എറണാകുളം: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകത്തില്‍ പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി എം.എല്‍.എയുടെ ഭാര്യയുടെ ഫെയ്‌സ്ബുക്ക്‌ പോസ്റ്റ്. സി.പി,എമ്മിന്റെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായ ജോണ്‍ ഫെര്‍ണാണ്ടസിന്റെ ഭാര്യയും മുന്‍ ഡി.വൈ.എഫ്.ഐ നേതാവുമായ ജെസ്സിയുടെ പോസ്റ്റാണ് വിവാദമാകുന്നത്. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനായ ഒരു പാര്‍ട്ടി ബന്ധു തന്നോട് നടത്തിയ സംഭാഷണത്തിലെ കാര്യങ്ങളാണ് ജസ്സി ഫെയ്സ്ബുക്കില്‍ കുറിച്ചത്. അഭിമന്യുവിന്റെ കൊലപാതകത്തില്‍ എസ്.ഡി.പി.ഐ യെ സഹായിക്കുന്നത് സി.പി.എം ആണെന്നും പോസ്റ്റില്‍ പറയുന്നു. എന്നാല്‍ പോസ്റ്റ് ചര്‍ച്ചയായതിനെ തുടര്‍ന്ന് ജെസ്സി പോസ്റ്റ് പിന്‍വലിച്ചു. 

പശ്ചിമ കൊച്ചിയില്‍ നടക്കുന്ന വര്‍ഗീയ പീഡനം അവസാനിപ്പിക്കാന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കൂടിയായ ജോണ്‍ ഫെര്‍ണാണ്ടസ് എന്തുകൊണ്ട് തയ്യാറാവുന്നില്ലെന്ന് വിളിച്ചയാള്‍ ചോദിച്ചതായി ജെസ്സി പോസ്റ്റില്‍ പറയുന്നു. അമരാവതി സര്‍ക്കാര്‍ സ്‌കൂളിന്റെ ഭൂമി കയ്യേറാന്‍ ചിലര്‍ ഒത്താശ ചെയ്തു. ഇതിന് പിന്നില്‍ വലിയ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്ന് വിളിച്ചയാള്‍ പറഞ്ഞു. പാര്‍ട്ടിക്കാര്‍ ആരും അങ്ങനെ ചെയ്യില്ലെന്ന് താന്‍ മറുപടി പറഞ്ഞാതായും ജെസ്സി പറയുന്നു. പിന്നീടാണ് അഭിമന്യുവിന്റെ വധത്തെക്കുറിച്ച് വിളിച്ചാള്‍ പറയുന്നത്. എസ്.ഡി.പി.ഐ ക്കാരെ സഹായിക്കുന്നത് പാര്‍ട്ടിക്കരാണെന്ന് വിളിച്ചയാള്‍ പറഞ്ഞു.  പാര്‍ട്ടിയില്‍ നുഴഞ്ഞു കയറിയതായി ചിലരുടെ പേരുകളും അയാള്‍ വ്യക്തമാക്കി. പ്രതിഫലമായി സാമ്പത്തിക സഹായത്തിന്റെ ലക്ഷത്തിന്റെ കണക്കും. ചിലര്‍ പകല്‍ സി.പി.എം, രാത്രിയില്‍ ചിലര്‍ എസ്.ഡി.പി.ഐ ചിലര്‍ ആര്‍.എസ്.എസ് എന്നും വിളിച്ചയാള്‍ പറഞ്ഞു. 

അഭിമന്യുവിനെ കൊന്നവര്‍ക്ക് എല്ലാ സഹായങ്ങളും ഒരുക്കിയത് ഇവരാണ്. തോപ്പുംപടിയില്‍ വന്നിറങ്ങിയ കൊലയാളികള്‍ക്ക് ആരുടെ സഹായമാണ് ലഭിച്ചതെന്ന് പാര്‍ട്ടി പരിശോധിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഇതൊക്കെ നിര്‍ത്തിക്കാന്‍ ഇവരുടെ ഓശാരം പറ്റാത്ത സഖാവ് ജോണ്‍ ഫെര്‍ണാണ്ടസ് മുന്‍കൈ എടുക്കണമെന്ന് വിളിച്ചയാള്‍ ആവശ്യപ്പെട്ടെന്നും ജെസ്സി ഫെയിസ്ബുക്കില്‍ കുറിച്ചു. 

അഭിമന്യുവിന്റെ കൊലപാതകവുമായി അറസ്റ്റിലായവരില്‍ മൂന്ന് പേര്‍ മട്ടാഞ്ചേരി-ഫോര്‍ട്ട്‌കൊച്ചി മേഖലകളില്‍ നിന്ന് ഉള്ളവരായിരുന്നു. പ്രതികളില്‍ ചിലര്‍ തോപ്പുംപടിയില്‍ എത്തിയ ശേഷം രക്ഷപ്പെട്ടതായും സൂചനകളുണ്ടായിരുന്നു. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കെ പാര്‍ട്ടി എം.എല്‍.എയുടെ ഭാര്യയുടെ ഫെയ്‌സ്ബുക്ക്‌ പോസ്റ്റ് വന്‍ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്. ഇതിനെ തുടര്‍ന്ന് ജെസ്സി പോസ്റ്റ് പിന്‍വലിച്ചു. തുടര്‍ന്ന് പോസ്റ്റ് ചെയ്ത വിശദീകരണത്തില്‍ കൊലയാളി സംഘത്തിന് പാര്‍ട്ടി ബന്ധമുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും തെറ്റായി വ്യാഖ്യാനിച്ച് മുതലെടുപ്പ് നടത്തേണ്ടെന്നും ജെസ്സി കുറിച്ചു. ജോണ്‍ ഫെര്‍ണാണ്ടസ് ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.