കോഴിക്കോട്: ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജറായി മന്ത്രി കെ.ടി. ജലീലിന്റെ ബന്ധുവിനെ നിയമിച്ചതില്‍ ആക്ഷേപം ഉയരുന്നത് ഒഴിവാക്കാന്‍ മറ്റ് അപേക്ഷകര്‍ക്കും കോര്‍പ്പറേഷനില്‍ ജോലി നല്‍കിയതായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്.

യോഗ്യത ഇല്ലെന്നുപറഞ്ഞ് ഒഴിവാക്കിയ രണ്ട് അപേക്ഷകരെ ഇതിനോടകം കോര്‍പ്പറേഷന്റെ റീജ്യണല്‍ ഓഫീസുകളില്‍ ഡെപ്യൂട്ടി മാനേജര്‍ തസ്തികയില്‍ നിയമിച്ചു. മന്ത്രി ബന്ധുവായ അദീബിന് ജനറല്‍ മാനേജറാക്കിയതില്‍ ആക്ഷേപം ഉയരാതിരിക്കാന്‍ മന്ത്രി തന്നെ ഇടപെട്ട് നടത്തിയ നിയമനങ്ങളാണ് ഇവയെന്നും പി.കെ. ഫിറോസ് മാധ്യമങ്ങളോട് പറഞ്ഞു.

കോഴിക്കോട്ടെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ മാനേജിങ് ഡയറക്ടറെ സന്ദര്‍ശിച്ച് രേഖകള്‍ പരിശോധിച്ച ശേഷമാണ് ഫിറോസ് ഇക്കാര്യം പറഞ്ഞത്. മോഹനന്‍ പി എന്ന അപേക്ഷകനെ തിരുവനന്തപുരത്തും. അനസ് എന്നയാളെ കാസര്‍കോടും റീജ്യണല്‍ ഓഫീസുകളില്‍ ഡെപ്യൂട്ടി മാനേജര്‍മാരായി നിയമിച്ചു. ഇവരെ വിളിച്ച് വരുത്തി അഭിമുഖം നടത്തി ജോലി നല്‍കുകയാണ് ഉണ്ടായതെന്ന് എംഡി പറഞ്ഞതായി ഫിറോസ് വ്യക്തമാക്കി.

അദീബിന്റെ ബയോഡാറ്റയും മറ്റു രേഖകളും പരിശോധിച്ചത് കോര്‍പ്പറേഷന്‍ എംഡിയും ചെയര്‍മാനുമാണ്. വിദഗ്ദ്ധസമിതിയാണ് രേഖകള്‍ പരിശോധിക്കേണ്ടത് എന്നാണ് സര്‍ക്കാരിന്റെ ഉത്തരവിലുള്ളത്. ഇത് ലംഘിക്കപ്പെട്ടു. സഹീര്‍ കാലടി എന്ന അപേക്ഷകന്‍ എംബിഎക്ക് തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തതിനാലാണ് യോഗ്യതയില്ലെന്ന് കോര്‍പ്പറേഷന്‍ പറഞ്ഞത്. എന്നാല്‍ പി.ജി.ഡി.ബി.എയുടെ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെയാണ് അദീബിന് നിയമനം നല്‍കിയെന്നും ഫിറോസ് ആരോപിച്ചു.