‍, പ്രത്യേകിച്ച് ആഡംബര വസ്തുക്കളുടെ വലിയ വിപണി കൂടിയാണ് കേരളം. ആഡംബര വസ്തുക്കളുടെ മേലാണ് ഉയര്‍ന്ന നികുതി ചുമത്തുന്നത് എന്ന് നമുക്കറിയാം. പക്ഷേ, ഇത്രമാത്രം നികുതി നല്‍കാനുള്ള ശേഷിയുണ്ടായിട്ടും സര്‍ക്കാരിന്റെ 60 ശതമാനം വരുമാനം വരുന്നത് നാല് ഇനങ്ങളില്‍നിന്ന് മാത്രമാണ്. മദ്യം, ഭാഗ്യക്കുറി, പെട്രോള്‍-ഡീസല്‍, മോട്ടോര്‍ വാഹനങ്ങള്‍ എന്നിവയാണവ. കാര്യമായി നികുതി വെട്ടിപ്പ് നടത്താനാകാത്ത ഈ മേഖലയില്‍നിന്നാണ് കേരളം വിഭവസമാഹരണം നടത്തുന്നത്. മദ്യത്തെയും ഭാഗ്യക്കുറിയെയും പെട്രോളിനെയുമൊക്കെ ആശ്രയിച്ചുള്ള ഈ നികുതി പിരിവിന്റെ ഭാരം സാധാരണക്കാര്‍ക്കും പുറമ്പോക്കില്‍ കിടക്കുന്നവരെയുമാണ് കാര്യമായി ബാധിക്കുന്നത്.

1970-71 ല്‍ മദ്യവും ലോട്ടറിയും കേരളത്തിന്റെ തനത് വരുമാനത്തിലേക്ക് സംഭാവന ചെയ്തിരുന്നത് 14.77 ശതമാനം മാത്രമായിരുന്നു. ഇന്നത് 36.2 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. ചുരുക്കിപ്പറഞ്ഞാല്‍ കഴിഞ്ഞ 60 വര്‍ഷത്തിനിടെ പൊതുവിഭവ സമാഹരണത്തിന്റെ ഭാരം പാവപ്പെട്ടവരുടെയും പുറമ്പോക്കില്‍ കിടക്കുന്നവരുടെയും ചുമലിലേക്ക് മാറുകയായിരുന്നു. അവരില്‍ നിന്നാണ് കൂടുതല്‍ വിഭവസമാഹരണമുണ്ടാകുന്നത്. അല്ലാതെ മധ്യവര്‍ഗത്തില്‍ നിന്നല്ല.

വിഭവ സമാഹരണത്തിന് മാര്‍ഗമില്ല എന്ന അവസ്ഥ സംജാതമായതിന് കാരണം കേരളത്തിലെ ഈ മുന്നണി രാഷ്ട്രീയമാണ്. അന്യോന്യം മത്സരിച്ച് നികുതി ഇളവുകള്‍ കൊടുത്ത് നികുതിയുടെ അടിത്തറ ഇല്ലാതായി. വന്നുവന്ന് നികുതി പിരിക്കാന്‍ പോകാന്‍ പോയിട്ട് അതിനെപ്പറ്റി ചിന്തിക്കാന്‍ പോലും പറ്റാത്ത സാഹചര്യത്തിലേക്ക് നമ്മള്‍ എത്തി. കടം വാങ്ങുകയാണ് എളുപ്പമെന്ന് വരുത്തി തീര്‍ത്തു. വിഭവസമാഹരണത്തിന് കേരളത്തില്‍ സാധ്യതയില്ല എന്നുള്ള തെറ്റിദ്ധാരണ ഉണ്ടാക്കുന്നതില്‍ അക്കാദമിക് വിദഗ്ധര്‍ക്കും കാര്യമായ പങ്കുണ്ട്.

രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും സംബന്ധിച്ചിടത്തോളം നികുതി പിരിക്കാന്‍ കഴിയില്ലെങ്കില്‍ കടമെടുക്കാം എന്ന് ചിന്തിക്കും. കടമെടുത്ത് വികസനത്തിലേക്ക് പോകാം എന്നുള്ള മോചനമില്ലാത്ത സ്ഥിതിവിശേഷത്തിലേക്ക് എത്തിച്ചിരിക്കുകയാണ് ഇപ്പോള്‍.

