തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരായ ആരോപണ പരമ്പരകള്‍ക്ക് അവസാനമില്ല. യു.ജി.സി ചട്ടം മറികടന്ന് സ്വകാര്യ സര്‍വകലാശാലയ്ക്ക് കേരളത്തില്‍ ഓഫ് ക്യാമ്പസ് അനുവദിച്ചതായതാണ് പുതിയ ആരോപണം. മുസ്ലീം ലീഗ് നേതാവ് കെ.എന്‍.എ ഖാദറാണ് ആരോപണവുമായി രംഗത്തെത്തിയത്. ബംഗളൂരു ആസ്ഥാനമായ ജെയിന്‍ സര്‍വകലാശാലയാണ് കൊച്ചിയില്‍ ഓഫ് ക്യാമ്പസ് തുടങ്ങുന്നത്. ഓഫ് ക്യാമ്പസിനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് നേരിട്ട് അനുമതി നല്‍കിയതായാണ് ആരോപണം. മന്ത്രി കെ.ടി. ജലീലിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണിതെന്ന് കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ. ആരോപിച്ചു.

യു.ജി.സി. ചട്ടങ്ങള്‍ പ്രകാരം സര്‍വകലാശാലകള്‍ക്ക് അതിന്റെ ആസ്ഥാന പരിധിക്ക് അപ്പുറം ക്യാമ്പസുകളോ പഠന കേന്ദ്രങ്ങളോ തുടങ്ങാനാവില്ല. ഇത് മറികടന്നാണ് ബാംഗ്ലൂര്‍ ആസ്ഥാനമായ ജെയിന്‍ സര്‍വകലാശാല കൊച്ചിയില്‍ ഓഫ് ക്യാമ്പസ് ആരംഭിക്കുന്നത്. ഇതിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നേരിട്ട് അനുമതി നല്‍കിയെന്നാണ് ആക്ഷേപം. 

ഇംഗ്ലണ്ടില്‍ രജിസ്ടര്‍ ചെയ്ത ISDC എന്ന സ്ഥാപനത്തിന് ഈ സംരഭത്തില്‍ പങ്കാളിത്തം നല്‍കിയതിന് പിന്നില്‍ സംശയമുണ്ടെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ഖാദര്‍  പറയുന്നു. യു.ജി.സി. ചട്ടം മറികടന്നതിന്റെ പേരില്‍ സംസ്ഥാനത്ത് തന്നെ പല ഓഫ് ക്യാമ്പസുകളും അടച്ചു പൂട്ടിയിട്ടുണ്ട്. ഇതിനിടെയാണ് സ്വകാര്യ കോര്‍പറേറ്റ് സര്‍വകലാശാലയ്ക്ക് കേന്ദ്രം തുടങ്ങാന്‍ അനുമതി നല്‍കിയത്.