അഡ്വ. സൈബി ജോസ് | Photo: Screengrab/Mathrubhumi News, Facebook/Adv. Saiby Jose Kidangoor
കൊച്ചി: ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണം നേരിടുന്ന സൈബി ജോസിനെതിരേ വീണ്ടും ആരോപണങ്ങള്‍. പത്ത് വര്‍ഷം മുന്‍പ് സൈബി ഹാജരായ വിവാഹമോചന കേസിലെ എതിര്‍കക്ഷിയാണ് പുതിയ ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. തങ്ങള്‍ക്കെതിരേയുള്ള ക്രിമിനല്‍ കേസ് പിന്‍വലിക്കാമെന്ന് വാഗ്ദാനം ചെയ്ത് സൈബി അഞ്ച് ലക്ഷം രൂപ വാങ്ങിയെന്നാണ് കോതമംഗലം സ്വദേശി ബേസില്‍ ജെയിംസ് ആരോപിക്കുന്നത്.
അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടത് പ്രകാരം പണം ഡിവൈന്‍ നഗറിലുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ കൊണ്ടുകൊടുത്തതായി ബേസില്‍ ജെയിംസ് പറയുന്നു. എന്നാല്‍ കുടുംബ കോടതിയിലുള്ള തന്റെ കേസ് പിന്‍വലിച്ചിട്ടില്ല. കേസില്‍ നിന്ന് മാറിയതായാണ് പിന്നെ അറിഞ്ഞത്. ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പ്രതികരണമൊന്നുമില്ല. സംഭവുമായി ബന്ധപ്പെട്ട് സൈബി ഭീഷണിപ്പെടുത്തിയതായി ബേസിലിന്റെ പിതാവ് ജെയിംസ് ജോണും പ്രതികരിച്ചു. കോടതിയില്‍ ഹാജരാവാന്‍ സമ്മതിക്കില്ല, കയ്യും കാലും തല്ലിയൊടിക്കുമെന്നായിരുന്നു ഭീഷണിയെന്നും അദ്ദേഹം പറഞ്ഞു.
സൈബിക്കെതിരേ 2013-ല്‍ ബാര്‍ കൗണ്‍സിലില്‍ പരാതി എത്തിയിരുന്നെങ്കിലും തനിക്കെതിരേയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്നും പിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടെന്നും സൈബി ബാര്‍ കൗണ്‍സിലില്‍ വ്യക്തമാക്കി. തുടര്‍ന്ന് 2015-ല്‍ ഈ കേസ് അവസാനിപ്പിച്ചു. എന്നാല്‍ ഇത് പരാതിക്കാരെ അറിയിട്ടില്ലെന്നും ആരോപണമുണ്ട്.
അതിനിടെ ജഡ്ജിമാര്‍ക്ക് കോഴ നല്‍കാനെന്ന പേരില്‍ പണം വാങ്ങിയ സംഭവത്തില്‍ എഫ് ഐ ആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് സൈബി ജോസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസിലെ തുടര്‍നടപടികള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണാവശ്യം. സംസ്ഥാന പൊലീസ് മേധാവിയെ എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി. ഹര്‍ജി തിങ്കളാഴ്ച ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ച് പരിഗണിക്കും.
പണം കൊടുത്തതായി കക്ഷികളാരും പറഞ്ഞിട്ടില്ല. അതിനാല്‍ അഴിമതി നിരോധന നിയമം വകുപ്പ് 7 (എ), ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 420 എന്നിവ പ്രകാരമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. കേസില്‍ പരാതിക്കാരോ തെളിവുകളോ ഇല്ലെന്നും ഹര്‍ജിയില്‍ വിശദീകരിക്കുന്നു. ഡിജിപി അനുമതി നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അഡ്വ. സൈബിക്കെതിരെ കേസെടുത്തത്.
Content Highlights: new allegations against advocate saibi jose
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..