കടമെടുക്കുന്നത് വികസനത്തിന് വേണ്ടി മാത്രമാണെങ്കില്‍ അതിനെ എതിര്‍ക്കേണ്ടതില്ലല്ലോ. പക്ഷേ, കേരളം കടമെടുക്കുന്നത് നിത്യനിദാന ചെലവുകള്‍ക്കും വേണ്ടിയാണ്. ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കാനാകും?

അതെ. ഭാവിയില്‍ കൂടുതല്‍ വരുമാനമുണ്ടാകാന്‍ സഹായിക്കുന്ന ആസ്തികള്‍ വികസിപ്പിക്കുന്നതിന് വേണ്ടിയാകണം കടമെടുക്കേണ്ടത് എന്നതാണ് സാമ്പത്തിക ശാസ്ത്രത്തില്‍ ഇതിനെപ്പറ്റിയുള്ള തത്വം. 2003-ലാണ് കേന്ദ്രം ഫിസ്‌കല്‍ റെസ്പോണ്‍സിബിലിറ്റി ആന്‍ഡ് ബഡ്ജറ്റ് മാനേജ്മെന്റ് ആക്ട് (എഫ്.ആര്‍.ബി.എം.) അതായത് ധന ഉത്തരവാദിത്ത നിയമം എന്നൊരു നിയമം കൊണ്ടുവരുന്നത്. ഇതിലൂടെ സംസ്ഥാനങ്ങളുടെ കടമെടുപ്പില്‍ കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തി.

പക്ഷേ, 2006-ല്‍ കേരളത്തിലെ ധനമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക്ക് ഈ ധന ഉത്തരവാദിത്വ നിയമത്തെ വിമര്‍ശിച്ചുകൊണ്ടാണ് ആദ്യത്തെ ബജറ്റ് പ്രസംഗം നടത്തിയത്. അന്നദ്ദേഹം പറഞ്ഞത് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് കടമെടുക്കുന്നത് എന്നാണ്. അന്നുമുതലുള്ള കടമെടുപ്പിന്റെ വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ്‌ കണ്ടെത്തിയത്. വികസനത്തിനാണ് എന്നപേരില്‍ എടുത്ത കടത്തിന്റെ 66.67 ശതമാനവും നിത്യനിദാന ചെലവുകള്‍ക്ക് വേണ്ടിയാണ് ചെലവഴിച്ചത് എന്നാണ് ഞാന്‍ കണ്ടെത്തിയത്.

ശമ്പളം, പെന്‍ഷന്‍, മുമ്പെടുത്ത കടത്തിന്റെ പലിശ തുടങ്ങിയ ദൈനംദിന ചെലവുകള്‍ക്കാണ് ഈ തുകയൊക്കെ ചെലവഴിച്ചത്. ഇങ്ങനെ കടമെടുത്താല്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര ഫണ്ട് ലഭ്യമാകുന്നില്ല എന്നുകണ്ടാണ് രണ്ടാമത് ധനമന്ത്രിയായപ്പോള്‍ തോമസ് ഐസക്ക് കിഫ്ബി കൊണ്ടുവരുന്നത്. അത് ബജറ്റിന് പുറത്തുള്ള സംവിധാനമാണ്. അതിലൂടെ എടുക്കുന്ന കടം മുഴുവന്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി എടുക്കുക എന്നാണ് ഉദ്ദേശിച്ചത്.

അതായത് സംസ്ഥാനത്തിന് എടുക്കാന്‍ കേന്ദ്രം അനുവദിച്ച പരിധിക്കുള്ളിലെ 90 ശതമാനവും ദൈനംദിന ചെലവുകള്‍ക്കുവേണ്ടിയാണ് കേരളം ഉപയോഗിക്കുന്നത്. ഓരോ മാസവും ശമ്പളത്തിനും പെന്‍ഷനും വേണ്ടി 2000 കോടിയോളമാണ് സര്‍ക്കാര്‍ കടമെടുക്കുന്നത്. കടമെടുപ്പില്‍നിന്ന് മോചനമില്ല എന്ന സ്ഥിതിയാണ് കേരളത്തിലുള്ളത്.

സര്‍ക്കാര്‍ കടമെടുക്കുന്നതിനെ സാധാരണക്കാര്‍ എങ്ങനെയാണ് മനസിലാക്കേണ്ടത്? ഭൂരിഭാഗമാളുകള്‍ക്കും ഇതിന്റെ നേരിട്ടുള്ള ആഘാതം മനസിലാക്കാന്‍ സാധിക്കുന്നില്ലല്ലോ?

