വി.മുരളീധരൻ | Photo:ANI
ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ.ടി ജലീലിന്റെ രാജിയ്ക്ക് കാരണമായ ബന്ധുനിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്നും അദ്ദേഹത്തിന്റെ പങ്ക് വ്യക്തമാക്കാന്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബന്ധുനിയമനത്തില്‍ കെ.ടി ജലിലിന് മാത്രമല്ല മുഖ്യമന്ത്രിയ്ക്കും ഉത്തരവാദിത്വമുണ്ടെന്ന് വ്യക്തമായതിന് ശേഷം ധാര്‍മ്മിക ഉത്തരവാദിത്വത്തിന്റെ പേരില്‍ ജലീല്‍ രാജിവെച്ചിട്ടും മുഖ്യമന്ത്രി എന്തുകൊണ്ട് രാജിവയ്ക്കുന്നില്ല. നിയമവേദികളില്‍ മുഖ്യമന്ത്രി മറുപടി പറയേണ്ടിവരുമെന്നും മുരളീധരന്‍.
ആരോപണങ്ങളില്‍ മുഖ്യമന്ത്രി ഇതുവരെ മറുപടി പറഞ്ഞില്ലെന്നും മൗനം തുടരുകയാണെന്നും മുരളീധരന്‍ വ്യക്തമാക്കി.
ജലീലിനോട് മുഖ്യമന്ത്രിയ്ക്കുണ്ടായിരുന്ന പ്രത്യേക വാത്സല്യത്തെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചുമൊക്കെ ജലീല്‍ വ്യക്തമാക്കിയിരുന്നു. തന്റെ മന്ത്രിസഭയിലെ ഒരു മന്ത്രി രാജിവയ്‌ക്കേണ്ടിവന്ന സാഹചര്യം എന്താണ് എന്നതിനെപ്പറ്റി മുഖ്യമന്ത്രി എന്തുകൊണ്ട് മൗനം പാലിക്കുന്നു.
ജലീല്‍ കുറ്റവാളിയാണെന്ന് പറഞ്ഞാല്‍ മുഖ്യമന്ത്രി കൂടി കുടുങ്ങും അതുകൊണ്ടല്ലേ അങ്ങനെയൊരു നിലപാട് എടുത്തത്. എന്തുകൊണ്ടാണ് ജലീലിനെതിരായ ആരോപണം വിജിലന്‍സ് അന്വേഷിക്കേണ്ട എന്ന നിലപാട് എടുത്തു. എന്നാല്‍ സമാന ആരോപണം വന്നപ്പോള്‍ ജയരാജന് എതിരെ വിജിലന്‍സ് അന്വേഷണം നടന്നു. ഇത് മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെടാതിരിക്കാനാണെന്നും മുരളീധരന്‍ ആരോപിച്ചു.
Content Highlight: Nepotism row; V Muraleedharan against CM Pinarayi Vijayan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..