തിരുവനന്തപുരം: സംസ്ഥാനവും കേന്ദ്രവും തമ്മില്‍ ഏറ്റുമുട്ടിയ വിഷയങ്ങളിലൊന്നാണ് തിരുവനന്തപുരം വിമാനത്താവളം. ഇതിന്റെ നടത്തിപ്പ് അവകാശം അദാനിക്ക് വിട്ടുകൊടുത്തതുമായി ബന്ധപ്പെട്ടുള്ള അസ്വാരസ്യങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല.  ഇതിനിടെ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയും കൂടുതല്‍ ലാഭം നേടാനും തിരുവനന്തപുരം ജില്ലയില്‍ തന്നെ മറ്റൊരു വിമാനത്താവളം കൂടി നിര്‍മിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ പരക്കുകയാണ്.

വിമാനത്താവള നടത്തിപ്പ് ഏറ്റെടുത്താല്‍ പോലും കൂടുതല്‍ യാത്രക്കാര്‍ വന്നാല്‍ മാത്രമേ അദാനിക്ക് ഇതില്‍ നിന്ന് ലാഭമുണ്ടാക്കാനാകു. എന്നാല്‍ കൂടുതല്‍ യാത്രക്കാരെത്തുമ്പോള്‍ അതിനനുസരിച്ച് വിമാനത്താവളത്തില്‍ അടിസ്ഥാന സൗകര്യങ്ങളും ടെര്‍മിനലുകളുടെ സൗകര്യങ്ങളും വര്‍ധിപ്പിക്കണം. 

നിലവിലെ സാഹചര്യത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിമാനത്താവളത്തിന് ആവശ്യമായ ഭൂമി ലഭിക്കുക എന്നത് ദുഷ്‌കരമാണ്. തിരുവനന്തപുരം നഗരത്തില്‍ തന്നെ സ്ഥിതി ചെയ്യുന്നതിനാല്‍ സ്ഥലമേറ്റെടുപ്പ് പ്രശ്നമായി മാറും. ഇതിന് പുറമെയാണ് സുരക്ഷാ കാരണങ്ങള്‍ കൊണ്ടുള്ള ഭീഷണിയും. 

വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കുന്നതിന് മുമ്പ് അദാനി ഗ്രൂപ്പിന്റെ പ്രത്യേക സംഘം തലസ്ഥാനത്തെത്തിയിരുന്നു. ഇവര്‍ നടത്തിയ പഠന റിപ്പോര്‍ട്ടില്‍ രണ്ടാം വിമാനത്താവളത്തെപറ്റി പരാമര്‍ശിക്കുന്നുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അദാനി ഗ്രൂപ്പ് പുതിയ വിമാനത്താവളത്തിന്റെ സാധ്യതയും അതിന് അനുയോജ്യമായ സ്ഥലവും കണ്ടെത്താന്‍ സ്വകാര്യ ഏജന്‍സിയെ ചുമതലപ്പെടുത്തിയിരുന്നുവെന്നാണ് വിവരം.

കുറഞ്ഞത് 2000 ഏക്കര്‍ ഭൂമിയെങ്കിലും വിമാനത്താവളത്തിനായി വേണ്ടിവരും. ഇതിനായുള്ള പദ്ധതി തയ്യാറാക്കാനാണ് അദാനി ഗ്രൂപ്പ് ശ്രമിക്കുന്നത്. 

തലസ്ഥാനത്ത് രണ്ടാം വിമാനത്താവളം എന്നത് ദീര്‍ഘകാലമായുള്ള ആവശ്യമാണ്. 2010 മുതല്‍ തന്നെ ഇത്തരമൊരാവശ്യം നിലനിന്നിരുന്നു. അന്തരിച്ച ഗുരുപ്രസാദ് മഹാപത്ര എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ ആയിരുന്ന സമയത്ത് ഇക്കാര്യം ആവശ്യപ്പെട്ട് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചില സംഘടനകള്‍ അദ്ദേഹത്തിന് നിവേദനം നല്‍കിയിരുന്നു.

അന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അനുകൂലമായ നിലപാടായിരുന്നു. എന്നാല്‍ തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാന്‍ കേന്ദ്രം തീരുമാനിച്ചതോടെ സര്‍ക്കാര്‍ മെല്ലെ പിന്മാറി. പുതിയ വിമാനത്താവളം വന്നാലും രണ്ടാമത്തേത് നിലവിലെ വിമാനത്താവളത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും. അതിനാല്‍ തന്നെ നിലവിലെ നടത്തിപ്പ് കരാര്‍ പ്രകാരം അതും അദാനിയുടെ കൈവശമെത്തുമെന്നതാണ് കാരണം.

എന്നാല്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി എയര്‍പോര്‍ട്ട് അതോറിറ്റിയെ കൊണ്ട് വിമാനത്താവളം നിര്‍മിക്കാന്‍ ശ്രമിച്ചാലും സ്ഥലം ഏറ്റെടുത്ത് നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. നിലവിലെ സാഹചര്യത്തില്‍ അത് സംഭവിക്കാന്‍ സാധ്യതയില്ല. രണ്ടാം വിമാനത്താവളത്തിനായി മുമ്പ് ശ്രമം നടത്തിയപ്പോള്‍ കാട്ടാക്കട, പാറശ്ശാല, നാവായിക്കുളം എന്നിവിടങ്ങളില്‍ വിമാനത്താവളത്തിന് അനുയോജ്യമായ സ്ഥലങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ നിലവിലെ അവസ്ഥ എപ്രകാരമെന്ന് വ്യക്തമല്ല.