പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിലും മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ കാറുകള്‍ വാങ്ങി സര്‍ക്കാര്‍. എട്ട് ഇന്നോവ ക്രിസ്റ്റ കാറുകളാണ് വാങ്ങിയത്. നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ഇതേവിഭാഗത്തിലുള്ള കാര്‍ വാങ്ങിയിരുന്നു. അതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് വീണ്ടും കാറുകള്‍ വാങ്ങുന്നത്.
പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, കൃഷിമന്ത്രി പി. പ്രസാദ്, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ എന്നിവര്‍ക്കായാണ് കാറുകള്‍ വാങ്ങുന്നത്. ഇതിനൊപ്പം ചിഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങിയിട്ടുണ്ട്.
2021 മേയില്‍ മന്ത്രിമാര്‍ക്കനുവദിച്ച ഔദ്യോഗികവാഹനങ്ങള്‍ ഒരുലക്ഷം മുതല്‍ 1.5 ലക്ഷം കിലോമീറ്റര്‍വരെയാണ് ഓടിയത്. ഇത് പരിഗണിച്ചാണ് പുതിയ കാറുകള്‍ വാങ്ങുന്നതെന്നാണ് വിശദീകരണം. മന്ത്രി മുഹമ്മദ് റിയാസിന് കീഴിലുള്ള ടൂറിസം വകുപ്പിനാണ് ഔദ്യോഗിക വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള ചുമതലയുള്ളത്. ധനമന്ത്രി ബാലഗോപാല്‍ ഒഴികെ എല്ലാവരും പുതിയ വാഹനം ടൂറിസം വകുപ്പില്‍നിന്ന് ഏറ്റുവാങ്ങി.
ബജറ്റ് അവതരണത്തിന് ശേഷമേ ബാലഗോപാല്‍ വാഹനം കൈപ്പറ്റുകയുള്ളൂ. അതേസമയം, പുതിയ വാഹനം വാങ്ങിയെങ്കിലും മുഹമ്മദ് റിയാസ് പഴയ കാര്‍ നിലനിര്‍ത്തും. പഴയവാഹനം കോഴിക്കോട് ജില്ലയിലെ യാത്രയ്ക്കായി മാത്രം ഉപയോഗിക്കുമെന്നാണ് വിവരം.
പുതിയ വാഹനം വാങ്ങിയതിനൊപ്പം പ്രതിപക്ഷ നേതാവിന് വേണ്ടിയും കാര്‍ വാങ്ങിയത് യുഡിഎഫ് കേന്ദ്രങ്ങളില്‍ എതിര്‍പ്പുയര്‍ത്തിയിരുന്നു. ധനസ്ഥിതി വിവരിക്കുന്ന ധവളപത്രം യു.ഡി.എഫ്. പുറത്തിറക്കിയ അന്നുതന്നെ പ്രതിപക്ഷനേതാവിനു പുതിയ കാര്‍ വന്നതാണ് വിമര്‍ശനമുയരാന്‍ കാരണമായത്. ധവളപത്രത്തില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിക്കിടെ പുതിയ വാഹനങ്ങള്‍ വാങ്ങിക്കൂട്ടുന്നതിനെതിരെ വിമര്‍ശനമുണ്ടായിരുന്നു.
എന്നാല്‍, മുന്‍പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉപയോഗിച്ചിരുന്ന വാഹനമാണു സതീശന്‍ ഉപയോഗിച്ചിരുന്നതെന്നും അത് രണ്ടരലക്ഷം കിലോമീറ്ററിലധികം ഓടിയെന്നുമായിരുന്നു അദ്ദേഹവുമായി ബന്ധപ്പെട്ടവരുടെ വാദം.
Content Highlights: New cars for ministers and chief secretary amid financial crisis
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..