സര്‍ക്കാര്‍ കടമെടുക്കുന്നതുകൊണ്ട് നമുക്കെന്ത് ദോഷമെന്നാണ് സാധാരണക്കാര്‍ ചിന്തിക്കുന്നത്. യഥാര്‍ഥത്തില്‍ അങ്ങനെയല്ല. സര്‍ക്കാര്‍ കടമെടുക്കുംതോറും പലിശ ബാധ്യത കൂടുകയാണ്. അതായത് ശമ്പളവും പെന്‍ഷനും കടത്തിന്റെ പലിശയും കൊടുത്തതിന് ശേഷമെ മറ്റ് സര്‍ക്കാര്‍ ചെലവുകള്‍ക്കും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും പണം മാറ്റിവെക്കാനാകൂ. അപ്പോള്‍ കടം കൂടുന്തോറും സാധാരണ ജനങ്ങള്‍ക്ക് കിട്ടേണ്ട സേവനങ്ങള്‍ക്ക് വേണ്ടി മാറ്റിവെക്കേണ്ടുന്ന വിഭവങ്ങള്‍ കുറഞ്ഞുകുറഞ്ഞുവരും.

സാധാരണക്കാര്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍, ക്ഷേമ പെന്‍ഷനുകള്‍, ആശുപത്രിയിലെ മെച്ചപ്പെട്ട സേവനങ്ങള്‍ക്കോ പൊതു വിദ്യാലയങ്ങള്‍ ഇതിനൊക്കെ കിട്ടേണ്ട തുകയാണ് ഇങ്ങനെ കുറയുന്നത്. ഇപ്പോള്‍ രണ്ട് ഗഡു ക്ഷേമപെന്‍ഷന്‍ കൊടുക്കാന്‍ വേണ്ടി പോലും കടമെടുക്കാന്‍ പോവുകയാണ് സര്‍ക്കാര്‍. ഇത്രയും നാളും ശമ്പളത്തിനും പെന്‍ഷനുമൊക്കെ വേണ്ടി കടമെടുത്തതു കൊണ്ടാണ് ക്ഷേമപെന്‍ഷന് രണ്ട് ഗഡു മുടങ്ങിയത്.

ഇതില്‍നിന്ന് മനസിലാക്കേണ്ടത് ഇതാണ്. കടം കൂടുന്തോറും അതിന്റെ ആഘാതം ബാധിക്കുന്നത് സര്‍ക്കാര്‍ ജീവനക്കാരോ ശമ്പളവരുമാനക്കാരോ അല്ല. സമൂഹത്തിലെ പാവപ്പെട്ടവരാണ് ഇത് വലിയ തോതില്‍ ബാധിക്കുന്നത്.

സംവരണ നയത്തില്‍ വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കേന്ദ്രം സാമ്പത്തിക സംവരണം നടപ്പിലാക്കി. പക്ഷേ, നിലവിലെ സംവരണ സംവിധാനം സ്വകാര്യ മേഖലയില്‍ കൂടി നടപ്പിലാക്കണമെന്ന ആവശ്യവും ഉയരുന്നു. ഇതിനെ എങ്ങനെയാണ് കാണുന്നത്?

സാമ്പത്തിക സംവരണത്തിലാണ് ഞാന്‍ വിശ്വസിക്കുന്നത്. ജാതിയടിസ്ഥാനത്തിലുള്ള സംവരണം എല്ലാക്കാലത്തേക്കും തുടരാനാകില്ല. അത് പ്രത്യേക കാലഘട്ടത്തിലേക്ക് മാത്രമായി പരിമിതപ്പെടുത്തണം. കാരണം സംവരണം കിട്ടിക്കൊണ്ടിരിക്കുന്ന വിഭാഗങ്ങള്‍ക്ക് എല്ലാക്കാലവും സംവരണം കിട്ടുന്ന സ്ഥിതിയാണ്. ആ സ്ഥിതി മാറും. സാമ്പത്തികമായി രാജ്യത്തിന്റെ വികാസമുണ്ടാകുന്നതിനനുസരിച്ച് സര്‍ക്കാര്‍ ജോലിയിലുള്ള അമിതമായ ആശ്രിതത്വം കുറയും. നമ്മുടെ സംവരണമെന്നത് ഈ സര്‍ക്കാര്‍ ജോലിയുമായി മാത്രം ബന്ധപ്പെട്ടതാണല്ലോ. ആകെമാനമുള്ള ജോലി സാധ്യതയില്‍ സര്‍ക്കാര്‍ ജോലി എന്നത് വളരെ കുറവാണ്.

