കോട്ടയം: ഏറ്റമാനൂരില്‍ പിഞ്ചു കുഞ്ഞിന്റെ മൃതദേഹത്തോട് അവഗണന. സംസ്‌കാരത്തിനു സ്ഥലം വിട്ടു നല്‍കാതെ ഏറ്റുമാനൂര്‍ നഗരസഭ. പോലീസ് ഇടപെട്ടപ്പോള്‍ സ്ഥലം നല്‍കാന്‍ സമ്മതിച്ചുവെങ്കിലും സംസ്‌കാരത്തിന് നഗരസഭ ജീവനക്കാരെ വിട്ടു നല്‍കിയില്ല. എസ്‌ഐയുടെ നേതൃത്വത്തിൽ പോലീസുകാര്‍ കുഴിയെടുത്താണ് മൃതദേഹം സംസ്‌കരിച്ചത്. നഗരസഭയുടെ നിസ്സഹകരണം മൂലം സംസ്കാരം വൈകിയത് 36 മണിക്കൂർ.

ഇന്നലെ ഉച്ചയോടെയാണ് പ്രസവത്തിലെ സങ്കീര്‍ണ്ണതകളെ തുടര്‍ന്ന് വേദഗിരി ഭാഗത്ത് താമസിക്കുന്ന യുവതിയുടെ കുഞ്ഞ് മരിക്കുന്നത്.  തുടര്‍ന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാനായി പൊതുശ്മശാനത്തില്‍ എത്തിച്ചെങ്കിലും ഇടമില്ലെന്നായിരുന്നു ഏറ്റുമാനൂര്‍ നഗരസഭയുടെ നിലപാട്. 

"അന്നേ ദിവസം തന്നെ കുഞ്ഞിന്റെ മൃതദേഹം മറവ് ചെയ്യാനുള്ള അപേക്ഷ ഏറ്റുമാനൂര്‍ നഗരസഭയ്ക്ക് പോലീസ് നല്‍കിയിരുന്നു. എന്നാല്‍ നഗരസഭ നടപടി സ്വീകരിച്ചില്ല.  അതിരമ്പുഴ പഞ്ചായത്തിനു കീഴിലാണ് വരിക എന്ന പറഞ്ഞു അപേക്ഷ തിരിച്ചയച്ചു. അതിരമ്പുഴ പഞ്ചായത്തില്‍ നിന്നും കത്ത് വാങ്ങി ഏറ്റുമാനൂര്‍ നഗരസഭയ്ക്ക് നല്‍കിയെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് നടപടി വൈകിപ്പിച്ചു. അവസാനം ഇന്ന് ഒരു മണിയോടു കൂടി തെരളകത്തെ ശ്മശാനത്തില്‍ ഭൂമി വിട്ടുതരാമെന്ന പറഞ്ഞു. ഒരു മണിക്ക് ഭൂമി തരാമെന്ന് പറഞ്ഞെങ്കെിലും മറവ് ചെയ്യാനാളെയോ ആവശ്യമായ സഹായമോ നഗരസഭ നല്‍കിയില്ല." പോലീസ് പറയുന്നു.

ഇതോടെയാണ് എസ് ഐയുടെ നേതൃത്വത്തിൽ പോലീസ് കുഴിവെട്ടി മൃതദേഹം സംസ്‌കരിച്ചത്. ശ്മശാനത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. അതിനാല്‍ താത്കാലിക ശ്മശാനത്തില്‍ സംസ്‌കരിക്കാനാണ് അനുമതി നല്‍കിയത്. മാനുഷിക പരിഗണന വെച്ചാണ് പ്രദേശവാസികളുടെ എതിര്‍പ്പുണ്ടായിട്ടും മൃതദേഹം സംസ്‌കരിക്കാന്‍ അനുമതി നല്‍കിയതെന്നാണ് നഗരസഭയുടെ ഭാഷ്യം.

content highlights: new born baby death and cremation issue in Ettumanoor