സംവരണത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളൊക്കെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. യഥാര്‍ഥ പ്രശ്നം സമ്പദ്വ്യവസ്ഥയുടെ വികസനമാണ്. സമ്പദ്വ്യവസ്ഥ ദ്രുതഗതിയില്‍ വികസിക്കുകയാണെങ്കില്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കും. പക്ഷേ, അപ്പോഴും ചില വിഭാഗങ്ങള്‍ ദരിദ്രരായി മാറാം. കാരണം സാങ്കേതിക വിദ്യയുടെ അതിപ്രസരം നിരവധി ആളുകള്‍ക്ക് തൊഴില്‍ നല്‍കുമ്പോള്‍ കുറച്ചുപേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ ഇടയാക്കും. അവിടെയാണ് സാമ്പത്തിക സംവരണത്തിന്റെ പ്രസക്തി. അങ്ങനെ ദരിദ്രരാകുന്നവരെ കൈപിടിച്ച് കയറ്റാനാണ് സംവരണം വേണ്ടത്. സാമ്പത്തികമായി പന്നാക്കം നില്‍ക്കുന്നത് ഏത് വിഭാഗക്കാരായാലും അവര്‍ക്ക് പിന്തുണ കൊടുക്കണം. അതാണ് യഥാര്‍ഥത്തില്‍ വേണ്ടത്.

സാമ്പത്തിക സംവരണത്തിലേക്കുള്ള ചവിട്ടുപടിയായി മാത്രമേ ജാതിയടിസ്ഥാനത്തിലുള്ള സംവരണത്തെ കാണാനൊക്കൂ. ഏറ്റവും പ്രധാനം സമ്പദ്വ്യവസ്ഥയുടെ വികസനം തന്നെയാണ്.

നിലവിലെ സംവരണ നയം അത് സ്വകാര്യമേഖലയിലേക്ക് കൂടി കൊണ്ടുവരണമെന്ന വാദം വളരെ അപകടകരമായ ഒന്നാണ്. അത് യഥാര്‍ഥത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന ഒന്നാണ്. സര്‍ക്കാര്‍ ജോലിയില്‍ സംവരണം എന്നതില്‍ ഒരുപാട് ദോഷങ്ങള്‍ ഉണ്ടാകുന്നില്ല. ജാതീയമായ ഉച്ചനീചത്വങ്ങള്‍ അനുഭവിക്കുന്നവരെ കുറച്ചുകാലത്തേക്ക് ഒന്നോ രണ്ടോ തലമുറയിലുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിക്ക് സംവരണം നല്‍കുക എന്നതാണ് ജാതി സംവരണത്തിന്റെ ഉദ്ദേശ്യം. ഒന്നോ രണ്ടോ തലമുറ കഴിഞ്ഞ് അവര്‍ മാറേണ്ടതാണ്. സംവരണം കിട്ടിയവരുടെ മക്കള്‍ക്ക് തന്നെയാണ് പിന്നെയും സംവരണം കിട്ടുന്നത് എന്നതാണ് നമ്മുടെ നാട്ടിലെ സ്ഥിതി. അതേസമയം തന്നെ ആ സമുദായത്തിലെ മറ്റ് പാവപ്പെട്ടവര്‍ക്ക് അവസരം നിഷേധിക്കപ്പെടുകയാണ്.

അതിന് പകരമായി സ്വകാര്യമേഖലയില്‍ കൂടി സംവരണം കൊണ്ടുവരിക എന്നായാല്‍ അത് നമ്മുടെ സമ്പദ്വ്യവസ്ഥയുടെ മത്സരക്ഷമതയെ കുറച്ചുകളയും. സ്വകാര്യമേഖലയെന്നത് മത്സരാധിഷ്ടിതമായ മേഖലയാണ്. ചൈനയില്‍ ഉത്പാദിപ്പിക്കുന്ന സാധനങ്ങളോടാണ് ഇന്ത്യയിലെ ഉത്പാദകര്‍ മത്സരിക്കുന്നത്. ആഗോളതലത്തിലാണ് മത്സരം വരുന്നത്. അവിടെ കാര്യക്ഷമതയ്ക്കും അറിവിനുമായിരിക്കണം പ്രാധാന്യം കൊടുക്കേണ്ടത്. അവിടെ സംവരണം കൊടുക്കുന്നതോടുകൂടി സ്വകാര്യമേഖലയുടെ കാര്യക്ഷമത കുറയ്ക്കും. അത് സമൂഹത്തിന് ആകമാനം ദോഷമാകുക മാത്രമേ ചെയ്യൂ.

Content Highlights: new ideas of government job and pension, interview


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented